- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടതുപക്ഷമേ, എന്തിനാണ് ഇവരുടെ ഭർത്താവിനെ നിങ്ങൾ കൊന്നുകളഞ്ഞത്? ഇവർക്കു വേദന നൽകിയതിലൂടെ നിങ്ങൾ എന്തു നേടി? സിപിഎമ്മിന്റെ നെഞ്ചിൽ തറയ്ക്കുന്ന ചോദ്യവുമായി രമയ്ക്ക് വേണ്ടി; ആഴക്കടൽ ആളിക്കത്തിച്ച് ഉത്തര മലബാറിൽ താരമാകൽ; നേമത്തെ മാറ്റിമറിക്കാൻ പൂജപ്പുരയിൽ എത്തൽ; സിപിഎമ്മിന് പാരയായി 'രാഹുൽ' ഇഫക്ട്; കൊട്ടിക്കലാശമില്ലാതെ പ്രചരണം ഇന്ന് തീരുമ്പോൾ
കോഴിക്കോട്: ആലപ്പുഴയിലും കൊല്ലത്തും തൃശൂരിലും പോരാട്ടം കടുപ്പമാണ്. സർവ്വേ ഫലങ്ങളെ മറികടന്നുള്ള പ്രചരണത്തിന് ഇവിടെ കോൺഗ്രസിനായി. ഇടതുപക്ഷത്തിന്റെ പ്രതീക്ഷ കണ്ണൂരിലും വയനാട്ടിലും കോഴിക്കോടും കാസർകോഡുമാണ്. എന്നാൽ അവസാന ഘട്ട പ്രചരണത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇവിടേയും കാര്യങ്ങൾ മാറ്റി മറിക്കുകയാണ്. കണ്ണൂരിനേയും കോഴിക്കോടിനേയും ഇളക്കി മറിച്ചായിരുന്നു രാഹുലിന്റെ പരിപാടികൾ.
സംസ്ഥാനത്തുടനീളം അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ വോട്ടും നിർണ്ണായകമാണ്. ഇന്ന് പരസ്യ പ്രചരണം അവസാനിക്കും. ആറിന് വോട്ടെടുപ്പും. അതുകൊണ്ട് തന്നെ അവസാന ദിവസങ്ങളിൽ പ്രചരണത്തിൽ രാഹുൽ തരംഗം തീർക്കുന്നത് സിപിഎമ്മിന് കടുത്ത വെല്ലുവിളിയാണ്. ബിജെപിയെ ചെറുക്കാൻ കോൺഗ്രാണ് നല്ലതെന്ന ചിന്ത ന്യൂനപക്ഷങ്ങളിലേക്ക് എത്തിക്കാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ട്. ഈ തന്ത്രം വോട്ടായി മാറിയാൽ സിപിഎമ്മിന് തുടർ ഭരണ മോഹം സ്വപ്‌നമായി മാറും. ബിജെപിയുടെ കോട്ടയിളക്കാനും പ്രചരണത്തിന്റെ അവസാന ദിവസം രാഹുൽ എത്തും. അങ്ങനെ സിപിഎമ്മിനും ബിജെപിക്കും രാഹുൽ വീണ്ടും പ്രതിസന്ധിയുടെ ചിന്തകൾ നൽകുകയാണ്.
പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ യുഡിഎഫിന് ആവേശമായി രാഹുൽ ഗാന്ധി ഇന്നു വീണ്ടും തലസ്ഥാനത്തും എത്തും. നേമം മണ്ഡലത്തിൽ കെ. മുരളീധരന് വോട്ടു തേടിയാണ് രാഹുൽ എത്തുന്നത്. വൈകിട്ട് 4.30ന് പൂജപ്പുര മൈതാനത്തു നടക്കുന്ന സമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കും. കണ്ണൂരിൽ തങ്ങുന്ന രാഹുൽ ഇന്നു വയനാട്ടിലും കോഴിക്കോട്ടും പ്രചാരണ പരിപാടികളിൽ പങ്കെടുത്ത ശേഷമാണു തിരുവനന്തപുരത്ത് എത്തുക. 6.30ന് ഡൽഹിക്കു മടങ്ങും. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ നേമത്തു നിശ്ചയിച്ചിരുന്ന പ്രചാരണം കോവിഡ് നിരീക്ഷണത്തിലായതിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നതിനാലാണ് പകരം രാഹുൽ എത്തുന്നത്.
