സിഡ്‌നി: ഓസീസ് വനിതാ ക്രിക്കറ്റ് ടീമിലെ സ്വവർഗ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. ഓസീസ് വനിതാ ടീം ഉപനായിക റെയ്ച്ചൽ ഹെയ്ൻസിനും ജീവിത പങ്കാളിയും ഓസീസ് ടീം അംഗവുമായ ലീ പോൾട്ടിനുമാണ് കുഞ്ഞു പിറന്നത്. കുഞ്ഞിന് ഹ്യൂഹോ പോൾട്ടൻ ഹെയ്ൻസ് എന്ന് പേരിട്ടതായി ഹെയ്ൻസ് ട്വീറ്റ് ചെയ്തു.

ഇന്ത്യയ്ക്കെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിൽ പരിക്കുമൂലം കളിക്കാനാകാതെ പോയതിന്റെ നിരാശയിൽ കഴിയവെയാണ് കുഞ്ഞു പിറന്നതിന്റെ ആഹ്ലാദം റെയ്ച്ചൽ ഹെയ്ൻസ് പങ്കുവച്ചത്.

സ്വവർഗ വിവാഹത്തിലൂടെ വാർത്തകളിൽ ഇടംപിടിച്ച റെയ്ച്ചൽ ഹെയ്ൻസിനും ഓസ്‌ട്രേലിയൻ താരമായ ജീവിത പങ്കാളി ലീ പോൾട്ടനുമാണ് കഴിഞ്ഞ ദിവസം കുഞ്ഞുപിറന്നത്.

ഇന്ത്യയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ അംഗമായിരുന്ന ഹെയ്ൻസിന്, ഏകദിന പരമ്പരയ്ക്കിടെ സംഭവിച്ച പരുക്കാണ് വിനയായത്. പരുക്കുമൂലം കളിക്കാനാകില്ലെന്ന് ഉറപ്പായതോടെ ഹെയ്ൻസ് സിഡ്‌നിയിലേക്കു മടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഹെയ്ൻസിന്റെ പങ്കാളി ലീ പോൾട്ടൻ കുഞ്ഞിനു ജന്മം നൽകിയത്.

'ഇന്ത്യയ്ക്കെതിരായ ടെസ്റ്റിൽ കളിക്കാനാകാത്തതിന്റെ നിരാശയ്ക്കിടെ ജീവിതത്തിലേക്ക് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുന്നു. ഈ ലോകത്തിലേക്ക് പുതിയ അതിഥിയായി ഹ്യൂഗോ പോൾട്ടൻ ഹെയ്ൻസിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു. ഞങ്ങളുടെ ലോകം കുറച്ചുകൂടി പ്രകാശപൂരിതമായി' ഹെയ്ൻസ് ട്വിറ്ററിൽ കുറിച്ചു.

സ്വവർഗ വിവാഹത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ പുതുചരിത്രമെഴുതിയ ഓസ്‌ട്രേലിയൻ പേസ് ബോളർ മേഗൻ ഷൂട്ടിനും ജീവിത പങ്കാളി ജെസ് ഹോളിയോകെയ്ക്കും ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കുഞ്ഞു പിറന്നിരുന്നു. 2019 മാർച്ചിലാണ് മേഗൻ ഷൂട്ടും ജെസ്സും വിവാഹിതരായത്.

ന്യൂസീലൻഡ് ക്രിക്കറ്റിലെ സ്വവർഗ ദമ്പതികളായ ആമി സാറ്റർത്വൈറ്റ് ലീ തഹൂഹു എന്നിവരും കുഞ്ഞു പിറന്ന സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ജനുവരി 13നാണ് ഇരുവർക്കും കുഞ്ഞു പിറന്നത്. ദമ്പതികളിലെ ലീ തഹൂഹുവാണ് കുഞ്ഞു ജനിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.