ന്നു പ്രഭാതമായിട്ടും ശശി കിടക്കയിൽ നിന്നും എഴുന്നേൽക്കാതെ വളരെ നേരം ചിന്താമഗ്നനായി കിടന്നു. പുതിയ ദിനപ്പിറവി അവന് ഒട്ടും സന്തോഷം പകർന്നില്ല.

കാലമെന്ന വടവൃക്ഷത്തിലെ ഒരു ശാഖയോടു ബന്ധപ്പെട്ടിരുന്ന ഉണങ്ങി ശുഷ്‌കിച്ച ഒരു ഇല ബന്ധമറ്റു താഴെ വീണതുപോലെ അവന്റെ മനസ്സിൽ ആ കോളേജ് ജീവിതത്തിന്റെയെും അവസാനം കുറിക്കപ്പെട്ടു. ആ നരകത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഉപായമായിരുന്നു, തലച്ചോറിനുള്ളിൽ കൂടി ഊളിയിട്ടു നടന്നത്.

തലേ രാത്രിയിൽ തന്നോടു കാട്ടിക്കൂട്ടിയ മൃഗീയ പ്രവൃത്തികൾ ഓരോന്നും അവന്റെ കൺമുമ്പിൽ കൂടി കടന്നു പോയി. തന്നെ ഉപദ്രവിച്ച അവരോടെല്ലാം അടക്കാനാവാത്ത ദേഷ്യവും വെറുപ്പും തോന്നി. അവിടെ നിന്നും രക്ഷപ്പെടണമെന്ന ചിന്ത രൂഢമൂലമായി.

'രക്ഷപ്പെടണം, രക്ഷപ്പെടണം' എന്ന പല്ലവി കോശങ്ങളിലൂടെ ഒഴുകി നടന്നു.

വളരെ താമസിച്ചാണു ശശി കിടക്കയിൽ നിന്നും പൊങ്ങിയത്. കോളേജിൽ എട്ടരയ്ക്കു തന്നെ ക്ലാസ്സ് ആരംഭിച്ചു കഴിഞ്ഞിരുന്നു. ഒമ്പതുമണിയായപ്പോൾ വെറി പിടിച്ചവനെപ്പോലെ അവൻ കോളേജിലേക്കു പോയി.എല്ലാം തീരുമാനിച്ചുറച്ചു തന്നെ.

അദ്ധ്യാപകന്റെ അനുവാദം കാക്കാതെ തന്റെ ക്ലാസ്സിൽ കടന്നു ചെന്നു ചോദിച്ചു. ''കുടിക്കാൻ ഇവിടെ വെള്ളമുണ്ടോ?''

അദ്ധ്യാപകൻ എന്തു പറയണമെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ പകച്ചു നിന്നു. വിദ്യാർത്ഥികൾ ഉറക്കെ ചിരിച്ചു. എങ്കിലും ശശി തൃഷ്ണയുള്ളവനെപ്പോലെ ക്ലാസ്സ് മുറിയുടെ മൂലകളിലേക്കു ദൃഷ്ടികൾ പായിച്ചു.

അപ്പോൾ അദ്ധ്യാപകൻ പറഞ്ഞു. ''ഇവിടെ വെള്ളമില്ല. ''

''ഇല്ലെങ്കി വേണ്ടാ.'' അവൻ ഇറങ്ങി നടന്നു. നേരേ അദ്ധ്യാപകരുടെ ഒരു മുറിയിൽ കയറിച്ചെന്നു.

''കുറച്ചു വെള്ളം കുടിക്കാൻ വേണം.'' അനുവാദം പ്രതീക്ഷിക്കാത്തവനെപോലെ ഉത്തരം കിട്ടുന്നതിനു മുമ്പേ കൂജയിൽ നിന്നും വെള്ളം എടുത്തു കുടിച്ചിട്ട് മിണ്ടാതെ ഇറങ്ങിപ്പോയി. കാര്യം എന്തെന്നു പിടികിട്ടാതെ അദ്ധ്യാപകർ നിശ്ശബ്ദരായി ഇരുന്നു.

അവൻ വരാന്തയിൽ കുറെ നേരം ഉലാത്തി. പല പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുകണ്ട്അതുവഴി പോയവരെല്ലാം അവനെ ശ്രദ്ധിക്കാൻതുടങ്ങി.

സമയം ഒമ്പതര ആയി.

അവൻഒരു നിമിഷം ചിന്തിച്ചു നിന്നു. പെട്ടെന്ന് അവന്റെ മുഖം രൗദ്രഭാവത്താൽ തിളങ്ങി. അവന്റെ കറുത്ത വർണ്ണത്തിൽ നിന്നും ചുവന്ന തീപ്പൊരികൾ പാറിപ്പറന്നു.

