ഹൈദരാബാദ്: പ്രണയനൈരാശ്യം മൂലം ആത്മഹത്യക്ക് ശ്രമിച്ച സംവിധായകനും നടനുമായ ഹുച്ച വെങ്കട്ടിനെതിരെ രൂക്ഷ വിമർശനവുമായ സഹതാരം രചന. താനും വെങ്കട്ടും തമ്മിൽ പ്രണയമില്ലെന്ന നിലപാടിൽ ഉറച്ചു നിൽകുകകയാണ് രചന.

ഒരു റിയാലിറ്റി ഷോയിൽ അയാളുടെ ജോഡി ആയെന്നല്ലാതെ താൻ മറ്റൊന്നും ചെയ്തിട്ടില്ലെന്നും രചന വ്യക്തമാക്കിയിരുന്നു. വിവാഹാഭ്യർഥനയുമായി വെങ്കട്ട് തന്റെ പിറകെ നടന്നുവെന്നും രചന കൂട്ടിച്ചേർത്തു. ആരോഗ്യനില മെച്ചപ്പെട്ട വെങ്കട്ട് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രചന പറഞ്ഞതത്രയും കള്ളക്കഥയാണെന്ന് പറഞ്ഞു.

രചന, നീ അയച്ച മെസേജ് നോക്ക്. അത് നീ വിശദീകരിക്കണം. എല്ലാത്തിനും സാക്ഷിയുണ്ട്. എന്റെ അച്ഛൻ സാക്ഷിയാണ്. നീ പറഞ്ഞ കാര്യമേ ഞാൻ പറയുന്നുള്ളൂ. എനിക്ക് ഇപ്പോഴും നിന്നെ ഇഷ്ടമാണ്. നമ്മൾ തമ്മിൽ ഒന്നും ഇല്ലായിരുന്നുവെന്ന് മാത്രം പറയരുത്- വെങ്കട്ട് പറഞ്ഞു. തുടർന്ന് രചന വളരെ ക്ഷുഭിതയായാണ് വെങ്കട്ടിനോട് പ്രതികരിച്ചത്.

വെങ്കട്ട് ഞാൻ നിന്നെ പ്രേമിച്ചിട്ടില്ല. എപ്പോഴാണ് ഞാൻ നിന്നോട് ഐ ലവ് യു പറഞ്ഞത്. ഞാൻ നിന്റെ കൂടെ ഷോയിൽ പങ്കെടുത്തത് നിന്റെ മനസ്സിൽ അത്തരത്തിലുള്ള ഒരു ചിന്തയില്ലെന്ന് കരുതിയാണ്. അതൊരു റിയാലിറ്റി ഷോയാണ് വെങ്കട്ട്, ജീവിതമല്ല. ഷോയും ജീവിതവും തമ്മിലുള്ള വ്യത്യാസം നിനക്കറിയില്ലേ..? -രചന പറയുന്നു.