ബ്രിട്ടനിലെ ലിവർപൂളിൽനിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് റഹിം സ്റ്റർലിങ് ചേരുമ്പോൾ, ഇംഗ്ലീഷ് ഫുട്‌ബോളിലെ ഏറ്റവും ചെലവേറിയ കൈമാറ്റങ്ങളിലാന്നായി അതു മാറും. 490 കോടി രൂപയ്ക്ക് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന റഹിം സ്റ്റർലിങ് ഇംഗ്ലണ്ടിലെ ഏറ്റവും വിലയേറിയ താരമെന്ന പെരുമയാണ് സ്വന്തമാക്കാൻ പോകുന്നത്. 20-ാം വയസ്സിൽ ആഴ്ചയിൽ രണ്ടുകോടിയിലേറെ പ്രതിഫലം വാങ്ങുന്ന വിലയേറിയ താരം.

കഷ്ടപ്പാടുകളുടെ കടൽതാണ്ടിയാണ് സ്റ്റർലിങ്ങിന്റെ വരവ്. ജമൈക്കയിലെ കിങ്സ്റ്റണിൽ ജനിച്ച സ്റ്റർലിങ്ങിന് ബാല്യത്തിൽ ഓർക്കാൻ നല്ലതൊന്നുമില്ല. ഒമ്പതാം വയസ്സിൽ അച്ഛൻ വെടിയേറ്റ് മരിച്ചതോടെ കുടുംബം മുഴുപ്പട്ടിണിയിലായി. അമ്മയും മൂന്ന് സഹോദരങ്ങളുമായി വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ചേരികളിലൊന്നിൽ അവർ താമസമാക്കി.

വെംബ്ലിക്കടുത്ത് താമസിക്കുമ്പോഴാണ് ഫുട്‌ബോൾ താരമാവുകയെന്ന ആഗ്രഹം സ്റ്റർലിങ്ങിൽ ലുതായത്. പ്രതിഭ കണ്ടെടുത്തത് ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ് ഫുട്‌ബോൾ അക്കാദമിയാണ്. അവിടെനിന്നാണ് 15-ാം വയസ്സിൽ ലിവർപൂളിലെത്തുന്നത്. പിന്നീട് ഇംഗ്ലണ്ടിന്റെ താരമായി. 20 വയസ്സിനിടെ 16 തവണ ദേശീയ കുപ്പായത്തിൽ പന്തുതട്ടി.

സ്ത്രീകൾക്കുനേരെ അതിക്രമം കാട്ടിയതിന് രണ്ടുവട്ടം അറസ്റ്റിലായിട്ടുണ്ട് സ്റ്റർലിങ്. രണ്ടുതവണയും വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ രക്ഷപ്പെട്ടു. 17-ാം വയസ്സിൽ സ്റ്റർലിങ് ഒരു പെൺകുട്ടിയുടെ അച്ഛനായി. കുഞ്ഞിനെ സ്റ്റർലിങ്ങിന്റെ അമ്മയാണ് ഇപ്പോൾ വളർത്തുന്നത്. കുട്ടി ജനിച്ചതോടെയാണ് സ്റ്റർലിങ് ജീവിതത്തിലെ തെറ്റുകളിൽനിന്ന് ശരിയായ വഴിയിലേക്ക് യാത്ര ആരംഭിച്ചത്.

ഫുട്‌ബോളാണ് തന്റെ ലോകമെന്ന് കണ്ടെത്തുകയും കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ ലോകമറിയുന്ന താരമായി അവൻ മാറി. കോടികൾ പ്രതിഫലം വാങ്ങി മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നതോടെ, പുതിയ സീസണിൽ സ്റ്റർലിങ്ങിൽനിന്ന് വിസ്മയപ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.