- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഘുറാം രാജൻ ബ്രിട്ടന് മുന്നറിയിപ്പ് നൽകുമ്പോൾ തള്ളിക്കയരുതെന്നു സാമ്പത്തിക ലോകം; മലയാളിക്ക് ഞെട്ടാൻ ആവശ്യത്തിലേറെ; വീടിന്റെ കാര്യത്തിൽ ഇനി കഷ്ടപ്പാടിന്റെ നാളുകളോ? ഇനിയൊരു ലോക്ക്ഡൗൺ വന്നാൽ യുകെയുടെ കാര്യം കട്ടപ്പൊക
ലണ്ടൻ: സാധാരണക്കാരായ ആളുകൾ പോലും ഓർത്തിരിക്കുന്ന പേരാണ് മുൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ രഘുറാം രാജന്റേത്. കാരണം അദ്ദേഹം വെറും ഒരു സാമ്പത്തിക വിദഗ്ധൻ മാത്രമായിരുന്നില്ല, ഒരു യഥാർത്ഥ സാമ്പത്തിക ജ്യോത്സൻ കൂടിയായിരുന്നു. ലോക ഞെട്ടിയ 2008ലെ സാമ്പത്തിക മാന്ദ്യം കൃത്യമായി പ്രവചിച്ച് ഇന്ത്യയെ തന്റെ കൈക്കരുതലിൽ നിർത്തിയതോടെയാണ് ലോകം അദ്ദേഹത്തിന്റെ വാക്കുകൾക്ക് എന്തെന്നില്ലാത്ത പ്രാധാന്യം നൽകിത്തുടങ്ങിയത്. അതൊടുവിൽ 2018ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് തേടുന്ന പുതിയ ഗവർണർ എന്ന പേരിൽ വരെ എത്തി നിന്നു.
മാധ്യമ ലോകം അദ്ദേഹത്തിന്റെ പേര് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തലപ്പത്ത് എത്തും എന്ന നിലയിൽ നന്നായി ആഘോഷിച്ചെങ്കിലും അദ്ദേഹം ആ ജോലിക്ക് അപേക്ഷ നൽകാൻ തയ്യാറായില്ല. എന്നാൽ തന്റെ ഇഷ്ട മേഖലയായ അദ്ധ്യാപനത്തിൽ ശ്രദ്ധിക്കാൻ ഉള്ള സമയം ആണെന്നാണ് രഘുറാം മറുപടി നൽകിയത്. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ തലപ്പത്ത് ഇരിക്കുമ്പോൾ പലിശ നിരക്കു നിശ്ചയിക്കുന്ന കാര്യത്തിൽ ഉൾപ്പെടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പലവട്ടം ഉടക്കിയ അദ്ദേഹം ഗതികെട്ടാണ് സ്ഥാനം ഉപേക്ഷിക്കുന്നതും.
ലോകമെങ്ങും ഇദ്ദേഹത്തിന്റെ വാക്കുകൾക്കായി കാത്തിരിക്കുകയാണ് എന്ന് തെളിയിക്കുന്നതാണ് ബ്രിട്ടീഷ് എക്കോണമിയെ സംബന്ധിച്ച അദേഹത്തിന്റെ നിരീക്ഷണത്തിനു ലഭിക്കുന്ന പ്രാധാന്യം. കോവിഡ് വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ അദ്ദേഹം നടത്തുന്ന നിരീക്ഷണങ്ങൾ യുകെ മലയാളികളെ സംബന്ധിച്ച് അതീവ പ്രാധാന്യം ഉള്ളതാണ്. പണപ്പെരുപ്പ നിരക്ക് കൂടുതൽ ഉയരത്തിലേക്ക് കുതിക്കാൻ ഉള്ള സൂചന നൽകി പെട്രോൾ ഡീസൽ വിലകയറുന്ന യുകെയിൽ സ്ഥിതിഗതികൾ കയ്യിൽ ഒതുങ്ങില്ലെങ്കിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ ഉയർത്തും എന്ന് വ്യക്തമായിരുന്നു. അതു പക്ഷെ അടുത്ത വർഷത്തിലേക്കാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ബാങ്ക് ഓഫ് ഇംഗണ്ടിന്റെ മുന്നിൽ വേറെ വഴിയില്ലെങ്കിൽ പലിശ നിരക്ക് വർധന നേരത്തെയാകും എന്നാണ് രഘുറാം പറയുന്നത്.
എങ്കിൽ യുകെ മലയാളികളുടെ കാര്യം എന്താകും?