നോട്ടീസ് ബോർഡിന്റെ അടുത്തെത്തിയപ്പോൾ അവൻ നിന്നു. തന്റെ വലതു കരം പൊക്കി മുഷ്ടി ചുരുട്ടി നോട്ടീസ് ബോർഡിന്റെ ചില്ലുകളിൽ ആഞ്ഞിടിച്ചു. ചില്ലുകൾ പൊട്ടിത്തകർന്നുസിമിന്റു തറയിൽ ചിതറി വീണു. കുപ്പിച്ചില്ലിന്റെ കക്ഷണങ്ങൾ അവന്റെ ത്വക്കിലൂടെ കയറിയതിനാൽ രക്തം ഊറി വന്നു. എന്നിട്ടും അവനു വേദന തോന്നിയില്ല. ആ പ്രവൃത്തി ആവർത്തിക്കാൻ പ്രചോദനം വർദ്ധിച്ചു. വീണ്ടും വീണ്ടും അവൻ നോട്ടീസ് ബോർഡുകൾ തകർത്തു. ഓരോന്നും തകർക്കുമ്പോഴും അവന്റെ മുഖത്തു പൈശാചികഭാവം നിറഞ്ഞു നിന്നിരുന്നു. ആ ഭാവത്തിന്റെ സാന്ദ്രത ഏറിയേറി വന്ന് അവനെ പൊതിഞ്ഞു. അവനൊരു അര ഭ്രാന്തനായി മാറി. നിമിഷങ്ങൾക്കുള്ളിൽ അഞ്ചു നോട്ടീസ് ബോർഡുകളുടെ ചില്ലുകൾ പൊട്ടിത്തകർന്നു തരിപ്പണമായി.

ശബ്ദം കേട്ട് അദ്ധ്യാപകരും വിദ്യാർത്ഥികളും സംഭവ സ്ഥലത്തെത്തിച്ചേർന്നു. വീണ്ടും ഇടിക്കാൻ പൊക്കിയ കരം ഒരു വിദ്യാർത്ഥി പിടിച്ചു നിർത്തി.

അവൻ കുതറി മാറാൻ ശ്രമിച്ചുകൊണ്ട്അലറി. ''വിടെന്നെ. കൊല്ലും ഞാൻ. തകർക്കും ഞാൻ എല്ലാറ്റിനെം. വിടെന്നെ, വിടെടാ പട്ടികളെ.''

അപ്പോഴേക്കും മൂന്നു വിദ്യാർത്ഥികൾ അവനെ ബലമായി പിടിച്ചു കഴിഞ്ഞിരുന്നു. തന്റെ ശക്തി മുഴുവൻ പ്രയോഗിച്ചവൻ കുതറിക്കൊണ്ടിരുന്നു.

പ്രിൻസിപ്പാളും ശബ്ദം കേട്ടിറങ്ങി വന്നു.

''അയാളെ ആ മുറിയിലേക്കു കൊണ്ടുപോകൂ.'' അതിനടുത്തുള്ള അദ്ധ്യാപകരുടെ മുറിയിലേക്കു ചൂണ്ടിക്കൊണ്ട് പ്രിൻസിപ്പാൾ ആജ്ഞാപിച്ചു.

അവനെ ആ മുറിയിൽ കയറ്റി കതകടച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും കൂടി അവനെ മെരുക്കിയെടുക്കാൻ ശ്രമിച്ചു. ഉപദേശങ്ങളും സാന്ത്വന വാക്കുകളും കേട്ട്അവൻ അലറി. ''എല്ലാത്തിനേം ഞാൻ കൊല്ലും.''

ബോധമില്ലാത്തവനെപ്പോലെ അവൻഅലറി വിളിച്ചു. ഒരു വിദ്യാർത്ഥി അവിടെയിരുന്ന കൂജയിൽ നിന്നും വെള്ളം എടുത്ത് അവന്റെ മുഖത്ത് ഒഴിച്ചു. ഞെട്ടിയുണർന്നവനെപ്പോലെ അവൻ നിന്നു വിറച്ചു.

അല്പനേരത്തിനു ശേഷം അവൻ ശാന്തനായി.

രക്ഷപ്പെടാനുള്ള വികാരവേശത്താൽ അവന്റെ ബോധം നശിച്ചിരുന്നു. ഉപബോധമനസ്സിന്റെ പൂർണ്ണമായ നിയന്ത്രണത്തിലായിരുന്നു,അവൻ പ്രവർത്തിച്ചത്. കുപ്പിച്ചില്ലുകൾ വലതു കരത്തിലെ ഞരമ്പുകളിൽ ആഴ്ന്നിറങ്ങിയത് അവനറിഞ്ഞതേയില്ല. രക്തം ഒഴുകിയതും അവൻ കണ്ടില്ല.

അവൻശാന്തനായപ്പോൾ ഒരു അദ്ധ്യാപകൻ സ്‌നേഹരൂപേണതിരക്കി. ''ശശി, ശശിക്കെന്തു പറ്റി?''

''എനിക്കു വീട്ടിൽ പോണം.'' ശശിപറഞ്ഞു.

''അതിനെന്താ പോകാമല്ലോ.''

