ന്യൂഡൽഹി: റഫേൽ ഇടപാടിൽ വിവരങ്ങൾ പുറത്തിവിടാനാവില്ലെന്ന പറഞ്ഞ കേന്ദ്രസർക്കാറിന് സുപ്രിംകോടതിയൽ നിന്നും തിരിച്ചടി. ഫ്രാൻസുമായുള്ള യുദ്ധവിമാന കരാറിലെ വിവരങ്ങൾ പുറത്തുവിടണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വിവാദമായ റാഫേൽ കരാറുമായി ബന്ധപ്പെട്ടുള്ള പൊതു താത്പര്യ ഹർജികൾ പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

കരാർ സംബന്ധിച്ച വിശദാംശങ്ങളും എൻഡിഎ, യുപിഎ സർക്കാരുകളുടെ കാലത്തെ കരാർ തുക സംബന്ധിച്ച വിവരങ്ങളും കോടതിയിൽ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ വിനീത് ദണ്ഢയാണ് ഒരു പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്. അതേസമയം റാഫേൽ കരാറുമായുള്ള അന്വേഷണം സ്വകാര്യ ഏജൻസി നൽകണമെന്നാവശ്യപ്പെട്ട് ആംആദ്മി എംപി സജ്ജയ് സിങ് നൽകിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണു ഹർജി പരിഗണിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ എതിർകക്ഷി പ്രധാനമന്ത്രിയായതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ വാദിച്ചു. റഫാൽ കരാറിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്താൻ നിർദേശിക്കണമെന്നും ഹർജിക്കാരൻ വാദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സർക്കാരിനെതിരെ രാഷ് ട്രീയ മുതലെടുപ്പിനാണ് ഈ ഹർജിയെന്നും ഇതിൽ പൊതുതാത്പര്യമില്ലായെന്നും കെ.കെ വേണുഗോപാൽ വാദിച്ചു.

അറ്റോർണി ജനറൽ ശക്തമായി എതിർത്തതോടെ ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. നിയമപരമായി പുനപ്പരിശോധിക്കേണ്ട വിഷയമല്ലിത്. രാജ്യാന്തര കരാറുകളിൽ കോടതികൾ ഇടപെടാറില്ല.' അതിനാൽ ഇടപെടുന്നത് അനുചിതമായിരിക്കുമെന്നും അറ്റോണി ജനറൽ വാദിച്ചു.

ഖത്തറിനും ഈജിപ്തിനും വില കുറച്ചു കിട്ടി വിമാനത്തിന് ഇന്ത്യ കൊടുത്തത് വൻവില

ഖത്തറും ഈജിപ്തിനും വിലകുറച്ചു കിട്ടിയ റഫേലിന് ഇന്ത്യ കൊടുക്കേണ്ടി വരുന്നത് വൻ വിയാണ്. ഫ്രാൻസിൽ നിന്നുള്ള റഫാൽ പോർവിമാന ഇടപാട് നഷ്ടക്കച്ചവടമാണെന്ന് തെളിവുകൾ തന്നെ പുറത്തുവന്നിരുന്നു. ഖത്തറും ഈജിപ്തുമാണ് റഫാൽ പോർവിമാനങ്ങൾ ഫ്രാൻസിൽ നിന്നും വാങ്ങിയിട്ടുള്ള മറ്റു രണ്ടു രാജ്യങ്ങൾ. 12 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഖത്തർ കരാർ ഒപ്പുവച്ചത്. ഖത്തറിന് ഒരു വിമാനം ഏകദേശം 700 കോടി രൂപയ്ക്കു (9 കോടി യൂറോ) നൽകുമ്പോൾ, അതേ വിമാനത്തിന് ഇന്ത്യ ഇരട്ടിയിലേറെ (24 കോടി യൂറോ കരാർകാലത്തെ വിനിമയനിരക്കിൽ 1526 കോടി രൂപ) നൽകണം. ഈജിപ്ത് 24 എണ്ണം 520 കോടി യൂറോയ്ക്കാണു വാങ്ങിയത്. ഒരു വിമാനത്തിനു ചെലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങൾ കൂടി വാങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തർ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങൾ വാങ്ങി ഒരു വിമാനവില 26.2 കോടി യൂറോ. എന്നാൽ ഖത്തർ ഇപ്പോൾ 12 വിമാനങ്ങൾ കൂടി വാങ്ങിയപ്പോൾ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. ആകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോ. രണ്ടാം ഘട്ടത്തിൽ വാങ്ങുമ്പോൾ വില അൽപം കുറയുക പതിവാണെങ്കിലും ഖത്തറുമായുള്ള കരാറിലെ പുതിയ വിലയും ശരാശരി വിലയും പരിഗണിക്കുമ്പോൾ ഇന്ത്യ ഒരു വിമാനത്തിന് 24 കോടി യൂറോ നൽകേണ്ടി വരുന്നു. ഇതാണ് പ്രതിപക്ഷം ചർച്ചയാക്കുന്നത്.