വയനാട്ടിലെ മൂന്ന് സീറ്റിലും രാഹൽ പ്രഭാവം പ്രകടമാകും. ഇവിടെ നിന്നുള്ള എംപിയെന്ന നിലയിൽ സജീവ പ്രചരണമാണ് രാഹുൽ നടത്തുന്നത്. വടകരയിൽ രാഹുൽ നടത്തിയ റാലി സിപിഎമ്മിന് വലിയ തലവേദനയാണ്. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ. രമയെ അടുത്തുനിർത്തി രാഹുൽ ഗാന്ധി ചോദിച്ചു. 'ഇടതുപക്ഷമേ, എന്തിനാണ് ഇവരുടെ ഭർത്താവിനെ നിങ്ങൾ കൊന്നുകളഞ്ഞത്? ഇവർക്കു വേദന നൽകിയതിലൂടെ നിങ്ങൾ എന്തു നേടി? മകനിൽ നിന്ന് അച്ഛനെ അടർത്തിയെടുത്തിട്ടു നിങ്ങൾക്ക് എന്തു നേട്ടമാണുണ്ടായത്? എല്ലാറ്റിനുമുപരി അവരും ഇടതുപക്ഷ കുടുംബത്തിലെ അംഗങ്ങളായിരുന്നില്ലേ?-രാഹുൽ ചോദിച്ചു.
സിപിഎമ്മിനെതിരെ കൊലപാതക രാഷ്ട്രീയവും അങ്ങനെ ഉത്തര മലബാറിൽ ചർച്ചയാകുന്നു. ഇടതുപ്രത്യയശാസ്ത്രത്തിന്റെ ഇരകളായി കൊല്ലപ്പെട്ട ആയിരക്കണക്കിനു രക്തസാക്ഷികളുടെ കുടുംബത്തിന്റെ പ്രതീകമാണ് കെ.കെ. രമ. നിങ്ങൾ അവരോടു വിയോജിച്ചാൽ അവർ ചർച്ച ചെയ്യുകയല്ല, കൊലപ്പെടുത്തുകയാണു ചെയ്യുക' വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളുടെ യുഡിഎഫ് സംയുക്ത തിരഞ്ഞെടുപ്പ് കൺവൻഷൻ പുറമേരിയിൽ ഉദ്ഘാടനം ചെയ്തു രാഹുൽ ഗാന്ധി സിപിഎമ്മിനെ കടന്നാക്രമിച്ചു പറഞ്ഞു.
കോൺഗ്രസ് മുക്ത ഭാരതം എന്നു പറയുന്ന പ്രധാനമന്ത്രി ഇടതുപക്ഷ മുക്ത ഭാരതം എന്നു പറയാത്തതിന്റെ കാരണം ഈ വേദിയിൽ ഉണ്ട് എന്നു പറഞ്ഞാണു രാഹുൽ കെ.കെ. രമയെ അടുത്തേക്കു വിളിച്ചത്. ടി.പി.ച ന്ദ്രശേഖരന്റെ മകൻ അഭിനന്ദുമായും രാഹുൽ വേദിയിൽ സംസാരിച്ചു. ഇതിനൊപ്പം തീരത്തെ ഇളക്കാൻ ആഴക്കടലും ചർച്ചയാക്കുന്നു. സിപിഎമ്മിന്റെ അഴിമതി കണ്ണാണ് ആഴക്കടലിൽ നിഴലിക്കുന്നതെന്നാണ് രാഹുൽ പറയുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽ തീരത്തും ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകും.
അമേരിക്കൻ കമ്പനിയുമായി മത്സ്യബന്ധനക്കരാർ ഒപ്പിട്ടതുവഴി ഇടതുസർക്കാർ കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്നു കുത്തിയെന്നു രാഹുൽ ഗാന്ധി കൊയിലാണ്ടിയിൽ പറഞ്ഞു. വളരെ രഹസ്യമായി സർക്കാർ ഉണ്ടാക്കിയ കരാറാണിതെന്നും കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളുടെ സംയുക്ത കൺവൻഷൻ ഉദ്ഘാടനം ചെയ്തു രാഹുൽ പറഞ്ഞു. മത്സ്യത്തൊഴിലാളികളും കർഷകരും മറ്റു തൊഴിലാളികളും ഇപ്പോൾ കടന്നുപോകുന്ന കടുത്ത പ്രതിസന്ധിക്ക് യുഡിഎഫ് മുന്നോട്ടു വയ്ക്കുന്ന ന്യായ് പദ്ധതി പരിഹാരമാകും. മാസം 6,000 രൂപ വീതമാണു പാവപ്പെട്ടവരുടെ അക്കൗണ്ടിൽ എത്താൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പേരാവൂർ മണ്ഡലത്തിലെ ഇരിട്ടി, ഇരിക്കൂർ മണ്ഡലത്തിലെ ആലക്കോട്, കണ്ണൂർ മണ്ഡലത്തിലെ ആയിക്കര എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പു യോഗങ്ങളിലും അഴീക്കോട് മണ്ഡലത്തിൽ റോഡ് ഷോയിലും രാഹുൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