ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് വാർത്താ ചാനലായി സിഎൻഎൻ-ഐബിഎന്നിന്റെ തലപ്പത്ത് മലയാളി. പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ രാജ്ദീപ് സർദ്ദേശായിയുടെ പിൻഗാമിയായാണ് മലയാളിയുടെ കടന്നുവരവ്. സിഎൻഎൻ-ഐബിഎന്നിന്റെ ഉടമസ്ഥതയിൽ വന്ന മാറ്റമാണ് ഇതിന് കാരണം.

രാധാകൃഷ്ണൻ നായരാണ് ഇനി സിഎൻഎൻ-ഐബിഎന്നിന്റെ മാനേജിങ് ഡയറക്ടർ. നിലവിൽ വാർത്താ വിഭാഗം ഡയറക്ടറാണ്. തിരുവനന്തപുരം പട്ടം സ്വദേശിയായ രാധാകൃഷ്ണൻ കേരളാ സർവ്വകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് മാദ്ധ്യമപ്രവർത്തനം തുടങ്ങിയത്. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ എന്ന വാർത്താ ഏജൻസിയായിരുന്നു ആദ്യ തട്ടകം. 1995ൽ ടിവി 18ലൂടെ ദൃശ്യമാദ്ധ്യമ രംഗത്തെത്തി. ദൂരദർശൻ, സോണി എന്നിവയിലും ജോലി ചെയ്തു. 2005മുതൽ സിഎൻഎൻ ഐബിഎന്നിന്റെ ഭാഗമാണ്.

ഈയിടെയാണ് സിഎൻഎൻ-ഐബിഎന്നിന്റെ ഭൂരിഭാഗം ഓഹരികളും മുകേഷ് അബാനിയുടെ റിലയൻസ് സ്വന്തമാക്കിയത്. ചാനലിന്റെ തലപ്പത്ത് മാറ്റങ്ങൾ വരുമെന്ന് ഉറപ്പായതോടെ രാജ്ദീപ് സർദേശായി അവിടം വിട്ടു. ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഭാഗമായ ഹെഡ്‌ലൈൻസ് ടുഡേ ചാനലിൽ ചേരുകയും ചെയ്തു.