തിരുവനന്തപുരം: മതവിമർശനം എന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യല്ല. വിവിധ മതങ്ങളെയും വിമർശിച്ച് കവിതകളും കഥകളും നിരൂപണങ്ങളും എഴുതിയ സാഹിത്യകാരന്മാർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ആധുനിക കാലഘട്ടത്തിൽ മതങ്ങളെ വിമർശിക്കുന്നവരുടെ ജീവൻ പോലും അപകടത്തിലാകുന്ന വിധത്തിൽ അസഹിഷ്ണുത വളർന്നു കഴിഞ്ഞു. അത് പലവിധത്തിൽ നമുക്ക് ദൃശ്യമാകും. വി പി റജീന മദ്രസയിലെ പീഡനങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ അതിനെതിരെ വിമർശനം ചൊരിഞ്ഞാണ് നിരവധി പേർ രംഗത്തെത്തിയത്. ഇപ്പോഴിതാ മതവിമർശനം നിറഞ്ഞ ഒരു കവിത എഴുതിയതിന്റെ പേരിൽ കവി റഫീഖ് അഹമ്മദും കടുത്ത വിമർശനം നേരിടുകയാണ്. മുഖം മൂടിയ പർദ്ദയെ വിമർശിച്ച് എഴുതിയതിനായാണ് അസഹിഷ്ണുക്കൾ റഫീഖ് അഹമ്മദിനെതിരെ രംഗത്തെത്തിയത്.

മതദേഹം എന്ന പേരിൽ റഫീഖ് അഹമ്മദ് എഴുതിയ കവിത പരാമർശിക്കുന്നത് മുഖംമ മൂടിയ പർദ്ദയെ കുറിച്ചായിരുന്നു. കേരളത്തിൽ പർദ്ദ വിവാദം വിവിധ തരത്തിൽ ഉയർന്നു വന്നിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ പർദ്ദയുമായി ബന്ധപ്പെട്ട കവിതയുടെ പേരിൽ കവി വിമർശിക്കപ്പെടുന്നത്. ഒമ്പതു വരി കവിതയിൽ റഫീഖ് അഹമ്മദ് കടുത്ത വിർശനമാണ് ഉന്നയിച്ചിരിക്കുന്നത്. മുസ്ലിംസ്ത്രീയുടെ വസ്ത്രധാരണം ആയതിനാൽ സൈബർ ലോകം ഇത് കൈയോടെ ഏറ്റുപിടിച്ചു. കവിത ഇങ്ങനെയാണ്:

മതദേഹം

തല മൂടിയിട്ടുണ്ട്
മുഖം കാൺമാനില്ല
കൈയില്ല, കാലില്ല!
വലക്കണ്ണികൾക്കുള്ളിൽ
കണ്ണുകളുണ്ട്
പക്ഷേ കാണാനുള്ളതല്ല,
അല്ല,
മൃതദേഹമല്ലിത്
മതദേഹം

കവിതയെ ഗംഭീരമെന്ന് വിശേഷിപ്പിച്ച് ചിലർ രംഗത്തുവന്നപ്പോൾ കടുത്ത വിമർശനമാണ് മുസ്ലിം മതമൗലിക വാദികളിൽ നിന്നും ഉണ്ടായത്. പർദ്ദ ധരിക്കുന്നവർ അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ധരിക്കുന്നതെന്നും അതിൽ എന്താണ് തെറ്റുള്ളതെന്നും ചോദിച്ചാണ് നിരവധി പേർ രംഗത്തെത്തിയത്. അനവസരത്തിലുള്ളതാണ് കവിതയെന്നാണ് മറ്റു ചിലരുടെ വിമർശനം. മതം നിഷ്‌കർഷിക്കുന്ന വസ്ത്രമാണെന്ന വാദവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. മൃതദേഹവുമായുള്ള ഉപമയാണ് മറ്റു ചിലരെ ചൊടിപ്പിച്ചത്.

റഫീഖ് അഹമ്മദിനെ കളിയാക്കിക്കൊണ്ട് കവിതാ രൂപത്തിലും ചിലർ മറുപടിയുമായി രംഗത്തെത്തി. മുഖം മറയ്ക്കുന്ന പർദ്ദ ആവശ്യമില്ലെന്ന നിലപാടെടുക്കുന്നവർ ഉണ്ടെങ്കിലും മറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നവരുമുണ്ട്. അൽപ്പവസ്ത്രം ധരിക്കുന്നവരെ കുറിച്ച് റഫീഖ് അഹമ്മദ് കവി എഴുതാത്തത് എന്തേ എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. എന്തായാലും അസഹിഷ്ണുതാ വാദം കൊഴുക്കുന്നതിനിടെയാണ് റഫീഖ് അഹമ്മദിന്റെ കവിതയും വിവാദത്തിൽ ആയിരിക്കുന്നത്.