''എനിക്കിപ്പോ പോണം. ഇവിടെ എനിക്ക് നിക്കാൻ വയ്യ.എല്ലാരുംകൂടി എന്നെ കൊല്ലും. എന്നെ വിടണം. ഉടനെ തന്നെ വിടണം.'' അവൻ സ്വരം ഉയർത്തി കരഞ്ഞു പറഞ്ഞു. അതു പറയുമ്പോൾ അവൻ നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു.

''ശശിക്ക് പോകണമെന്ന് നിർബന്ധമാണെങ്കിൽ ഇന്നുതന്നെ കൊണ്ടുവിട്ടേക്കാം. പോരേ?'' അദ്ധ്യാപകന്റെ സാന്ത്വനവചനം കേട്ട് ശശി അനങ്ങാതെയിരുന്നു.

പ്രിൻസിപ്പാൾ പ്രൊഫസ്സറന്മാരെയും യൂണിയൻ ചെയർമാൻ തോമസിനെയും വിളിപ്പിച്ച് അഭിപ്രായം ആരാഞ്ഞു. ആ അവസ്ഥയിൽ ശശിയെ വീട്ടിൽ കൊണ്ടു ചെന്നാക്കുന്നതാണ്ഉത്തമം എന്നു തീരുമാനിച്ചശേഷംപ്രാവർത്തികമാക്കാൻ തോമസിനെ ഭരമേൽപിച്ചു.

ഒരു കാറിൽ ശശിയെ ആദ്യംആശുപത്രിയിലേക്കു കൊണ്ടു പോയിമുറിവുകളിൽ മരുന്നു വച്ചു കെട്ടി. അവിടെ നിന്നും നേരേ അവന്റെ വീടിനെ ലക്ഷ്യമാക്കി കാർ പാഞ്ഞു.

മാഷ്, ഭദ്രൻ, ജോസ്, ലൂയി, ബിജു, ചെയർമാൻ തോമസ് എന്നിവർ ശശിയെ കാറിൽ അനുഗമിച്ചു.തലേ രാവിൽ തന്നെ കഷ്ടപ്പെടുത്തിയവർ കൂടെ വന്നിട്ടും ഭാവഭേദമോ ദേഷ്യമോ കൂടാതെ ശശി നിശ്ശബ്ദനും ശാന്തനും ആയി കാറിൽ ഇരുന്നു.

കാർ അതിവേഗം പാഞ്ഞു. കാറ്റ് ശക്തിയായി കാറിനുള്ളിലേക്ക് അടിച്ചുകയറി. കാറിന്റെ വേഗം വർദ്ധിക്കുന്തോറും കാറ്റിന്റെ ശക്തിയും വർദ്ധിച്ചു. കാറ്റിന്റെ താഡനമേറ്റു യാത്രക്കാരുടെ മുടി പാറിപ്പറന്നു.

എല്ലാവരുടെയും ചുണ്ടുകളിൽ വേര് ഉറപ്പിച്ചുകൊണ്ട് മൗനത്തിന്റെ വാചാലത കാറിനുള്ളിൽ ഒരു വള്ളി പോലെ പടർന്നു കയറി. ഓരോരുത്തരും അവരവരുടെ ചിന്തകളാൽ മഥിക്കപ്പെട്ടു. ശശി തന്റെ സ്വപ്നസാക്ഷാൽക്കാരത്തിൽ ആഹ്ലാദചിത്തനായി കാറിനു വെളിയിലേക്കു നോക്കിക്കൊണ്ട് ഇരുന്നു.

കുറെ ദൂരം പിന്നിട്ടപ്പോൾ മാഷ് മൗനം ഭഞ്ജിച്ചു.''എടൊ ശശി, തനിക്ക് ഞങ്ങളൊട് ദേഷ്യം വല്ലതും തോന്ന്ണുണ്ടോ?''

മാഷിന്റെ സ്വരം കേട്ട് ഞെട്ടിയുണർന്നതു പോലെ എല്ലാവരും മാഷിനെനോക്കി.

ശശി മാഷിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അല്പനേരം മൗനം ഭജിച്ചിരുന്നു. എന്നിട്ട് വെളിയിലേക്കു ദൃഷ്ടികൾ പായിച്ചു. ''എനിക്കാരോടും ഒരു ദേഷ്യവും തോന്നുന്നില്ല.''

''പിന്നെ താൻ ഒന്നും മിണ്ടാണ്ടിരിക്ക്‌ണെ?''

''എന്തു മിണ്ടാനാ?''

''തന്റെ വീട്ടിലെക്ക് തിരുവനന്തപുരത്തുന്നും എത്ര കിലോമീറ്റർ ഉണ്ട്?'' മാഷ് ചോദിച്ചു.

''മുപ്പത്തഞ്ചു കാണും.''

''വീട്ടിൽ ആരൊക്കെണ്ട്?''

അവൻ അതിനുത്തരം പറഞ്ഞില്ല.

''പറയാൻ ഇഷ്ടല്ലെങ്കിൽ പറയ്ണ്ടാ. കെട്ടൊ? വെറുതെ അറിയാൻ ചൊദിച്ചെന്നെയുള്ളു.''

