കറുകച്ചാൽ: സ്വകാര്യ ബസ് ഡ്രൈവറെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറെ. സംഭവം കൊലപാതകമാകാമെന്ന സംശയം പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇന്നലെ നാലു സുഹൃത്തുക്കളുടെ മൊഴിയെടുക്കുകയും ചെയ്തു.

കൊച്ചുകണ്ടം ബംഗ്ലാംകുന്ന് രാഹുലിനെ (35) ശനി പുലർച്ചെയാണ് തൊമ്മച്ചേരി ബാങ്ക് പടിക്കു സമീപം സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാഹുൽ രാത്രിയിൽ സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തപ്പോൾ കൂടെയുണ്ടായിരുന്നെന്നും അതിനുശേഷം ഒന്നിച്ചു തൊട്ടടുത്ത വർക്ഷോപ് വരെ പോയെന്നുമാണ് കൂട്ടുകാരുടെ മൊഴി. എന്നാൽ ഇത് വിശ്വസിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടാണ് പരിശോധന ശക്തമാക്കുന്നതും.

വർക്ഷോപ്പിൽ നിന്നു രാഹുൽ സ്വന്തം കാർ എടുത്ത് പോയതായും അവർ പറയുന്നു. തുടർന്നാണ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർക്ഷോപ് മുതൽ രാഹുൽ മരിച്ചു കിടന്ന സ്ഥലം വരെയുള്ള ഭാഗത്തെ വീടുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ തീരുമാനം. പോസ്റ്റ്‌മോർട്ടം നടത്തിയ ഫൊറൻസിക് സർജനാണ് മരണത്തെപ്പറ്റി സംശയം പ്രകടിപ്പിച്ചത്. രാഹുലിന്റെ തലയിലെ മുറിവിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാനം. അടിപിടി മൂലമാണോ ക്ഷതം എന്നു കണ്ടെത്തും.

കോട്ടയം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗത്തിലെ ഡോ. ജോമോനുമായി സംസാരിക്കുമെന്ന് കറുകച്ചാൽ എസ്എച്ച്ഒ കെ.ജയകൃഷ്ണൻ പറഞ്ഞു. വെള്ളി രാത്രി 7.45ന് ബസിലെ ജോലി കഴിഞ്ഞാണ് രാഹുൽ കൂട്ടുകാർക്കൊപ്പം നെടുംകുന്നത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയത്. 9.30നു ഭാര്യ ശ്രീവിദ്യയുമായി സംസാരിച്ചു. പിന്നീട് വിളിച്ചപ്പോൾ രാഹുൽ ഫോൺ എടുത്തെങ്കിലും സംസാരിച്ചില്ലെന്നാണു വീട്ടുകാർ പറയുന്നത്. ഫോണിൽ എന്തോ ബഹളം കേട്ടതായും ഇവർ പറയുന്നു.

രാഹുലിന്റെ ശരീരത്തിൽ കാർ അമർന്നിട്ടില്ല, കാലുകൾ മടങ്ങിയ നിലയിലായിരുന്നു. കാറിനു തകരാറില്ല. അതിനാൽ കാറിന്റെ അടിയിൽ കയറി റിപ്പയർ ചെയ്യേണ്ട ആവശ്യമില്ല. ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നതിനാൽ വാഹനം ഉരുണ്ട് ശരീരത്തിൽ ഞെരുങ്ങാനും സാധ്യതയില്ല. രാഹുലിന്റെ ചെരുപ്പുകൾ വാഹനത്തിന് 4 മീറ്റർ മുൻപിലാണു കിടന്നത്. വസ്ത്രങ്ങൾ ഉരഞ്ഞുകീറിയ നിലയിലായിരുന്നു. ഇതെല്ലാം സംശയം കൂട്ടുന്നു.

കേടായ കാർ നന്നാക്കുന്നതിനിടയിൽ അടിയിൽപ്പെട്ട് ഞെരിഞ്ഞമർന്നതാവാം മരണകാരണമെന്നാണ് പൊലീസടക്കം കരുതിയത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസിന്റെ പ്രാഥമിക പരിശോധനയിലും ഫൊറൻസിക് സംഘത്തിന്റെ പരിശോധനയിലും അസ്വാഭിവികത തോന്നിയില്ല. എന്നാൽ, ഞായറാഴ്ച പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് തലയ്ക്കുള്ളിൽ മുറിവ് കണ്ടെത്തിയത്. ഇതാണ് സംശയത്തിന് കാരണം.

പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് കറുകച്ചാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് കറുകച്ചാൽ പൊലീസ് പറഞ്ഞു.