മലപ്പുറം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്ത് ഫോണിൽ സൂക്ഷിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ നദിയ ജില്ലയിലുള്ള എസ്‌കെ രാഹുലിനെയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ സിഐ എം.എസ്.ഫൈസലിന്റെ നതൃത്വത്തിലുള്ള സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

നേരത്തെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയടക്കമുള്ള ഭാഗങ്ങളിൽ നിർമ്മാണ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്ന ഇയാൾ പത്ത് ദിവസങ്ങൾക്ക് മുമ്പാണ് നിലമ്പൂരിൽ എത്തിയത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ പീ ഹണ്ടിലാണ് രാഹുൽ പിടിയിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് രാഹുലിനെ പിടികൂടിയത്.

ഇയാളുടെ ഫോണിൽ കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളുമുണ്ടായിരുന്നു. വിവിധ വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തവയായിരുന്നു അവ. ഈ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ വഴി മറ്റാർക്കെങ്കിലും അയച്ചുകൊടുക്കുകയോ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കുട്ടികളുടെ അശ്ളീല വീഡിയോ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കൈവശം വെച്ചു എന്നതാണ് പ്രതിക്കെതിരെ നിലവിലുള്ള കേസ്. ചിത്രങ്ങളുടെ വീഡിയോകളും പ്രചരിപ്പിച്ചതായി കണ്ടെത്തിയാൽ അതിന്റെ പേരിൽ മറ്റു കേസുകളും പ്രതിക്കെതിരെ ചുമത്തും. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതിക്കെതിരെ പോക്സൊ, ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.കൂടുതൽ വിവരങ്ങൾക്കായി മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.സൈബർ സെല്ലിന്റ സഹായത്തോടെ എസ്‌ഐ. ടി.കെ.സൂരജ്, രാജീവ് കൊളപ്പാട്, കെ.വി.മുരളീകൃഷ്ണ, സി.രാജേഷ്, സജിത എന്നിവർ ചേർന്നാണ് പിടികൂടിയത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു