ലണ്ടൻ: ബ്രിട്ടനിൽ കടുത്ത വംശീയ വാദവുമായി വിദേശികൾക്കെതിരേ ആക്രമണം അഴിച്ചുവിട്ടിരുന്ന വലതുപക്ഷ തീവ്ര ദേശീയ വാദികൾ വീണ്ടും തലപൊക്കുകയാണോ? നോട്ടിങ്ങാമിൽ ഈജിപ്ഷ്യൻ വംശജയായ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിനിയെ പെൺകുട്ടികളുടെ സംഘം മർദിച്ചുകൊന്നു. വംശീയാക്രമണമാണ് ഉണ്ടായതെന്ന് കൊലപ്പെട്ട 18-കാരി മറിയം മുസ്തഫയുടെ കുടുംബം ആരോപിച്ചു. മറിയത്തിന്റെ സഹോദരിക്കുനേരെയും ഇതേ സംഘം മുമ്പ് ആക്രമണം നടത്തിയിരുന്നു.

പത്തംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ഫെബ്രുവരി 20-നാണ് മറിയത്തിന് മർദനമേറ്റത്. ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവതി കഴിഞ്ഞദിവസം മരിച്ചു. ഇതേ സംഘം മറിയത്തെ തെരുവിൽവെച്ച് നാലുമാസം മുമ്പും അധിക്ഷേപിച്ചിരുന്നതായും കുടുംബം ആരോപിച്ചു. ഇതേക്കുറിച്ച് പരാതിപ്പെട്ടിട്ടും നോട്ടിങ്ങാം പൊലീസ് നടപടിയെടുത്തില്ലെന്നും അവർ പറയുന്നു. മറിയത്തിന്റെ സഹോദരി മലേക്കിനും ഇവരുടെ മർദനമേറ്റിരുന്നു.

എന്നാൽ, മറിയത്തിനുനേർക്കുണ്ടായ ആക്രമണം വംശീയ വിദ്വേഷത്തിന്റെ പേരിലാണെന്ന് കരുതുന്നില്ലെന്ന നിലപാടിലാണ് നോട്ടിങ്ങാം പൊലീസ് ഇപ്പോഴും. നോട്ടിങ്ങാം സിറ്റി സെന്ററിൽ ഷോപ്പിങ് കഴിഞ്ഞ് മടങ്ങവെ, പാർലമെന്റ് സ്ട്രീറ്റിൽവച്ചാണ് ഇവർക്കുനേരെ ആക്രമണമുണ്ടായത്. നോട്ടിങ്ങാം സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതുമുതൽ മറിയത്തിന് ബോധമുണ്ടായിരുന്നില്ല. ബുധനാഴ്ചയാണ് മരിച്ചത്.

ഈജിപ്ഷ്യൻ മാധ്യമങ്ങളും ബ്രിട്ടനിലെ ഈജിപ്തുകാരും സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. നാലുമാസം മുമ്പും ഇതേ സംഘത്തിൽപ്പെട്ട രണ്ടുപേർ മറിയത്തെയും സഹോദരിയെയും ആക്രമിച്ചിരുന്നു. സഹോദരിയുടെ ഒരുകാലൊടിയുകയും ചെയ്തു. എന്നിട്ടും പൊലീസ് സംഭവത്തോട് നിസംഗതയാണ് പുലർത്തിയതെന്ന് മാധ്യമങ്ങൾ പറയുന്നു. പൊലീസിന്റെ നിസംഗതയാണ് മറിയത്തിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് അവർ വിമർശിക്കുന്നു.

സിറ്റി സെന്ററിൽനിന്ന് ഒറ്റയ്ക്ക് നടന്നുവരവെയാണ് ഇക്കുറി മറിയത്തിനുനേർക്ക് ആക്രമണമുണ്ടായത്. കൂട്ടം ചേർന്ന് ആക്രമിക്കുകയും തെരുവിലൂടെ വലിച്ചിഴക്കുകയും ചെയ്തു. മരിച്ചുവെന്ന് കരുതിയാണ് മറിയത്തെ അവർ ഉപേക്ഷിച്ചുപോയതെന്നും ബന്ധുക്കൾ പറഞ്ഞു. നാലുമാസം മുമ്പത്തെ ആക്രമണത്തിൽ പൊലീസ് നടപടിയെടുത്തിരുന്നെങ്കിൽ മറിയം ഇന്നും സന്തോഷത്തോടെ ജീവിച്ചിരിക്കുമായിരുന്നുവെന്ന് അമ്മാവൻ ആമിർ എൽ ഹരീരി പറഞ്ഞു.