മാനന്തവാടി: എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെയും മേരിയുടെയും മകൾ റിനിയും അവരുടെ ഗർഭസ്ഥ ശിശുവും ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിലും ഡിഎൻഎ പരിശോധന അതിനിർണ്ണായകമാകും. ഡിഎൻഎ പരിശോധനാ ഫലമാകും ഇനി കേസിന്റെ ഭാവി നിർണ്ണയിക്കുക. മകളുടെ മരണത്തിനു പിന്നിൽ ഓട്ടോഡ്രൈവറായ റഹീമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇയാൾ മരണത്തിനു പിന്നാലെ ഒളിവിലാണ്. മരിക്കുമ്പോൾ റിനി അഞ്ചു മാസം ഗർഭിണായായിരുന്നു. വിഷം കലർന്ന ജ്യൂസ് കുടിച്ചതാണ് മരണത്തിനു കാരണമെന്നാണ് ആദ്യ സൂചന. ഈ മാസം 18നു മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിനിയുടെ അവസ്ഥ ഗുരുതരമായതിനെ തുടർന്നു 19നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20നു രാവിലെ ഗർഭസ്ഥ ശിശുവും പിന്നാലെ മാതാവും മരണത്തിനു കീഴടങ്ങുകയായിരുന്നു.

വിവാഹമോചന കേസിൽ നിയമ നടപടി സ്വീകരിച്ചു വരുന്നതിനിടെയാണു യുവതി ഗർഭിണിയാകുന്നത്. റിനിയുമായി റഹീം കോഴിക്കോട് അടക്കം പലയിടങ്ങളിലും കൊണ്ടു പോയിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹമോചനത്തിനുള്ള രേഖകൾ ശരിയാക്കാം എന്നു പറഞ്ഞാണ് പലയിടത്തും റിനിയെയും ബന്ധുക്കളേയും ഇയാൾ കോഴിക്കോട് കൊണ്ടുപോയത്. എന്നാൽ, ലോഡ്ജിൽ ബന്ധുക്കളെ പൂട്ടിയിട്ട ശേഷം റിനിയുമായി ഇയാൾ മണിക്കൂറുകളോളം എവിടെയോ പോകാറുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

സംഭവത്തിൽ മാനന്തവാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് ശിശുവിന്റെ ഡിഎൻഎ ടെസ്റ്റ് നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഡിഎൻഎ ടെസ്റ്റ് റിപ്പോർട്ടും ലഭിച്ച ശേഷം പൊലീസ് നിഗമനങ്ങളിൽ എത്തും.

അതിനിടെ റിനിയുടെ വീടും പരിസരവും പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കി. ശാസ്ത്രീയ തെളിവെടുപ്പും ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.