മുംബൈ: ഒരു തമിഴ് താരത്തിൽ നിന്ന് തനിക്ക് വളരെ മോശമായ അനുഭവം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി രാധിക ആപ്‌തേ. മറ്റൊരു സമയത്ത് തന്നെ സ്ഥിരമായി പിന്തുടരുന്ന ഒരു സൗത്ത് ഇന്ത്യൻ താരം തന്റെ മുറിയിലെത്തി അപമാനിക്കാൻ ശ്രമിച്ചുവെന്നും താരം പറയുന്നു.

'ആ സിനിമയിലെ എന്റെ ആദ്യ ദിവസമാണ്. ഞാൻ അവിടെ ഇരിക്കുമ്‌ബോൾ, തമിഴിലെ പ്രശസ്തനായൊരു നടൻ അരികിലെത്തി കാലുകളിലൂടെ വിരലോടിക്കാൻ തുടങ്ങി. ഞാൻ അയാളെ അന്നാണ് ആദ്യമായി കാണുന്നത് തന്നെ. വളരെയധികം ഞാൻ അപമാനിക്കപ്പെട്ടു. അയാളുടെ മുഖത്തടിച്ചു കൊണ്ടായിരുന്നു എന്റെ പ്രതികരണം- രാധിക പറഞ്ഞു.

മറ്റൊരു നടൻഒരിക്കൽ ഒരുദിവസം ഞാൻ തങ്ങിയിരുന്ന ഹോട്ടലിൽ വന്നു. അതൊരു രാത്രിയായിരുന്നു. ഈ അപ്രതീക്ഷിതമായ കൂടിക്കാഴ്ചയിൽ എനിക്ക് സന്തോഷം തോന്നി. ഒരു വലിയ നടൻ എന്ന നിലയ്ക്ക് ഞാൻ വളരെ മാന്യമായി സംസാരിച്ചു. സിനിമയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചുതുടങ്ങി. അയാൾ മദ്യപിച്ചിരുന്നതായി ഞാൻ മനസിലാക്കി തുടർന്ന് സംഭാഷണത്തിനിടയിൽ എന്റെ ശരീരമാകെ അയാളുടെ കണ്ണുകൾ പരതുന്നുണ്ടായിരുന്നു. മാത്രമല്ല സംഭാഷണത്തിൽ അശ്ലീലവാക്കുകളും വീണുതുടങ്ങി. രംഗം പന്തിയല്ലെന്ന് എനിക്കു മനസിലായി. എഴുന്നേറ്റ് പോകാൻ പറയാൻ എനിക്കു തോന്നിയില്ല. പകരം എനിക്ക് നല്ല ക്ഷീണമുണ്ടെന്നും രാവിലെ മുതൽ ഷൂട്ടിങ് സ്‌പോട്ടിലായിരുന്നുവെന്നും പറഞ്ഞു.

എന്നിട്ടും അയാൾ പോകാനുള്ള ഒരുക്കത്തിലല്ലായിരുന്നു. ആ രാത്രി എന്റെ റൂമിൽ കഴിയണമെന്ന ആഗ്രഹം അയാൾ വെളിപ്പെടുത്തുകയുണ്ടായി. സാധ്യമല്ലെന്നും പെട്ടെന്ന് റൂം വിട്ടു പോകണമെന്നും ഞാൻ ശഠിച്ചു'- രാധിക പറയുന്നു. 'എനിക്കുവേണ്ടി ഒരുപാട് അവസരങ്ങൾ തരാൻ തനിക്ക് കഴിയുമെന്നൊക്കെയായിരുന്നു പിന്നീടുള്ള വാഗ്ദാനങ്ങൾ. ഗത്യന്തരമില്ലാതെ വന്നപ്പോൾ ഹോട്ടൽ അധികൃതരെ വിവരം അറിയിക്കുമെന്ന് പറഞ്ഞതോടെ അയാൾ എണീറ്റ് പ്രതികാരഭാവത്തോടെ പറഞ്ഞു. 'ഞാൻ വിചാരിച്ചാൽ ഈ ഫീൽഡിൽനിന്നും നിന്നെ ഔട്ടാക്കാൻ കഴിയും. ഓർമ്മയിലിരിക്കട്ടെ.' എന്നു പറഞ്ഞ് അയാൾ പുറത്തിറങ്ങിയെന്നും താരം പറഞ്ഞു.