''അച്ഛനും അമ്മയും അഞ്ചു പെങ്ങന്മാരും ഉണ്ട്.''

''താൻ പ്രീഡിഗ്രിക്ക് എവിടെയാ പഠിച്ചത്?''

''തിരുവനന്തപുരം എം.ജി. കോളേജിൽ.''

''താനാണൊ വീട്ടിൽ മൂത്തത്?''

''അല്ല.എന്റെ അച്ഛൻ.''

അതു കേട്ട് എല്ലാവരും ചിരിച്ചപ്പോൾ മാഷും ചിരിച്ചു. ശശി മാത്രം ചിരിച്ചില്ല.

''അതല്ല. പിള്ളെരിൽ താനാണൊ മൂത്തതെന്ന്?''

''അതെ.''

''തനിക്ക് ഞങ്ങളൊട് ദേഷ്യംന്നും തൊന്ന്ണില്ലന്നല്ലെ പറഞ്ഞെ. പിന്നെന്തിനാ ഇന്ന് ഈ ബഹളെല്ലാം ഉണ്ടാക്കിയെ?''

അവൻ ചോദ്യം കേട്ട്അല്പനേരം മൗനം ഭജിച്ചിരുന്നിട്ടു പറഞ്ഞു. ''എനിക്ക് അവിടെ പഠിക്കാൻ വയ്യാ.

''അതിനു കാരണം?'' ചെയർമാൻ തോമസ്‌ചോദിച്ചു.

അവൻ അതിനുത്തരം പറഞ്ഞില്ല.

അനർഘമായ നിമിഷങ്ങളുടെ താളാത്മകമായ ചലനങ്ങൾക്കൊത്ത് അവരുടെ ചിന്തകളും പുളഞ്ഞു മേഞ്ഞു. ബൃഹത്ത് വിസ്തീർണ്ണമുള്ള ഹൃദയസ്പൃക്കായ ചിന്തകൾ. ധ്രുവങ്ങളുടെ കഠിനതയുള്ള സങ്കീർണ്ണതകൾ മുറ്റിനില്ക്കുന്ന ചിന്തകൾ. അവയുടെ ആഘാതത്തിൽ സ്പന്ദനങ്ങൾ നിലയ്ക്കാൻ വെമ്പി. ആത്മാവിന്റെ കോണുകളിലൂടെ പുറത്തു ചാടുന്ന സീൽക്കാരങ്ങൾ മൗനത്തിന്റെ മാറാലയിൽ തുരങ്കങ്ങൾ സൃഷ്ടിച്ചു. അഗോചരമായ വായു സ്പർശനത്താൽ രോമാഞ്ചമണിയുന്ന പ്രകൃതിയുടെ രോമകൂപങ്ങൾ എഴുന്നു നിന്നു മിനുങ്ങി. മാരുതന്റെ സീൽക്കാരവും എതിരേ വന്ന വാഹനങ്ങളുടെ ഗർജ്ജനങ്ങളും ആ കാറിന്റെ ഞരക്കവും മൗനത്തെ ഭഞ്ജിച്ചു.

അംബരത്തിന്റെ മാറിൽ നിന്നും കീഴോട്ടൊഴുകുന്ന രശ്മികളാൽ പ്രകാശപൂരിതമായ ധരണി.ഭൂമിയുടെ മുകളിൽ അങ്ങിങ്ങായി എഴുന്നു നില്ക്കുന്ന മൊട്ടക്കുന്നുകൾ. അതിലെ ധവളരസം നുണയാൻ ഓടിയെത്തി നിന്നു കിതയ്ക്കുന്ന അന്തരീക്ഷം.

ആനാഹമേറിയ ആ യാത്രയുടെ അവസാനത്തെക്കുറിച്ചുകൊണ്ട് കാർ ശശി ജനിച്ചു വളർന്ന ഗ്രാമഭംഗിയിൽക്കൂടി ഇരമ്പി ഓടിത്തുടങ്ങി. വലിയ കെട്ടിടങ്ങളോ മണിസൗധങ്ങളോ ഇല്ലാത്ത ശാന്തമായ കുഗ്രാമം.

തലയെടുത്തു നില്ക്കുന്ന വൃക്ഷങ്ങളുടെ പച്ചനിറംശോഭയുള്ളവയായി പരിലസിച്ചു. ഗ്രാമസുന്ദരിക്കു മുത്തുക്കുട ചൂടിക്കാനെന്നവണ്ണം കേരവൃക്ഷങ്ങൾ അങ്ങിങ്ങായി വളർന്നു നില്ക്കുന്നു. മുത്തുക്കുടകൾക്കിടയിലും കൊച്ചു കൊച്ചു കുടകളുമായി നില്ക്കുന്ന കമുങ്ങുകളും.

