- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖംനോക്കാതെ കൃത്യനിർവഹണം നടത്തിയതിന് പെൻഷൻ പോലും നിഷേധിച്ചു; നിനച്ചിരിക്കാതെ സംഭവിച്ച വാഹനാപകടം ആശുപത്രി കിടക്കയിലാക്കി; വീടും ജപ്തി ഭീഷണിയിൽ; മക്കളുടെ പഠനവും തുലാസിൽ; ഈ വേദന മലയാളി ഏറ്റെടുത്തു; ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടിലെത്തിയത് 20 ലക്ഷം; മറുനാടൻ അഭ്യർത്ഥന വൈറലാകുമ്പോൾ
കൊച്ചി: ഫസൽ വധക്കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയതിന് ഇടതു സർക്കാർ പെൻഷനും ആനുകൂല്യങ്ങളും നിഷേധിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ.രാധാകൃഷ്ണന് വാഹനാപകടത്തിൽ പരുക്ക്. സിപിഎം സർക്കാരിന്റെ വേട്ടയാടൽ വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് അപകടം. ഈ അപകടത്തിൽ ദുരൂഹതയൊന്നുമില്ല. വീട്ടിന് മുന്നിലെ റോഡ് ക്രോസ് ചെയ്യുമ്പോൾ അയൽപക്കത്തുള്ള പയ്യന്റെ ബൈക്കാണ് ഇടിച്ചത്. ഇതിന് പിന്നാലെ രാധാകൃഷ്ണന്റെ വീട് ജപ്തിയിലാണെന്ന വിവരവും പുറത്തു വന്നു. എല്ലാ അർത്ഥത്തിലും ജീവിതം വഴിമുട്ടിയ അവസ്ഥ. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണനെ സഹായിക്കാൻ പൊതു സമൂഹം തയ്യാറാകണമെന്ന അഭ്യർത്ഥ മറുനാടൻ മലയാളി മുമ്പോട്ട് വച്ചത്.
ഈ അഭ്യർത്ഥന പൊതു സമൂഹം ഏറ്റെടുത്തു. 20 ലക്ഷം രൂപയാണ് രാധാകൃഷ്ണന്റെ അക്കൗണ്ടിൽ ഒറ്റ ദിവസം കൊണ്ട് എത്തിയത്. ലോണിലാണ് രാധാകൃഷ്ണൻ വീടു വച്ചത്. പെൻഷനും മറ്റും ഇല്ലാത്തതിനാൽ ലോൺ അടവ് മുടങ്ങി. വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് അറിയിക്കുകയും ചെയ്തു. രണ്ട് മാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കണമെന്ന അന്ത്യസാശനവും എത്തി. ഇതിനിടെയാണ് അപകടമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് മറുനാടന് വിശദ അഭിമുഖവും രാധാകൃഷ്ണൻ അനുവദിച്ചു. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണനെ സഹായിക്കേണ്ടതിന്റെ ആവശ്യകത മറുനാടൻ ഉയർത്തിയത്.
മുഖംനോക്കാതെ കൃത്യനിർവഹണം നടത്തിയെന്ന കുറ്റത്തിന് ഈ റിട്ട. എസ്‌പി. അനുഭവിക്കുന്നത് വലിയ നീതിനിഷേധമാണ്. സർവീസിന്റെ അവസാന നാലുവർഷം സസ്‌പെൻഷൻ. വിരമിച്ചപ്പോൾ പെൻഷനും ആനുകൂല്യവുമില്ല. നാട്ടിൽ ജീവിതം അസാധ്യമെന്നു തോന്നിയതോടെ സംസ്ഥാനത്തിനുപുറത്ത് സെക്യൂരിറ്റി ജോലിയെടുത്ത് ജീവിതം. വിധി അവിടെയും വിലങ്ങുതടിയായി. നിനച്ചിരിക്കാതെ സംഭവിച്ച വാഹനാപകടം ആശുപത്രിക്കിടക്കയിലാക്കി. ഒപ്പം, സാമ്പത്തിക പ്രതിസന്ധിയും ജീവനു ഭീഷണിയും. ഈ വേദനയാണ് മലയാളികൾ ഏറ്റെടുക്കുന്നത്.
