തൊണ്ണൂറുകളിൽ റഹ്മാൻ എന്ന സംഗീതസംവിധായകന്റെ വളർച്ചയുടെ ഗ്രാഫിനെ മുകളിലേക്ക് വലിച്ചുയർത്തിയ സൂപ്പർ ഹിറ്റ് ഗാനമാണ് 'ഉർവസി ഉർവസി ടേക്ക് ഇറ്റ് ഈസി ഉർവസി' എന്ന ഗാനം. 1994 ൽ പുറത്തിറങ്ങിയ കാതലൻ എന്ന ചിത്രത്തിലെ ഗാനമാണിത്.

പ്രഭുദേവയുടെ തട്ടുപൊളിപ്പൻ നൃത്തച്ചുവടുകളായിരുന്നു പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ആ ഗാനത്തിന് പുതുമുഖം നൽകി വീണ്ടും ആവേശം സൃഷ്ടിക്കാൻ ആ അതുല്യ സംഗീതപ്രതിഭയ്ക്ക് വീണ്ടും അവസരം ലഭിച്ചപ്പോൾ അത് മറ്റൊരു ഹിറ്റിന്റെ പിറവിയാകുന്നു.

എംടിവിയുടെ പുതിയ സംഗീത പരിപാടിയിലാണ് റഹ്മാൻ തന്റെ പഴയ പാട്ടിനെ വീണ്ടും പൊടിതട്ടി ഗംഭീരമാക്കിയത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഈ പാട്ടിന്റെ വരികൾ മാറ്റിയെഴുതാൻ റഹ്മാൻ ഫേസ്‌ബുക്കിലൂടെ തന്റെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ഒരു മുൻകരുതലെന്നോണം കുറച്ചു നിബന്ധനകളും റഹ്മാൻ വച്ചു.

നോട്ട് നിരോധനം, ഡൊണാൾഡ് ട്രംപ്, ഹില്ലരി ക്ലിന്റൺ, എന്നീ വിഷയങ്ങൾ ഒഴികെ തമാശയുള്ള എന്തും വരികളായി സ്വീകരിക്കുമെന്നാണ് റഹ്മാൻ പറഞ്ഞത്.

എന്നാൽ ഈ നിബന്ധനകളെല്ലാം കാറ്റിൽപ്പറത്തി ട്രംപും ഹിലാരിയും 500, 1000 നോട്ടുമാണ് പലരും വരികളായി അയച്ചുകൊടുത്തത്. റഹ്മാൻ ആരെയും നിരാശപ്പെടുത്തിയില്ല.

എല്ലാം പാട്ടിൽ ഉൾപ്പെടുത്തി. അതുകൊണ്ടുതന്നെ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ് പുതിയ ഊർവസിയും. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എംടിവി പോസ്റ്റുചെയ്ത വീഡിയോ ഇതിനകം നാല് ദശലക്ഷം ആസ്വാദകരാണ് കണ്ടത്. നിരവധി പ്രതിഭകളാണ് ഈ ഗാനത്തിനായി അണിനിരന്നത്.