ഷാർജ: ജനാല വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീണ് മലയാളി മരിച്ചു.പ്രമുഖ സക്‌സസ് കോച്ചും മൈന്റ് പവർ പരിശീലകനുമായ തൃശൂർ മാള സ്വദേശി ആർ.കെ എന്ന രാധാകൃഷ്ണൻ (57) ആണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്.

ഷാർജ റോള പോസ്റ്റ് ഓഫിസിനടുത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്ന് ചൊവ്വാഴ്ച രാവിലെയാണ് വീണത്. ജനാല വൃത്തിയാക്കുമ്പോൾ കാൽവഴുതി വീണതാണെന്ന് കരുതുന്നു. ഉടൻ ഷാർജ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വർഷങ്ങളായി ഷാർജയിലെ ജീനിയസ് ഗ്രൂപ്പ് ഗ്‌ളോബൽ എന്ന സ്ഥാപനത്തിൽ സക്‌സസ് പരിശീലകനാണ്.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ വ്യക്തിത്വ വികസന ക്‌ളാസുകളിലൂടെ ശ്രദ്ധേയനായിരുന്നു. ഭാര്യ: ഗീത. അജ്മാൻ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളായ രോഹിണി, സ്വാതി എന്നിവർ മക്കളാണ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്.

തൃശ്ശൂർജില്ലയിലെ മാളസ്വദേശിയായ രാധാകൃഷ്ണൻ 2011ലാണ് യു.എ.ഇ.യിലെത്തിയത്. ഷാർജ ജീനിയസ് ഗ്രൂപ്പ് ഗ്ലോബൽ എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.