തൃപ്പൂണിത്തുറയിലെ ഇദ്ദേഹത്തിന്റെ വീടിനു മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തു വന്ന സ്‌കൂട്ടർ ഇടിച്ചായിരുന്നു അപകടം. നടുവിനും തലയ്ക്കും പരുക്കേറ്റ് രാധാകൃഷ്ണൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ദുരൂഹതയില്ലെന്ന് രാധാകൃഷ്ണനും പറയുന്നു. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് നേടി ആറുമാസം മുൻപു വിരമിച്ച രാധാകൃഷ്ണൻ ബെംഗളുരുവിൽ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വീട്ടിലെത്തിയത്.
തന്റെ പെൻഷനും ആനുകൂല്യങ്ങളും തടഞ്ഞു വച്ചതിനെതിരെ മുഖ്യമന്ത്രിയെ കണ്ടു പരിഭവം പറഞ്ഞപ്പോൾ അദ്ദേഹമതു പരിഗണിക്കാതെ തള്ളിക്കളഞ്ഞെന്നാണ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ. താൻ ആത്മഹത്യയുടെ വക്കിലാണ് എന്നു പറഞ്ഞപ്പോൾ അതാണ് നല്ലതെന്നു പറഞ്ഞ് അധിക്ഷേപിച്ചു വിട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെ സിപിഎം പ്രവർത്തകരിൽ നിന്ന് തനിക്കു നേരെ ആക്രമണമുണ്ടാകുമോ എന്നു ഭയമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അപകടമുണ്ടായത്.
മുഹമ്മദ് ഫസൽ വധക്കേസ് സിപിഎം നേതാക്കൾ ആഗ്രഹിച്ച രീതിയിൽ അന്വേഷിക്കാതിരുന്നതിനാൽ പാർട്ടിയുടെ പകവീട്ടലിൽ ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ് ഐപിഎസ് ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണൻ പറഞ്ഞിരുന്നു. ആകെയുള്ള കിടപ്പാടവും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നഷ്ടമാകുന്ന സ്ഥിതിയാണ്. രണ്ട് മാസത്തിനുള്ളിൽ വീട്ടിൽ നിന്ന് മാറണമെന്നാണ് ബാങ്ക് അധികൃതർ അവസാനമായി നൽകിയ താക്കീത്.വിരമിച്ച് ഏഴ് മാസം കഴിഞ്ഞിട്ടും താത്കാലിക പെൻഷൻ പോലും തടഞ്ഞുവച്ചരിക്കുകയാണ്. ഇതോടെ വരുമാനമെന്ന എല്ലാ പ്രതീക്ഷയും രാധാകൃഷ്ണനു അസ്തമിച്ചിരുന്നു.
കോട്ടയം സ്വദേശിയായ രാധാകൃഷ്ണൻ 35 ലക്ഷം രൂപ വായ്പയെടുത്താണ് തൃപ്പൂണിത്തുറയിൽ വീട് വാങ്ങിയത്. ആദ്യമെല്ലാം ഗഡുകൾ കൃത്യമായി അടച്ചിരുന്നു.പിന്നീട് ഫസൽ വധക്കേസിൽ പാർട്ടിയുടെ കണ്ണിലെ കരാടായതോടെ ജീവിതവും മാറിത്തുടങ്ങി.സർക്കാർ തന്നെ വേട്ടയാടിത്തുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. തൽഫലമായി തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ബാങ്ക് സ്ഥലം ജപ്തി ചെയ്യാൻ തീരുമാനിച്ചത്. 25 ലക്ഷം രൂപ ഉടൻ നൽകിയില്ലെങ്കിൽ സ്ഥലവും വീടും നഷ്ടമാകുമെന്നും ലേലത്തിൽ വയ്ക്കുമെന്നുമാണ് ബാങ്ക് അധികൃതർ അറിയിച്ചിരിക്കുന്നതെന്ന് രാധാകൃഷ്ണൻ പറയുന്നു
2006ലെ ഫസൽ വധക്കേസിന് ശേഷം സിപിഎം നേതൃത്വം വേട്ടയാടിയതോടെ കേസ് നടത്തിയാണ് വീടും സ്ഥലവും സമ്പാദ്യവുമെല്ലാം നഷ്ടമായത്. 2006ൽ സസ്പെൻഷനെ തുടർന്ന് 2008ലാണ് തിരികെ ജോലിയിൽ കയറിയത്. പിന്നീട് 2016ൽ ഐപിഎസ് ലഭിക്കുന്നതിന് തൊട്ടുമുമ്പാണ് സസ്പെൻഷൻ ലഭിച്ചത്. ഇതിനെതിരെ 4-5 വർഷം സുപ്രീംകോടതിയിലടക്കം കേസ് നടത്തിയാണ് ജോലിയിൽ കയറാനായത്.ഗവേഷക വിദ്യാർത്ഥിയായിരുന്നു മകൾ. ഹോസ്റ്റലിൽ ഫീസ് കെട്ടാനാകാതെ വന്ന് പഠനം അവസാനിപ്പിച്ചു. മകൻ സിവിൽ സർവീസ് കോച്ചിങ്ങിനും പോയിരുന്നു.
