മുവാറ്റുപുഴ: വയോധിക താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി അഞ്ച് പവനോളം തൂക്കം വരുന്ന മാല പിടിച്ചു പറിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. മുവാറ്റുപുഴ പെരുവംമുഴി സ്വദേശിനിയായ വയോധിക തനിച്ച് താമസിക്കുന്ന വീട്ടിലാണ് പട്ടാപകൽ അതിക്രമിച്ച് കയറി വയോധികയെ അക്രമിച്ച് മാല പിടിച്ചു പറിക്കാൻ ശ്രമിച്ചത്.

ഇതുമായി ബന്ധപ്പെട്ട് വാളകം അവുണ്ട വെൺമേലിക്കുടി വീട്ടിൽ രാഹുലിനെ (30) യാണ് മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ സി.ജെ.മാർട്ടിന്റെ നേതൃത്വത്തിൽ പിടികൂടിയത്. അക്രമത്തിന് ശേഷം രക്ഷപ്പെട്ട രാഹുലിനെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് പ്രദേശവാസികളുടെ സഹായത്തോടെ തിരച്ചിൽ നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. അന്വേഷണസംഘത്തിൽ പ്രിൻസിപ്പൽ എസ്‌ഐ വി.കെ.ശശികുമാർ, സി.പി.ഒ ഇബ്രാഹിംകുട്ടി, വി.പി.കുമാർ, ജിസ് മോൻ എന്നിവരാണ് ഉണ്ടായിരുന്നത്.