ആ ഗ്രാമത്തിലെ കാറ്റിന് ഒരു സുഗന്ധമുണ്ടായിരുന്നു. ശാന്തിയുടെ സുഗന്ധം. നിശ്ശബ്ദതയുടെ നറുമണം. പട്ടണത്തിലെപ്പോലെ ഗർജ്ജനങ്ങൾ എന്തെന്നറിയാതെ ആടിക്കളിക്കുന്ന തരുലതാദികൾ.

കൊച്ചു കൊച്ചു വാഹനങ്ങൾക്കു പോകാൻ തക്ക റോഡുകൾനെടുനീളത്തിൽ നിലകൊണ്ടു. കാർ വീതി കുറഞ്ഞഒരു നിരത്തിലൂടെ മെല്ലെ പാഞ്ഞു.

ആ ഗ്രാമത്തിലും കാർ എത്തിയതിലുള്ള സന്തോഷാധിക്യത്താൽ ധൂളിപടലങ്ങൾ ധൂളിച്ചു വിട്ടു, ഗ്രാമസുന്ദരി. വളവു തിരിഞ്ഞ് കൊച്ചു കൊച്ചു വീടുകൾ നിരന്നു നില്ക്കുന്ന ഒരു ചെറിയ പാതയിൽ കാർ എത്തി. ചാണകം മെഴുകിയ തറയും ഭിത്തികളുമുള്ള വീടുകൾ. മണ്ണു കുഴച്ച ചെളിയിൽ നിന്നും വാർത്തെടുത്ത കട്ടകൾ ഭിത്തിയായി നിലകൊള്ളുന്നു.

ഓല മേഞ്ഞ ആ കുടിലുകളിൽ അരച്ചാൺ വയറിനു വേണ്ടി വേല ചെയ്യുന്ന രാജ്യത്തിന്റെ അഭിമാന ഭാജനങ്ങൾ. അവർക്ക് അമ്മ അപ്പ•ാർ മറ്റുള്ളവരെ കബളിപ്പിച്ചു സമ്പാദിച്ച സ്വത്തുക്കളോ പണം നിറച്ച ചാക്കുകളോ ഇല്ല. കഷ്ടപ്പെട്ടു വയറു നിറയ്ക്കാൻ വിധിക്കപ്പെട്ട, സമൂഹത്തിന്റെ ജീവനായ, സമൂഹം എന്ന ക്രൂരമൃഗത്തിന്റെ ആട്ടും ചവിട്ടും ഏൽക്കേണ്ടി വരുന്ന ഒരുപറ്റം മനുഷ്യർ. അവർ വേല ചെയ്തു ജീവിക്കുന്നു.ആ കുടിലുകളിൽ അന്തിയുറങ്ങുന്നു. അവർ ജനിച്ചതും ജീവിക്കുന്നതും മരിക്കാൻ പോകുന്നതും അവയിൽ തന്നെ. ആ ഗ്രാമത്തിൽ പണം അധികമായതിന്റെ ഉറക്കമില്ലായ്മ ഇല്ല. നാളയെക്കുറിച്ചുള്ള മനോവേദനയില്ല.

'ഇന്നത്തേടം ഇന്ന്. നാളത്തേടം നാളെ'. അതാണ് അവരുടെ മുദ്രാവാക്യം. നാളയെപ്പറ്റി അവർ വിഷമിക്കാറില്ല.

''ആ കാണുന്ന വീടിന്റെ മുമ്പിൽ വണ്ടി നിർത്തണം.'' ശശി ഒരു ഓലക്കുടിൽ ചൂണ്ടിക്കാട്ടി പറഞ്ഞു. കാർ ആ കുടിലിന്റെ മുമ്പിൽ നിന്നു.

കുടിലിനുള്ളിൽ നിന്നും മദ്ധ്യവയസ്‌കയായ ഒരു സ്ത്രീയും രണ്ടു യുവതികളും ഇറങ്ങി വന്നു. ശശിയുടെ അമ്മയും പെങ്ങന്മാരും. അന്നവർക്കു വേലയില്ലാതിരുന്നതിനാൽ അവടെയുണ്ടായിരുന്നു.അവർ കാര്യം പിടി കിട്ടാതെ പകച്ചു നിന്നു.

കാറിന്റെ ഇരമ്പൽ കേട്ട് കാറിൽ വന്നത് ആരാണെന്നറിയാൻ അടുത്തുള്ള കുടിലുകളിൽ നിന്നും സ്ത്രീപുരുഷന്മാരുംകുട്ടികളും ഇറങ്ങി വന്നു.

ശശികുടിലിലേക്കു കയറിപ്പോകുമ്പോൾ തന്നെ അനുഗമിച്ചവരെ അങ്ങോട്ടുക്ഷണിച്ചു.

തോമസ് പറഞ്ഞു. ''താൻ പോയിട്ടു വാ. ഞങ്ങൾ ഇവിടെയിരിക്കാം.''

അവന്റെ പിന്നാലെ അമ്മയും പെങ്ങന്മാരും കുടിലിനുള്ളിലേക്ക്കയറിപ്പോയി.

