തിരുവനന്തപുരം: കെ റെയിൽ പദ്ധതിയെ പരിഹസിച്ച് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. ഫേസ്‌ബുക്കിൽ അദ്ദേഹം പോസ്റ്റ് ചെയ്ത 'ഹേ...കേ...' എന്ന കവിതയിലൂടെയാണ് കെ റെയിലിനെ അദ്ദേഹം പരിഹസിക്കുന്നത്. 'എങ്ങോട്ടു പോകുന്നു ഹേ' എന്ന് തുടങ്ങുന്ന കവിത ഇന്നലെയാണ് റഫീക്ക് അഹമ്മദ് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ കവിതയ്ക്ക് താഴെ റഫീക്ക് അഹമ്മദിനെതിരെ ആക്ഷേപങ്ങളും വെല്ലുവിളികളുമായി സിപിഎം അണികളും സൈബർ അറ്റാക്ക് ആരംഭിച്ചിട്ടുണ്ട്.

ഇടത് വിരോധം കൊണ്ട് മാത്രം മുളയ്ക്കുന്ന കവിതകളാണിതെന്നും റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്നുമാണ് വിമർശനം. വിമർശനങ്ങൾ ശക്തമായതിന് പിന്നാലെ സൈബർ ആക്രമണങ്ങളെ പുച്ഛിച്ച് 'തെറിയാൽ തടുക്കുവാൻ കഴിയില്ല' എന്നു തുടങ്ങുന്ന മറ്റൊരു നാലുവരി കവിത അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചിട്ടുണ്ട്.

ഒരു ഇടതുപക്ഷ അനുഭാവിയായ റഫീക്ക് അഹമ്മദ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പരസ്യമായി പിന്തുണച്ചു രംഗത്ത് വന്നിരുന്നു. അത് ചൂണ്ടികാട്ടിയവരോട് ആ പിന്തുണ ഇപ്പോഴുമുണ്ട്. എന്നാൽ അത് കണ്ണടച്ചുകൊണ്ടുള്ളതല്ല എന്നാണ് റഫീക്ക് അഹമ്മദ് മറുപടി നൽകിയത്.

റഫീക്ക് അഹമ്മദിന്റെ കവിത

ഹേ...കേ...


എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
തണ്ണീർത്തടങ്ങളെ പിന്നിട്ട്
തെങ്ങിൻ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന
മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്
ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന
നല്ല നഗരത്തെരുവുകൾ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല -
മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,
ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്
കുട്ടികൾ നിത്യം മരിക്കും വനവാസി
യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്
മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,

തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ
ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ
ഹേ ..
കേ ..?