പണമില്ലാതെ വന്നതോടെ ഇതും നിന്നു. രണ്ടുപേരും ഇപ്പോൾ മറ്റ് ജോലികളിലൂടെ ചെറിയ വരുമാനം കണ്ടെത്തുകയാണ്. വീടിന് സമീപത്ത് വച്ച് വാഹനാപകടത്തിൽ പരിക്ക് പറ്റിയതറിഞ്ഞ് നിരവധി പേർ വിളിച്ചിരുന്നു. തനിക്ക് നീതി ലഭിക്കണമെന്നും മക്കളുടെ ഭാവി സുരക്ഷിതമാക്കണമെന്നും മാത്രമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫസൽ വധക്കേസിൽ നേരായി അന്വേഷണം നടത്തിയതും തുമ്പുണ്ടാക്കിയതും കാരായിമാരുടെ അറസ്റ്റിലേക്കു വഴിവെച്ചതുമാണ് തന്റെ ഈ അവസ്ഥയ്ക്കു കാരണമെന്ന് രാധാകൃഷ്ണൻ പറയുന്നു. കേസിൽ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരെക്കുറിച്ച് ആദ്യം അന്വേഷിച്ചത് രാധാകൃഷ്ണനായിരുന്നു. അന്വേഷണത്തെ സിപിഎം. നേതൃത്വം എതിർത്തു. രാധാകൃഷ്ണൻ സമ്മർദങ്ങൾക്കു വഴങ്ങിയില്ല.
നാലരവർഷംമുമ്പാണ് രാധാകൃഷ്ണനെ സസ്‌പെൻഡ് ചെയ്തത്. സ്ഥാനക്കയറ്റത്തിലൂടെ ഐ.പി.എസ്. ലഭിച്ചെങ്കിലും സർവീസിൽ തിരിച്ചുകയറാനായില്ല. ഇതിനിടെ, കേരള ആംഡ് പൊലീസ് കമാൻഡറായി വിരമിച്ചു. ഡിവൈ.എസ്‌പി. ആയിരിക്കേയാണ് ഫസൽ വധക്കേസ് അന്വേഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ നാലുതവണ കണ്ട് ദുരിതം അറിയിച്ചിട്ടും പ്രയോജനമുണ്ടായില്ല. ഫസൽവധം കഴിഞ്ഞ് പത്തുദിവസത്തിനുശേഷം രാധാകൃഷ്ണനുനേരെയും വധശ്രമമുണ്ടായി. മരിച്ചെന്നു കരുതിയാണ് അക്രമികൾ മടങ്ങിയത്. എന്നാൽ, ജീവൻ തിരികെപ്പിടിച്ചു. ഒന്നരവർഷം നീണ്ട ചികിത്സയ്ക്കുശേഷമാണ് പൂർവസ്ഥിതിയിലായത്.
മറുനാടന് മലയാളി ബ്യൂറോ