ഒറ്റവാക്കിൽ പറയാനാകും, നന്നേ കഷ്ടപ്പെടും. പ്രത്യേകിച്ച് വലിയ വീട് വാങ്ങി വൻതുക മോർട്ട്ഗേജ് തലയിൽ ഏറ്റിയവർക്ക്. കാരണം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തിയാൽ മോർട്ട്ഗേജ് നിരക്കും കുത്തനെ ഉയരും. താണ പലിശയുടെ പുളപ്പു കണ്ടു വലിയ വീടുകളിലേക്ക് തിരിഞ്ഞവർക്ക് ഓരോ മാസവും നൂറുകണക്കിന് പൗണ്ട് കയ്യിൽ നിന്നും അധികമായി ചെലവാകും. ഇനിയും വീട് വാങ്ങാൻ ആഗ്രഹിച്ചിരിക്കുന്നവർക്കു തൽക്കാലം ആ ആഗ്രഹം മാറ്റിവയ്ക്കേണ്ടിയും വരും.
കൈവിട്ട കളിക്ക് ഒരു ബാങ്കും തയ്യാറാകില്ല. പലിശ നിരക്ക് ഉയർന്നാൽ എവിടെ വരെ എന്ന ചോദ്യത്തിന് തൽക്കാലം ഉത്തരമില്ല. യുകെ പോലെ ഒരു രാജ്യത്ത് എവിടെ വരെ വേണമെങ്കിലും ഉയരാം എന്നത് അധികം പഴക്കം ഇല്ലാത്ത ചരിത്രം പഠിപ്പിക്കുന്ന പാഠമാണ്. ഇക്കാരണങ്ങൾ മുന്നിൽ ഉള്ളതുകൊണ്ട് കൂടിയാണ് ലോകം ഗുരു എന്ന് വിളിക്കുന്ന രഘുറാമിന്റെ വാക്കുകൾക്ക് യുകെ മലയാളികൾ രണ്ടു കാതും കൂർപ്പിച്ചു ശ്രദ്ധ നൽകേണ്ടതും.
ഒരിക്കൽ ഐഎംഎഫ് സാമ്പത്തിക തലവൻ കൂടിയായിരുന്ന രഘുറാമിന്റെ വാക്കുകൾ അങ്ങനെ വെറുതെ തള്ളിക്കളയേണ്ടതുമല്ല. ലോക്ക്ഡൗൺ തുടർച്ചയായി എത്തിയാൽ സാധന വില കുത്തിയുയരുമെന്നും അത് ഒരു നിവർത്തിയും ഇല്ലാതെ നേരെ ജനങ്ങളിലേക്ക് തന്നെ എത്തുമെന്നും രഘുറാം പറയുന്നത് സാധാരണ കണക്കുകൾ വച്ച് മാത്രമാണ്. അതിനാൽ അതിന്റെ ലോജിക്കിനെ കുറിച്ച് ഒരു സാമ്പത്തിക വിദഗ്ധനും തർക്കവുമില്ല.
സംഭവിക്കാൻ പാടില്ലാത്ത കാര്യമൊന്നുമല്ല അദ്ദേഹം പറയുന്നത് എന്ന് സാമ്പത്തിക ലോകത്തിന്റെ വീഴ്ച്ചകൾ കണ്ടിട്ടുള്ള ആർക്കും സമ്മതിക്കാനുമാകും. ഇക്കാരണത്താൽ വലിയ ചെലവ് ഏറ്റെടുക്കരുതെന്നാണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്. അത് സാധാരണക്കാരായാലും ബിസിനസ് ലോകം ആയാലും സർക്കാരുകൾ ആയാലും. ഒരു കെടുതിയിൽ നിന്നും തല ഊരാൻ ഉള്ള സാവകാശം എല്ലാവരും കാട്ടണമെന്നു ചുരുക്കം.
വിലക്കയറ്റത്തിലൂടെ തകർച്ചയിലേക്ക്
വിലക്കയറ്റം അടുത്ത വർഷവും ഇതുപോലെ പരിധി വിട്ടു ഉയർന്നാൽ ലോകത്തെ എല്ലാ കേന്ദ്ര ബാങ്കുകൾക്കും പലിശ ഉയർത്തുക എന്നതല്ലാതെ മറ്റൊരു മാർഗം മുന്നിൽ ഇല്ല. യുകെയിലും ഇത് സംഭവിക്കുക തന്നെ ചെയ്യും. ഇതിന്റെ പ്രത്യാഘാതം ഏറെ വലുതും ആയിരിക്കും. യുകെയുടെ മോർട്ട്ഗേജ് വിപണി അത്രയധികം കേന്ദ്ര ബാങ്കിന്റെ തീരുമാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഒട്ടേറെ ആളുകൾക്ക് മോർട്ടഗേജ് അടയ്ക്കാൻ പോലും സാധിച്ചെന്നു വരില്ല. ഇത് ഏറ്റവും ഭയാനകമായ നിലയിലായാൽ വിപണി നെഗറ്റീവിലേക്കു പോകാം. അതായതു വീടുകളുടെ കുത്തനെയുള്ള വിലയിടിവ്. എന്നാൽ ഇത്തരം ഒരു ദുരന്തം തൽക്കാലം പ്രവചിക്കാൻ രഘുറാം തയ്യാറല്ല.
