പുതുവർഷപ്പുലരിയിൽ തങ്ങൾക്ക് ജനിച്ച കടിഞ്ഞൂൽ സന്തതിയുടെ ഫോട്ടോ ഫേസ്‌ബുക്കിലിട്ടായിരുന്നു ഓസ്ട്രിയയിലെ മുസ്ലിം ദമ്പതികളായ നെയ്‌മെയും ആൽപെർ ടാംഗയും ആഘോഷിച്ചിരുന്നത്. എന്നാൽ അത് രാജ്യത്തെ പിടിച്ച് കുലുക്കുന്ന ഇത്ര വലിയ വംശീയ പ്രശ്‌നത്തിന് വഴിയൊരുക്കുമെന്ന് അവർ സ്വപ്‌നത്തിൽ പോലും വിചാരിച്ച് കാണില്ല. ഇവരുടെ കടിഞ്ഞൂൽ സന്തതിയായ അസെൽ ടാംഗയായിരുന്നു 2018ൽ ഓസ്ട്രിയയിൽ പിറന്ന ആദ്യ സന്തതി. അതിനാൽ ഈ കുഞ്ഞിന്റെ ജനനം വൻ ദേശീയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഫേസ്‌ബുക്കിൽ ഈ കുട്ടിയെ കൈയിലെടുത്ത് ഈ ദമ്പതികളിട്ട ഫോട്ടോയ്‌ക്കെതിരെ വംശീയ വാദികൾ കടുത്ത കമന്റുകളുമായി രംഗത്തെത്തിയതാണ് വൻ വിവാദത്തിനും വാഗ്വാദങ്ങൾക്കും ഇപ്പോൾ വഴിയൊരുക്കിയത്.

വംശീയത സ്ഫുരിക്കുന്ന കമന്റുകളായിരുന്നു മുസ്ലിം വിരോധികൾ ഈ ഫോട്ടോക്കിട്ടിരുന്നത്. 'ഒരു പുതിയ തീവ്രവാദി കൂടി ജനിക്കുന്നു' എന്നായിരുന്നു ഒരാൾ ഇതിന് കമന്റിട്ടിരുന്നത്. കുട്ടിയുടെ അമ്മ ശിരോവസ്ത്രമണിഞ്ഞതിനെ പരിഹസിക്കുന്നവരും കുറവായിരുന്നില്ല. അവരുടെ തലയിൽ ക്യാൻസറുള്ളതിനാലാണോ തല മറച്ചിരിക്കുന്നതെന്നായിരുന്നു ഒരു സോഷ്യൽ മീഡിയ യൂസർ പ്രകോപനപരമായ കമന്റിട്ടിരുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഈ ഫോട്ടോക്കെതിരെ ഫേസ്‌ബുക്കിലുയർന്ന് വന്ന കമന്റുകൾ വൻ വംശീയ പ്രശ്‌നത്തിനാണ് കാരണമായിത്തീർന്നിരിക്കുന്നത്.

ഇതിനെ തുടർന്ന് ഈ മുസ്ലിം കുടുംബത്തിന് ആശ്വാസം പകർന്ന് കൊണ്ട് അവരെ പിന്തുണച്ച് ഓസ്ട്രിയൻ പ്രസിഡന്റ് സാക്ഷാല് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലെൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.ഇത്തരം വംശീയ കമന്റുകളെ അപലപിച്ച് കൊമട് ബെല്ലെൻ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് വരെ ഇടുകയും ചെയ്തിരുന്നു. അസെലിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്ത പ്രസിഡന്റ് എല്ലാ ആളുകളും സ്വതന്ത്രരായിട്ടാണ് ജനിക്കുന്നതെന്നും അവർ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും അവകാശങ്ങൾക്ക് മുമ്പിൽ തുല്യരാണെന്നും ബെല്ലെൻ തന്റെ പോസ്റ്റിൽ വിശദീകരണവും നൽകിയിരുന്നു.

സഹവർത്തിത്ത്വവും കൂടിച്ചേരലുമാണ് വെറുപ്പിനേക്കാളും വിവേചനത്തേക്കാളും മഹത്തരമെന്നും പ്രസിഡന്റ് ഓർമിപ്പിക്കുന്നു. പുതുവർഷത്തിൽ അർധരാത്രി 12 മണി കഴിഞ്ഞ് 47 സെക്കൻഡുകൾ കഴിഞ്ഞപ്പോഴായിരുന്നു ഈ കുട്ടി പിറന്നത്. ആയിരക്കണക്കിന് പേർ ഈ കുട്ടിക്ക് ആശംസകൾ അറിയിച്ച് കമന്റിട്ടപ്പോഴായിരുന്നു ഏതാനും വർഗീയവാദികൾ കുട്ടിയെ തേജോവധം ചെയ്യാൻ രംഗത്തെത്തിയത്.