അവൻ ഒരു വെട്ടുകത്തിയുമായി ഇറങ്ങി വരുന്നതു കണ്ട് കാറിലിരുന്നവർക്കു ഭയം തോന്നി. അവന്റെ പുറകാലെഅമ്മയും പെങ്ങന്മാരും ഇറങ്ങി വന്നു.

''എന്തിന്ണ് അയാൾ വെട്ടുകത്തിയുമായി വര്ണത്?'' മാഷ് സ്‌നേഹിതരോടു ചോദിച്ചു.

''പകരം ചോദിക്കാൻ.''ഭദ്രൻ ഉരുവിട്ടു.

''സൈഡ് ഗ്ലാസ്സുകൾ വേഗം കയറ്റിയിട്ട്കാർ വിടാൻ റെഡിയാക്കി നിർത്തിക്കോഡ്രൈവർ? പരിചയമില്ലാത്ത നാടാ. എല്ലാം കൂടി ശരിപ്പെടുത്തിക്കളയും.''ഭദ്രൻ വീണ്ടും മന്ത്രിച്ചു.

തലേ രാത്രിയിൽ കാട്ടിക്കൂട്ടിയതിനുശശിതങ്ങളോടുപകരം ചോദിക്കാൻപോകുകയാണോ എന്നവർ സംശയിച്ചു.

''നമ്മൾ ഇത്രേം പേരില്ലേ. വല്ലോം ചെയ്യാൻ വന്നാൽ തന്നെ അടിച്ചു താഴെ കളഞ്ഞിട്ട് രക്ഷപ്പെടാം. പേടിക്കേണ്ടാ.'' തോമസ് അവര്ക്ക് ധൈര്യം പകർന്നു കൊടുത്തു.

എല്ലാവരും ശശിയുടെ നടപ്പു സസൂക്ഷ്മം ശ്രദ്ധിച്ചുകൊണ്ട് കാറിൽഇരുന്നു.

ശശിവെട്ടുകത്തി വലതു കൈയിൽ പിടിച്ച് ആഞ്ഞു വീശിക്കൊണ്ടു നടന്നടുത്തു. അവന്റെ അപ്പോഴത്തെ മുഖഭാവം അവരുടെ ഭയം വർദ്ധിപ്പിച്ചു.

ഭദ്രന്റെ ഹൃദയം ദ്രുതഗതിയിൽ ചലിച്ചുകൊണ്ടിരുന്നു.

അവരുടെ അടുത്തെത്തിയപ്പോൾ ശശി പറഞ്ഞു. ''വരൂ അങ്ങോട്ടു കേറിയിരിക്കാം.''

ശശി വീണ്ടും ക്ഷണിച്ചിട്ടും അവർ കാറിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞില്ല.

''കൊച്ചു കുടിലാണേലും അങ്ങോട്ടൊന്നു കേറിയിരുന്നാട്ടെ കുഞ്ഞുങ്ങളെ.'' ശശിയുടെ അമ്മയും അപേക്ഷിച്ചു.

''വേണ്ടാ. ഞങ്ങൾ ഇവിടെ നില്ക്കാം.'' അവർ കാറിൽ നിന്നും വെളിയിൽ ഇറങ്ങി.

''വരൂന്നേ. കരിക്ക് വെട്ടിത്തരാം.'' ശശി അവരുടെ മുഖങ്ങളിലേക്കു നോക്കി.

''അല്ലേൽ നിങ്ങൾ ഇവിടെ നില്ല്.ഞാൻ വെട്ടിക്കൊണ്ടു വരാം.''

നല്ല പരിചയമുള്ളവനെപ്പോലെശശി അതിവേഗത്തിൽ കുടിലിന്റെ മുമ്പിൽ നില്ക്കുന്ന ഒരു തെങ്ങിൽ ചാടിക്കയറി. തെങ്ങിൽനിന്നും ഒരു കരിക്കുകുല താഴെ വീണ് കരിക്കുകൾ ചിതറിത്തെറിച്ചു.

അപ്പോൾശശിയെ അനുഗമിച്ചവർ കൂരയുടെ മുറ്റത്തേക്കു കയറി നിന്നു.

സന്തോഷത്തോടെ അവർ ഇളനീരു കുടിച്ചു ക്ഷീണം തീർത്തു.

അയൽപക്കത്തെ കുടിലുകളിലെ കുട്ടികൾ കാറിന്റെ ചുറ്റും കൂടി നിന്ന് അതിൽ തൊട്ടു നോക്കുകയും വരച്ചു നോക്കുകയും ചെയ്തു. അവർ എന്തോ അത്ഭുതം കണ്ട ആനന്ദത്തോടെ കാറിനു ചുറ്റും ഓടിച്ചാടി നൃത്തം ചവിട്ടി.

ആതിഥേയന്റെ ആതിഥ്യ മര്യാദയിൽ നന്ദി അറിയിച്ചുകൊണ്ടു അതിഥികൾ കാറിൽ കയറി.

കാർ പുക തള്ളിക്കൊണ്ടു ഞരങ്ങി നീങ്ങി.

