- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിലേത് സഹോദരനും സഹോദരിയും ഒരുമിച്ചു നിന്നതിന്റെ മാറ്റം; അമരീന്ദറിനെ പുറത്താക്കി നൽകുന്ന വിമത നേതാക്കൾക്കുള്ള താക്കീത്; ഇനി തീരുമാനം എല്ലാം ഒറ്റയ്ക്കെടുക്കാൻ രാഹുൽ ഗാന്ധി; ഉത്തർപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്ക എത്തും; കോൺഗ്രസ് അധ്യക്ഷനായി വീണ്ടും രാഹുൽ എത്തിയേക്കും
ന്യൂഡൽഹി: കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുൽ ഗാന്ധി എത്തും. മുതിർന്ന നേതാക്കളെ കാര്യമായെടുക്കാത്ത തരത്തിൽ പുനഃസംഘടനയും നടക്കും. ഇതെല്ലാം അതിവേഗമുണ്ടാകുമെന്നാണ് സൂചന. കോൺഗ്രസ് നേതൃനിരയിലേക്ക് രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവിന്റെ വ്യക്തമായ സൂചനയാണ് പഞ്ചാബ് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങൾ. പഞ്ചാബിൽ നടപ്പിലായത് രാഹുലിന്റെ തീരുമാനങ്ങളാണ്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നതിനു മുൻപുള്ള 'ശുദ്ധികലശ'മാണ് പഞ്ചാബിൽ നടന്നതെന്നും രാഹുൽ ക്യാമ്പ് പറയുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ, സിപിഐ നേതാവ് കനയ്യ കുമാർ തുടങ്ങിയവരും കോൺഗ്രസിൽ എത്തിയേക്കും. പുതിയ മുഖങ്ങളിലൂടെ ദേശീയ രാഷ്ട്രീയത്തിൽ കരുത്തു കാട്ടാനാണ് നീക്കം. രാഹുലിന്റെ അതിവിശ്വസ്തനായ സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ അടക്കം കൂടെ നിർത്തിയാകും രാഹുലിന്റെ പാർട്ടിയിലേക്കുള്ള തിരിച്ചു വരവ്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്കാ ഗാന്ധി രംഗത്തു വരാനും സാധ്യതയുണഅട്.
പഞ്ചാബിൽ ഏകദേശം നാലു മാസം മുൻപു തുടങ്ങിയ പ്രതിസന്ധിയാണ് അമരിന്ദറിന്റെ രാജിയിലൂടെ അവസാനിച്ചത്. അമരിന്ദറിനെതിരെ പരാതിയുമായി എത്തിയപ്പോൾ മുതൽ സിദ്ദുവിന് രാഹുൽ ഗാന്ധിയുടെ പൂർണപിന്തുണയുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയും രാഹുലിന് ഒപ്പംനിന്നു. സിദ്ദുവിനെ പിസിസി പ്രസിഡന്റാക്കി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു തുടക്കത്തിൽ. പിന്നീട് അമരിന്ദറിന്റെ ജനപ്രീതി ഇടിഞ്ഞെന്ന ആഭ്യന്തര റിപ്പോർട്ട് കിട്ടിയതോടെ രാഹുൽ വീണ്ടും ഇടപെട്ടു. അമരിന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർ കത്തെഴുതിയത് പോലും ഹൈക്കമാൻഡിന്റെ അറിവോടെയാണ്. രാഹുലിനൊപ്പം പ്രിയങ്കയും ചേർന്ന് നിന്നത് അമരീന്ദറിന് വിനയായി.
പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് സോണിയ ഗാന്ധിയാണെങ്കിലും നിർണായക തീരുമാനങ്ങളെല്ലാം രാഹുലിന്റെ അറിവോടെ മാത്രമാണ്. ഇതിനെതിരെയാണ് ജി23 നേതാക്കൾ രംഗത്തെത്തിയത്. എന്നാൽ ജി23 നേതാക്കൾ ഉൾപ്പെടെയുള്ളവർക്കുള്ള മുന്നറിയിപ്പാണ് പഞ്ചാബിലെ നടപടികൾ. ഗ്രൂപ്പ് നോക്കാതെ പ്രസിഡന്റുമാരെ നിയമിക്കണമെന്ന രാഹുലിന്റെ ഉറച്ച നിലപാടാണ് കേരളത്തിൽ നടപ്പായത്. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം പോലും പരിഗണിച്ചില്ല. ഇത് തന്നെയാണ് പഞ്ചാബിലും കണ്ടത്.
ഈ 'പഞ്ചാബ് മോഡൽ' കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഛത്തീസ്ഡിലും നടപ്പാക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നടത്തിയ പ്രസ്താവന സംശയത്തിന് ആക്കം കൂട്ടുന്നു. എംഎൽമാരുടെയും ജനങ്ങളുടെയും അഭിപ്രായമനുസരിച്ചാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നതെന്നായിരുന്നു ഗെലോട്ടിന്റെ ട്വീറ്റ്.
സംസ്ഥാനത്ത് വിമതശബ്ദമുയർത്തിയ സച്ചിൻ പൈലറ്റിന്റെ പക്ഷത്തുള്ള എംഎൽഎമാരേക്കാൾ കൂടുതൽ തന്റെ ഒപ്പമുണ്ടെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുകയായിരുന്നു ഗെലോട്ടിന്റെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഛത്തീസ്‌ഗഡിലും ഭൂരിപക്ഷം എംഎൽഎമാർ പിന്തുണയ്ക്കുന്നതിനാലാണ് ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായി തുടരുന്നത്. എന്നാൽ രാഹുൽ തീരുമാനിച്ചാൽ രണ്ടിടത്തും മാറ്റം വരും.
മറുനാടന് മലയാളി ബ്യൂറോ