മുംബൈ: അഭിനയ മികവും കൊണ്ട് ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളാണ് ഇന്ന് രാധിക ആപ്‌തേ. എന്നാൽ, ബോളിവുഡിൽ നിലനിൽക്കാൻ കഴിയുമോ എന്ന് ആശങ്കപ്പെട്ടിരുന്ന ഒരു കാലം അവർക്കുണ്ടായിരുന്നു. വലിയ മാറിടവും ചുണ്ടുകളും ഇല്ലാത്തതിനാൽ താൻ സിനിമയിൽ നിന്നും നിരസിക്കപ്പെട്ടിട്ടുണ്ടെന്നാണ് രാധിക പറയുന്നത്. മറ്റൊരു നടിക്ക് തന്നെക്കാൾ വലിയ മാറിടവും നിറഞ്ഞ ചുണ്ടുകളും ഉള്ളതിനാൽ മാറ്റി നിർത്തപ്പെട്ടുവെന്ന് നടി വെളിപ്പെടുത്തുന്നു. ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഇൻഡസ്ട്രി ചില മാറ്റങ്ങൾ വരുത്തുമ്പോഴാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നതെന്നും രാധിക പറയുന്നു.

'മറ്റൊരു നടിക്ക് വലിയ ചുണ്ടുകളും വലിയ സ്തനങ്ങളും ഉള്ളതിനാൽ ഞാൻ നിരസിക്കപ്പെട്ടു. അവർ കൂടുതൽ സെക്സിയായിരുന്നു. ഞാൻ ബഹുമാനിക്കുന്ന ആളുകൾ നിർമ്മിക്കുന്ന ഒരു സിനിമയായിരുന്നു അത്. നിങ്ങൾ ചില ആളുകളെ നോക്കൂ. അവർ ഇതിൽ ഉൾപ്പെടില്ല. എന്നാൽ അവർക്കും ഇത്തരമൊരു ചിന്താഗതിയുണ്ട്. കൂടുതൽ സ്ത്രീകൾ അധികാര സ്ഥാനങ്ങളിൽ ഉള്ളപ്പോൾ ഈ അവസ്ഥ മാറുമെന്ന് പ്രതീക്ഷിക്കുന്നു. - രാധിക വ്യക്തമാക്കി.

സിനിമയ്ക്ക് വേണ്ടി ശരീരം ആകർഷമുള്ളതാക്കാൻ തനിക്ക് പലരിൽ നിന്നും ഉപദേശം ലഭിച്ചതായി രാധിക മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇൻഡസ്ട്രിയിൽ എത്തിയപ്പോൾ മുഖത്തും ശരീരത്തിലും മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം മൂക്കിന്റെ ഷേപ്പ് മാറ്റണമെന്നാണ് പറഞ്ഞത്. പിന്നീട് മാറിടം വലുതാക്കുന്നതിനും അരക്കെട്ടിനും കാലുകൾക്കുമായി ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായി രാധിക വ്യക്തമാക്കുന്നു.

മുടിയിൽ കളർ ചെയ്യുന്നതിന് പോലും 30 വർഷമെടുത്തു. ഒരു കുത്തിവയ്‌പ്പ് പോലും ഞാൻ എടുക്കാൻ പോകുന്നില്ല. എന്നാൽ ഇതിലൊന്നും എനിക്കൊരിക്കലും സമ്മർദം അനുഭവപ്പെട്ടില്ല. ദേഷ്യമാണ് തോന്നിയത്. വാസ്തവത്തിൽ ഇതെല്ലാം എന്റെ ശരീരത്തെ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിച്ചു.ഞാൻ എന്റെ ശരീരത്തെ സ്നേഹിക്കുന്നു' എന്നും രാധിക കൂട്ടിച്ചേർത്തു.