കുട്ടികൾ കൂകി വിളിച്ചുകൊണ്ടു പുറകേയും ഓടി.

ശശിയെ കൊണ്ട് വിടാൻ പോയവർ ഹോസ്റ്റലിൽ തിരിച്ചെത്തുമ്പോൾ തരിമ്പും വെളിവ് ഉണ്ടായിരുന്നില്ല. അവർ കാറിൽ വന്നിറങ്ങുന്നതും സീനിയർ ഹോസ്റ്റലിലേക്ക് കയറി പോകുന്നതും ജൂനിയർ ഹോസ്റ്റലിന്റെവ മുമ്പിൽ നില്ക്കുകയായിരുന്ന വിനോദ് കണ്ടു.

'എന്തിനാണ് അവർ ശശിയെ പീഡിപ്പിച്ച് ഓടിച്ചത്? റാഗിങ് അവസാനിച്ചു എന്നു പറയുമ്പോഴും ഏതു സമയത്തും വേണമെങ്കിൽ അവര്ക്കു റാഗ് ചെയ്യാമെന്ന അവസ്ഥ.'അവൻ ചിന്തിച്ചു.

'ഒരു ദരിദ്ര കുടുംബത്തിന്റെഅ രക്ഷകനാകേണ്ടവനെയാണ് അവർ ഓടിച്ചു വിട്ടത്. ഒരു സാധു കുടുംബത്തിന്റെു ഉയര്ച്ച്ക്കാണ് അവർ വിഘാതം ഉണ്ടാക്കിയത്. ദാരിദ്ര്യത്തിൽ നിന്നും മോചനം നേടാനുള്ള ആ പാവങ്ങളുടെ അവസരമാണ് അവർ നഷ്ടപ്പെടുത്തിയത്.

തങ്ങളുടെ ജൂണിയറായി പഠിച്ചവനെ എക്കാലവും നിസ്സാരനാക്കാനുള്ള വ്യഗ്രത അതിൽ ഒളിഞ്ഞു കിടക്കുന്നു.അവരുടെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് അവരുടെമേൽ ആധിപത്യം സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രത മാത്രമാണ് അത്തരം ദുഷ്ടമാനസരുടെചേതോവികാരം എന്ന് വിനോദിനു തോന്നി.

ഇരയുടെ ഭയംവേട്ടക്കാരനു പ്രചോദനം നല്കുന്നു. അതുവേട്ടക്കാരന്റെി ധൈര്യമായി മാറുന്നു.

നക്‌സൽ എന്ന സാങ്കേതിക നാമത്തിന് അവനെ യോഗ്യനാക്കിയത് എന്താണ്? അവന്റെ നിറമോ, അവന്റെത കുലമോ?

നക്‌സൽ എന്നപേരു നല്കി അവഹേളിച്ചുകൊണ്ട് അതുവരെയുള്ള ശശിയുടെ വ്യക്തിത്വം അവർ ഇല്ലാതാക്കി. നഗ്‌നനാക്കി നിര്ത്തിി വൈകൃതങ്ങൾ ചെയ്യിച്ചു രസിച്ചുകൊണ്ട് അവന്റെത പ്രതിച്ഛായ ശൂന്യമാക്കി. ഒരു മനുഷ്യനെ അനാവൃതമാക്കി ഒന്നുമല്ലാതാക്കുന്ന അവസ്ഥയിൽ വേട്ടക്കാർ ഉയര്ന്നകവരും ഇരകൾ താഴ്ന്നവരുമായി മാറുന്നു.

ജീവചൈതന്യം നഷ്ടപ്പെടുമ്പോൾ ക്രിമികള്ക്കും പുഴുക്കള്ക്കും തീറ്റയാവേണ്ട മലിനവുംപാപപങ്കിലവുമായ ജഡം തിരുമേനിയെന്നു സ്വയം നടിച്ച്, ചിന്താശക്തി നഷ്ടപ്പെട്ട സാധാരണ ജനങ്ങളുടെ മേൽ വാഴ്ച നടത്തി സ്വയം പ്രഖ്യാപിത പരിശുദ്ധന്മാരായി കാലക്ഷേപം ചെയ്തുകൊണ്ട് ജീവിതം ആസ്വദിക്കുന്നതു കാണുന്ന അവരുടെ പിൻതലമുറക്കാർ തങ്ങളുടെ ജൂണിയർ വിദ്യാര്ത്ഥി കളുടെ സ്വാതന്ത്ര്യത്തിന്റൊ മേൽ കത്തി വച്ചുകൊണ്ട് അവരുടെ മേലുള്ള ആധിപത്യം, മേല്‌ക്കോ യ്മ, അധികാരം,ഒക്കെ റാഗിങ് എന്ന തിന്മപ്രവൃത്തിയിലൂടെ സ്ഥാപിച്ചെടുക്കുന്നു.

