മുംബൈ: സിനിമായിൽ അതിക്രമത്തിന് സ്ത്രീ പുരുഷ വെത്യാസമില്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി രാധിക ആപ്‌തെ. ബോളിവുഡിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട് എന്നാൽ അത് പുറത്ത് പറയാത്തത് ഭയം കൊണ്ടാണ് എന്നും രാധിക ആപ്‌തെ പറയുന്നു.

ലൈംഗിക പീഡനത്തിന് ഇരകളായ ഒരുപാട് പുരുഷ സഹതാങ്ങളെ എനിക്കറിയാം. ഭയം കാരണം അവരിൽ പലരും ഈ വിവരം പുറത്തു പറയാതിരിക്കുകയാണ്.അടുക്കാനാവാത്ത ഒരു മായികവലയമുണ്ട് ബോളിവുഡിനെന്ന വിശ്വാസം നിലനിൽക്കുന്നതിനാൽ എല്ലാവരും ഒരുതരം ഭയത്തിലാണ്. അത് യാഥാർഥ്യമല്ല. അതൊരു ജോലിസ്ഥലം മാത്രമാണ്. ഇവിടെയും എല്ലാ തലത്തിലും തൊഴിൽ മര്യാദകൾ നടപ്പിലാക്കേണ്ടതുണ്ടെന്നും രാധിക ആപ്‌തെ പറഞ്ഞു.

ആളുകൾ തങ്ങൾ നേരിട്ട അനുഭവങ്ങൾ തുറന്നുപറഞ്ഞും കുറ്റക്കാരെ ചൂണ്ടിക്കാട്ടിയും മുന്നോട്ടുവന്നേ പറ്റൂ. നമ്മൾ പറയുന്നത് ആര് വിശ്വസിക്കും എന്നൊരു ആശങ്കയുണ്ട് എല്ലാവർക്കും. മറുഭാഗത്തുള്ളയാൾക്കാവട്ടെ ഒരുപാട് അധികാരങ്ങളുണ്ട് താനും. അതുകൊണ്ട് തന്നെ നമ്മുടെ പരാതികൾ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും കരിയർ നശിക്കുമെന്നും എല്ലാവരും ഭയക്കുന്നു. എന്നാൽ, കൂടുതൽ ആളുകൾ ശബ്ദമുയർത്തി മുന്നോട്ടു വരണം എന്നു തന്നെയാണ് എന്റെ അഭിപ്രായം.

സ്വന്തം അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ നശിപ്പിക്കുന്നവർ തുറന്നുകാട്ടപ്പെടുക തന്നെ വേണം. അതേസമയം സ്വന്തം കാര്യസാധ്യത്തിനുവേണ്ടി എന്തും ചെയ്യാൻ ഒരുക്കമായ ചിലരുമുണ്ട്. നിങ്ങൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന് തിരിച്ചറിയാനും നോ പറയാനും പഠിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഏതെങ്കിലും കാലം സ്വന്തം കഴിവിനനുസരിച്ചുള്ള അവസരങ്ങൾ ലഭിക്കുക തന്നെ ചെയ്യും. വീട്ടിൽ നിന്ന് ഓടിവരുന്നവരുണ്ട്. അവർക്ക് ആശ്രയിക്കാൻ മറ്റൊന്നുമില്ല. മെച്ചപ്പെട്ട ഒരു സംവിധാനവും നിയമങ്ങളും സുതാര്യതയുമെല്ലാം ഈ രംഗത്ത് ആവശ്യമുണ്ട്-രാധിക പറഞ്ഞു.