കൊച്ചി: ഇഎംസിസി കരാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ കമ്പനിയുമായി സർക്കാർ രഹസ്യമായി കരാർ ഒപ്പിട്ടു, അത് എന്തിനാണ്?, മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാൻ ചങ്കൂറ്റമില്ലാത്തതിനാലാണ് സർക്കാർ കരാർ രഹസ്യമാക്കിയത്.

മോഷണമുതലുമായി കള്ളനെ പിടിക്കുമ്പോൾ താൻ മോഷ്ടിച്ചില്ലെന്ന് പറയുന്നതുപോലെയാണ് കരാർ പുറത്തുവന്നപ്പോൾ സർക്കാർ നിലപാട് മാറ്റിയതെന്നും രാഹുൽ പരിഹസിച്ചു. വൈപ്പിനിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ലോക്സഭയിൽ ഇടതുപക്ഷത്തെ ഒപ്പം നിർത്താറുള്ള രാഹുൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യഎതിരാളി സിപിഎമ്മാണ് എന്ന തിരിച്ചറിവോടെയാണ് രൂക്ഷ വിമർശനം ഉയർത്തുന്നത്. ഇഎംസിസി കരാറിൽ ഇടത് സർക്കാരിനെതിരെ കടുത്ത അമർഷമുള്ള മത്സ്യത്തൊഴിലാളികളുടെ പിന്തുണ ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് വിമർശനം.

കേരളത്തിലെ ചെറുപ്പക്കാർ നിരാശരാണ്. ഇടതുപക്ഷ പോഷകസംഘടനാംഗങ്ങൾക്ക് മാത്രമാണ് സംസ്ഥാനത്ത് ജോലി ലഭിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. ചെറുപ്പക്കാർക്കും പരിചയ സമ്പന്നർക്കും പ്രാധാന്യമുള്ള സ്ഥാനാർത്ഥി പട്ടികയാണ് കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയിലെ അംഗങ്ങൾ വിജയിച്ച് നിയമസഭയിലെത്തിയാൽ കേരളത്തിലെ വിവിധതരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവുമെന്നും രാഹുൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങിൽ വച്ചും സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം രാഹുൽ ഉന്നയിച്ചിരുന്നു. സിപിഎം കൊടി പിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വർണം കടത്താമെന്നായിരുന്നു രാഹുലിന്റെ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവർക്കെതിരായ കേസുകൾ എന്തുകൊണ്ടാണ് ഇഴഞ്ഞ് ഇഴഞ്ഞ് പോകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രാഹുൽ ആക്ഷേപം ഉന്നയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള ഇഡിയുടെയും കസ്റ്റംസിന്റെയും സ്വർണക്കടത്തു കേസ് അന്വേഷണം ഇഴയുന്നതെന്താണെന്നു മനസിലാകുന്നില്ല. എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിക്കാത്തത്. ഇക്കാര്യത്തിൽ തനിക്ക് ആശയക്കുഴപ്പമുണ്ടെന്നും രാഹുൽ പറഞ്ഞു. എല്ലാം ശരിയാക്കുമെന്നു പറഞ്ഞത് ജനങ്ങൾക്കു വേണ്ടിയാണോ പാർട്ടിക്കുവേണ്ടിയാണോയെന്നു എൽഡി.എഫ് വ്യക്തമാക്കണം. ഇടതു പാർട്ടിയിലാണെങ്കിൽ മാത്രം ജോലി ലഭിക്കുകയും പാർട്ടി കൊടിപിടിച്ചാൽ സ്വർണക്കടത്ത് അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

രാവിലെ 11 മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധി എറണാകുളം ജില്ലയിൽ എറണാകുളം, വൈപ്പിൻ, കൊച്ചി മണ്ഡലങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. തുടർന്ന് ആലപ്പുഴയിലെ അരൂർ, ആലപ്പുഴ, കായംകുളം മണ്ഡലങ്ങളിലും നാളെ കോട്ടയം ജില്ലയിലെ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. നാളെ കോട്ടയം പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാല, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി മണ്ഡലങ്ങളിലും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. നാളെ പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തുന്നുണ്ട്.

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളജിൽ വിദ്യാർത്ഥിനികളുമായി രാഹുൽ സംവദിച്ചു. ഒരു വ്യക്തി മാത്രം ശാക്തീകരിക്കപ്പെടുന്നതിലല്ല കാര്യം, സമൂഹം മൊത്തമായി ശാക്തീകരിക്കപ്പെടുമ്പോഴേ ശാക്തീകരണം എന്ന വാക്കിന് അർഥമുള്ളൂ എന്ന് രാഹുൽ പറഞ്ഞു. ഒരാൾ അറിവുണ്ടെന്നു കരുതി മുന്നോട്ടു പോകുന്നതിൽ കാര്യമില്ല. പകരം പ്രായോഗിക തലത്തിൽ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പ്രധാനം. വിനയമുണ്ടാകുക ഏറ്റവും പ്രധാനപ്പെട്ടതാണ്. വിനയത്തിൽനിന്നാണ് ശാക്തീകരണമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ ശാക്തീകരണമെന്നതു മൗലികമായതാണ്, രാജ്യത്തെ മാറ്റുന്നതാണ് എന്നു പറഞ്ഞായിരുന്നു രാഹുൽ വിദ്യാർത്ഥിനികളുമായി സംസാരിച്ചു തുടങ്ങിയത്. തിരഞ്ഞെടുപ്പിൽ തത്വങ്ങൾകൊണ്ടു മാത്രം ഒരാൾക്ക് വിജയിക്കാനാകുമോ എന്ന ചോദ്യത്തെ അഭിമുഖീകരിച്ചുകൊണ്ടായിരുന്നു സംവാദത്തിനു തുടക്കം. തത്വങ്ങൾ അനുസരിച്ച് ഒരു സ്ഥാനം വഹിക്കാം. മറിച്ച് അല്ലാതെ വഞ്ചിക്കുകയും ചെയ്യാം. പക്ഷേ തത്വങ്ങളെ ബലികഴിച്ച് ഒരു തവണയേ ജയിക്കാനാകൂ. സ്ഥാനാർത്ഥികൾക്ക് സത്യസന്ധതയും ആദർശ ശുദ്ധിയും വേണം. ഇല്ലാത്തപക്ഷം അടുത്ത തവണ ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവരതു തിരിച്ചറിയും. തത്വങ്ങൾക്ക് സ്ഥിരതയും വിശ്വാസ്യതയുമുണ്ടാകും. തത്വങ്ങളില്ലാത്ത രാഷ്ട്രീയത്തിൽ തനിക്കു താൽപര്യമില്ല. ഞാനെന്റെ തത്വം മുറുകെപ്പിടിക്കും.

രാജ്യത്ത് സാമ്പത്തികരംഗം തകർന്നതിനാലാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് സർക്കാർ പണം കണ്ടെത്തുന്നത്. രാജ്യാന്തര തലത്തിൽ എണ്ണവില കുറയുമ്പോൾ ഇവിടെ വില വർധിക്കുന്നതിന്റെ കാരണമതാണ്. സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഈ അവസ്ഥയ്ക്ക് കാരണം. ജിഎസ്ടിയും നോട്ട് നിരോധനവും ഇന്ത്യൻ സാമ്പത്തിക രംഗത്തെ അപകടത്തിലാക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.