ഉന്നതങ്ങളിൽ നിന്നും പ്രാപിക്കാതെ സ്വയം സ്ഥാപിച്ചെടുത്ത അത്തരം സ്ഥാനങ്ങൾ ഒരു അവകാശം പോലെ അണിഞ്ഞു നടന്ന ജീവൻ നഷ്ടപ്പെട്ട മേനി ആരുടേതായാലും സമയത്തോടു സമയം അടുക്കും മുമ്പേ ജീര്ണ്ണി ച്ചു തുടങ്ങാനുള്ളതാണ്. അഴുകാനുള്ളതാണ്. എല്ലാ തിരുമേനികളും കീടങ്ങൾ തിന്നു തീര്ക്കും . അതിനു പ്രത്യേക പരിഗണനയൊന്നും ഒരു കീടവും നല്കില്ല. അല്ലെങ്കിൽ തീയ്ക്കു ഭക്ഷണമാകണം.

സൃഷ്ടാവായ ദൈവത്തിന്റെര മുമ്പിൽ എല്ലാ മനുഷ്യരും സമന്മാരാണെങ്കിൽ എന്തിനു ചില മനുഷ്യർ മാത്രം തിരുമേനിയെന്നു സ്വയം നടിച്ച് ഉന്നതങ്ങളിൽ നിന്നും ലഭിക്കാത്ത തിരുമേനി എന്ന മേല്വംസ്ത്രം ധരിച്ചുകൊണ്ട് സ്വന്ത സിംഹാസനങ്ങൾ പണിത് അതിൽ ഉപവിഷ്ടരായി മറ്റുള്ളവരെ അപഹസിക്കുന്നു.

ആ തിരുമേനിവര്ഗ്ഗം മറ്റുള്ളവരേക്കാൾ ശ്രേഷ്ഠരാണെന്ന സ്വയം ഭാവം കൈവരിച്ചു സമുദായങ്ങള്ക്കും മേൽ ഇരുന്നരുളുന്നതു പോലെഅവരുടെ ചേഷ്ടകൾ അരങ്ങേറുന്ന സമുദായങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും വരുന്ന റാഗിംഗിലെ വേട്ടക്കാരുംപുതുകാലതിരുമേനിമാർ ആയി ചമയുന്നു.

ആത്മീയലോകത്തു പോലും വിഷച്ചെടികൾ മാതിരി കടന്നു കൂടിയിരിക്കുന്ന അത്തരം സ്വയം പ്രഖ്യാപിത ശ്രേഷ്ഠന്മാിരെ കണ്ടു വളരുകയും അവരുടെ ബാഹുല്യത്താൽ ശ്വാസം മുട്ടി ജീവിക്കേണ്ടി വരികയും ചെയ്യുന്ന സമൂഹത്തിൽ ഇത്തരം പുതുകാല തിരുമേനികൾ മനുഷ്യരെ അടിമകൾ ആക്കുന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

സമൂഹത്തിൽ അരങ്ങേറുന്ന ഇത്തരം മാലിന്യകാര്യങ്ങളാണ് മറ്റെല്ലാ തിന്മകളുടെയും മൂല കാരണം. അത്തരം കാര്യങ്ങൾ സമൂഹത്തിൽ നിന്നും മാറാത്തിടത്തോളം കാലം റാഗിങ് എന്ന തിന്മയും ഒഴിഞ്ഞു പോകില്ല. രണ്ടിലും ഒരേ ഉദ്ദേശ്യം അരങ്ങേറുന്നു. സഹജീവികളുടെ വ്യക്തിത്വത്തിൻ മേലുള്ള അഹംഭാവത്തിന്റെങയും ആധിപത്യത്തിേെന്റയും കടന്നു കയറ്റം.

അത്തരം അതിക്രമങ്ങള്‌ക്കൊ്ന്നിനും പ്രതിവിധിയുണ്ടാകുന്നില്ല. കാലാകാലങ്ങളായി സമൂഹത്തിൽ നടക്കുന്ന ഒരിക്കലും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായിഅത് സമൂഹത്തിന്റൊ മുമ്പിൽ ഇപ്പോഴും നിറഞ്ഞാടുന്നു. ജനങ്ങളുടെ മുഖത്തു നോക്കി കൊഞ്ഞനം കാണിക്കുന്നു.

ആ ചിന്തകൾ തന്നെ ഭ്രാന്തു പിടിപ്പിക്കുന്നതു പോലെ വിനോദിനു തോന്നി. അവൻ എഴുന്നേറ്റ് ജലനരികിൽ ചെന്ന് വെളിയിലേക്കു നോക്കി. അരണ്ട വെളിച്ചത്തിലും അങ്ങ് ദൂരെ മലകൾ കാണാം.

അവൻ ആ മലകളെ നോക്കി മന്ത്രിച്ചു.

ഹേ...അടിമകളെ ഉറക്കെ കരയുക...ഹേ സൃഷ്ടികളെ തല കുനിക്കുക...കുനിഞ്ഞ ശിരസ്സുമായി നിന്നുവിലപിക്കുക.

(സന്ദര്ശിക്കുക: Writer's facebook page: www.facebook.com/geemalayil)

(തുടരും................)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)