എന്നാൽ ഇന്ത്യയുമായി ഫ്രാൻസുണ്ടാക്കിയ കരാർ വേറെയാണെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഇന്ത്യക്കു നൽകുന്ന റഫാലിൽ ഏറ്റവും ആധുനികമായ ആയുധങ്ങളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഏഴു വർഷത്തേക്കു സ്പെയർപാർടുകൾ നൽകാൻ കരാറിൽ വ്യവസ്ഥയുണ്ട്. ഇന്ത്യയുടെ ആവശ്യാനുസരണം വിമാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളിൽ 28 എണ്ണം ഒറ്റ സീറ്റ് മാത്രമുള്ള പോർവിമാനങ്ങളാണ്. എട്ടെണ്ണം ഇരട്ട സീറ്റ് ഉള്ളവയും. ഖത്തർ വാങ്ങിയത് ഇവയിൽ ഏതു തരമാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയ്ക്ക് 2019 സെപ്റ്റംബറിനും 2022 ഏപ്രിലിനും ഇടയിൽ ഇവ നൽകാമെന്നാണു കരാർ.

ഇന്ത്യയ്ക്ക് വേണ്ട 126 റഫാൽ യുദ്ധവിമാനങ്ങളിൽ 18 എണ്ണം നേരിട്ടു വാങ്ങുമെന്നും ബാക്കി 108 എണ്ണം, സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യയിൽ നിർമ്മിക്കുമെന്നുമായിരുന്നു യുപിഎ സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ധാരണ. എന്നാൽ, എൻഡിഎ സർക്കാർ കരാർ ഒപ്പിട്ടപ്പോൾ വിമാനങ്ങൾ 36 മാത്രമായി. നിർമ്മാണസാങ്കേതിക വിദ്യ ഇന്ത്യയ്ക്കു ലഭിക്കില്ല. പകരം, ഏതാനും വിമാനഭാഗങ്ങളുടെ സാങ്കേതികവിദ്യ ഒരു ഇന്ത്യൻ കമ്പനിക്കു കൈമാറും. അതും അനിൽ അംബാനിയുടെ കടലാസ് കമ്പനിക്ക്. യുപിഎ സർക്കാർ ചർച്ച ചെയ്തുണ്ടാക്കിയ കരാർ മുടങ്ങിയത് ആയുഷ്‌കാല പരിപാലന വ്യവസ്ഥയെച്ചൊല്ലിയായിരുന്നു. ഇത് അംബാനിക്ക് വേണ്ടിയാണെന്നാണ് ഉയരുന്ന ആരോപണം.

ഖത്തറിനു നൽകിയ അതേ വിലയ്ക്ക് 36 റഫാൽ പോർവിമാനങ്ങൾ നൽകാൻ ഫ്രാൻസ് തയാറാണ്. ആയുധങ്ങളും സാങ്കേതിക സംവിധാനങ്ങളും ഘടിപ്പിക്കാത്ത, പറക്കാൻ മാത്രം ശേഷിയുള്ള ജെറ്റ് വിമാനങ്ങളാണ് ഖത്തറിനു നൽകിയത്. ഇന്ത്യയ്ക്കു വേണ്ടത് ജെറ്റ് വിമാനമല്ല മീഡിയം മൾട്ടി റോൾ കോംപാക്ട് എയർക്രാഫ്റ്റുകളാണ്. ഇതിൽ ടെക്നോളജി കൈമാറ്റവും നടക്കും. ഖത്തറിന്റെ 24 റഫാൽ ജെറ്റ് കരാറിൽ എംബിഡിഎ മിസൈൽ ഘടിപ്പിക്കാനുള്ള സംവിധാനവും 36 ഖത്തർ പൈലറ്റുമാർക്കും സാങ്കേതിക വിദഗ്ദ്ധർക്കും പരിശീലനം നൽകാനുള്ള ധാരണയും മാത്രമാണ് ഉള്ളത്. ഇന്ത്യൻ വ്യോമസേനയുടെ എല്ലാ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കഴിഞ്ഞതിനു ശേഷം മാത്രമാണ് റഫാൽ സേനയുടെ ഭാഗമാകുക. ഭാവിയിൽ റഫാലിന്റെ അറ്റുകുറ്റപ്പണികളും പാർട്സ് മാറ്റുന്നതും ഫ്രാൻസുമായുള്ള കരാറിൽ ഉൾപ്പെടും.