എന്നാൽ 2008 ലെ കുപ്രസിദ്ധമായ സാമ്പത്തിക മാധ്യം മൂന്നു വർഷം മുന്നേ ഏറ്റവും കൃത്യമായി പറഞ്ഞ ഒരാൾ എന്ന നിലയിലും തുടർന്ന് അദ്ദേഹം പറഞ്ഞ ഓരോ കാര്യവും അക്ഷരം പ്രതി സംഭവിച്ചതിനാലും ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള സാമ്പത്തിക വിദഗ്ധൻ എന്ന തരത്തിലാണ് രഘുറാം വിലയിരുത്തപ്പെടുന്നത്. അന്ന് രഘുറാമിനെ കളിയാക്കിയ അമേരിക്കൻ സാമ്പത്തിക ലോകം ഇന്ന് ഏറ്റവും വിശ്വാസ്യതയോടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുന്നത് എന്നത് കാവ്യനീതിയാവുകയാണ്. ആ നിലയ്ക്ക് യുകെ സമ്പദ് രംഗത്തെ കുറിച്ച് അദ്ദേഹം നടത്തുന്ന പ്രവചനങ്ങൾ ലണ്ടനിൽ ചലനം ഉണ്ടാക്കിക്കഴിഞ്ഞു.
മഹാമാരിയിൽ നിന്നും കരകയറാൻ ആയില്ലെങ്കിൽ കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അമിതമായ വിലക്കയറ്റം സൃഷ്ടിച്ചാൽ പോലും അത്ഭുതപ്പെടേണ്ട എന്നാണ് രഘുറാം പറയുന്നത്. യുകെയിൽ റെസ്റ്റോറന്റുകളും ഹോട്ടലുകളും ഒക്കെ ആവശ്യത്തിന് സപ്ലൈ ലഭിക്കാത്തതിനാൽ അടച്ചു പൂട്ടുന്നത് പോലെയുള്ള കാര്യങ്ങൾ അവർത്തിച്ചാൽ അതിനെ നേരിടാൻ വലിയ വില നൽകേണ്ടി വരും. മാത്രമല്ല സാധന വില കുതിച്ചുയരുമ്പോൾ ജീവനക്കാർ ശമ്പള വർധനവിന് മുറവിളി ഉയർത്തും. ഈ സാഹചര്യം നേരിടാൻ കമ്പനികൾ ഏറെ പ്രയാസപ്പെടും. കൂടുതൽ ലോക്ക്ഡൗൺ സർക്കാരുകൾ വീണ്ടു വിചാരം ഇല്ലാതെ നടപ്പാക്കിയാൽ റീറ്റെയ്ൽ, ടൂറിസം മേഖല ഒന്നാകെ തകർന്നടിയും.
ശൈത്യകാലത്തു കോവിഡ് വീണ്ടും ആഞ്ഞടിക്കും എന്ന് സർക്കാർ സൂചന നൽകിയ നിലയ്ക്ക് യുകെയിൽ മറ്റൊരു ലോക്ക്ഡൗൺ ആരും തള്ളിക്കളയുന്നില്ല. ഇക്കാരണത്താലാണ് രഘുറാമിന്റെ വാക്കുകൾ ഇടിത്തീ ആയി മാറുന്നത്. ഇപ്പോൾ തന്നെ ദിനംപ്രതി 30000 കോവിഡ് രോഗികൾ ആയതോടെ വിന്റർ കോവിഡ് കനത്ത ആശങ്ക ഉയർത്തുന്നുണ്ട്. വീണ്ടും ലോകത്തിനു മുന്നിൽ യുകെയിലെ മരണക്കണക്ക് ഉയരാതിരിക്കാൻ സർക്കാർ രണ്ടും കൽപ്പിച്ചു ലോക്ക്ഡൗണിലേക്കു നീങ്ങിയേക്കാം. എങ്കിൽ രഘുറാം പറയുന്ന കാര്യങ്ങൾ സംഭവിക്കാൻ ഏറെ എളുപ്പമാണ്.