- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിംബിൾഡണിൽ നിന്നും ടോക്യോ ഒളിംപിക്സിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച് റാഫേൽ നദാൽ; തീരുമാനം, കരിയർ ദീർഘിപ്പിക്കാനെന്ന് സ്പാനിഷ് താരം; ഒളിമ്പിക്സ് തയ്യാറെടുപ്പുകൾക്കായി വിംബിൾഡണിൽ നിന്ന് പിന്മാറുന്നതായി നവോമി ഒസാക്കയും
മാഡ്രിഡ്: അടുത്തമാസം നടക്കുന്ന ടോക്കിയോ ഒളിംപിക്സിൽ നിന്നും ഈ മാസം അവസാനം തുടങ്ങുന്ന വിംബിൾഡൺ ടൂർണമെന്റിൽ നിന്നും പിന്മാറുന്നതായി റാഫേൽ നദാൽ. ശാരീരികക്ഷമതയും കരിയറും കണക്കിലെടുത്താണ് ഒളിംപിക്സിൽ നിന്നും വിംബിൾഡണിൽ നിന്നും പിന്മാറുന്നതെന്നും തീരുമാനം എളുപ്പമായിരുന്നില്ലെന്നും സ്പാനിഷ് താരം പറഞ്ഞു. ഈ മാസം 28നാണ് വിംബിൾഡൺ തുടങ്ങുന്നത്. അടുത്ത മാസം 23നാണ് ഒളിംപിക്സ് തുടങ്ങുക.
ഫ്രഞ്ച് ഓപ്പൺ സെമിയിൽ കടുത്ത പോരാട്ടത്തിൽ നൊവാക്ക് ജോക്കോവിച്ചിനോട് നദാൽ പരാജയപ്പെട്ടിരുന്നു. കരിയർ ദിർഘിപ്പിക്കാനായാണ് ഈ രണ്ട് പ്രധാന ടൂർണമെന്റുകളിൽ നിന്നും പിന്മാറുന്നതെന്ന് നദാൽ അറിയിച്ചു. ഈ വർഷത്തെ ക്ലേ കോർട്ട് സീസൺകടുത്തതായിരുന്നും ശരീരത്തിന് വിശ്രമം ആവശ്യമാണെന്നും 35കാരനായ നദാൽ പറഞ്ഞു.
വിംബിൾഡണും ഫ്രഞ്ച് ഓപ്പണും ഇടയിൽ രണ്ടാഴ്ചത്തെ ഇടവേളമാത്രമാണുള്ളത്. ഈ ചെറിയ ഇടവേളയിൽ രണ്ട് പ്രധാന ടൂർണമെന്റുകളിൽ കളിക്കുക എന്നത് ശരീരത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. വരാനിരിക്കുന്ന ടൂർണമെന്റുകൾക്കായി ശാരീരികക്ഷമത നിലനിർത്തുക എന്നതാണ് ഈ സമയത്ത് പ്രധാനം. അതിനാലാണ് സുപ്രധനാമായ ഈ തീരുമാനം എടുക്കേണ്ടിവന്നതെന്നും ലണ്ടനിലെയും ടോക്കിയോയിലെയും തന്റെ ആരാധകർ ഇക്കാര്യം മനസിലാക്കുമെന്നാണ് കരുതുന്നതെന്നും നദാൽ പറഞ്ഞു.
ഫ്രഞ്ച് ഓപ്പണിൽ പതിമൂന്ന് കിരീടങ്ങൾ നേടി റെക്കോർഡിട്ട നദാൽ പതിനാലാം കിരീടം തേടിയാണ് ഇത്തവണ ഇറങ്ങിയത്. എന്നാൽ സെമിയിൽ ജോക്കോവിച്ചിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ നദാലിന് സെമിയിൽ അടിപതറി. കരിയറിൽ ഇരുപത് ഗ്രാൻസ്ലാം കിരിടങ്ങളുമായി റോജർ ഫെഡറർക്കൊപ്പമാണ് ഇപ്പോൾ നദാൽ. 19 കിരീടങ്ങളുമായി ജോക്കോവിച്ചാണ് രണ്ടാം സ്ഥാനത്ത്.
കൂട്ടുകാരോടും കുടുംബാഗങ്ങളോടും ഒപ്പം കൂടുതൽ സമയം ചെലവഴിക്കാനും ടോക്യോ ഒളിമ്പിക്സിനായി തയ്യാറെടുപ്പുകൾ നടത്തുന്നതിനുമായി വിംബിൾഡണിൽ നിന്നും പിന്മാറുന്നതായി നവോമി ഒസാക്കയും അറിയിച്ചു. ഒസാക്കയുടെ ഏജന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തിന് ശേഷം ഒസാക്ക പിന്മാറിയിരുന്നു. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്നും അത് മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു പിന്മാറ്റം. ഇതു ഏറെ ചർച്ചയാകുകയും ചെയ്തു.
സ്പോർട്സ് ഡെസ്ക്