- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണിയയും രാഹുലും എക്കാലവും രണ്ട് തട്ടിൽ; യുവാക്കളെ ഇറക്കി ജനാധിപത്യവൽക്കരിക്കാൻ മുതിർന്ന നേതാക്കൾ അനുവദിച്ചില്ല; പൂർണ സ്വാതന്ത്ര്യം നൽകിയാൽ മാത്രം ഇനി മടക്കം
ന്യൂഡൽഹി: അവധിയെന്ന പേരിൽ പൊടുന്നനെ രാഹുൽ രാഷ്ട്രീയവനവാസത്തിന് പോയ സംഭവമാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചൂടൻ ചർച്ചാവിഷയം. കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പുതിയ വഴികളെപ്പറ്റി ആലോചിക്കാനാണ് രാഹുൽ പോയതെന്നും ഇനി കോൺഗ്രസ് പ്രസിഡന്റായാണ് തിരിച്ചുവരികയെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ ഉയരുന്നുമുണ്ട്. എന്നാൽ സോണിയയും രാഹുലും എക്ക

ന്യൂഡൽഹി: അവധിയെന്ന പേരിൽ പൊടുന്നനെ രാഹുൽ രാഷ്ട്രീയവനവാസത്തിന് പോയ സംഭവമാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചൂടൻ ചർച്ചാവിഷയം. കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പുതിയ വഴികളെപ്പറ്റി ആലോചിക്കാനാണ് രാഹുൽ പോയതെന്നും ഇനി കോൺഗ്രസ് പ്രസിഡന്റായാണ് തിരിച്ചുവരികയെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ ഉയരുന്നുമുണ്ട്.
എന്നാൽ സോണിയയും രാഹുലും എക്കാലവും രണ്ട് തട്ടിലായിരുന്നുവെന്നും യുവാക്കളെ ഇറക്കി കോൺഗ്രസിനെ ജനാധിപത്യവൽക്കരിക്കാൻ മുതിർന്ന നേതാക്കൾ രാഹുലിനെ അനുവദിച്ചിരുന്നില്ലെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറി ദിഗ്‌വിജയ്‌സിങ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. പൂർണസ്വാതന്ത്ര്യം നൽകിയാൽ മാത്രമെ രാഹുൽ ഇനി മടങ്ങിയെത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തന്റെ നവീനമായ ആശയങ്ങളെ മുതിർന്ന നേതാക്കൾ എതിർത്തതിൽ രാഹുൽ കോപാകുലനായിരുന്നുവെന്നും സിങ് കൂട്ടിച്ചേർത്തു.
രാഹുലിന്റെ പരിഷ്‌കാരങ്ങൾക്കനുസരിച്ച് പാർട്ടിയുടെ കീഴ്ഘടകങ്ങൾ ശക്തിപ്പെടുത്തിയാലും പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും പാർട്ടി തെരഞ്ഞെടുപ്പും ജനാധിപത്യവൽക്കരിച്ചാലും തങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അധികാരങ്ങളും അവകാശങ്ങളും നഷ്ടമാകുമെന്ന് ചില മുതിർന്ന് നേതാക്കൾ ഭയപ്പെട്ടിരുന്നുവെന്നാണ് ദിഗ്‌വിജയ് സിങ് പറയുന്നത്. ഡൽഹിയിൽ നേതാക്കൾ ശക്തരാണെങ്കിലും എന്നാൽ പ്രാദേശികതലത്തിൽ തങ്ങൾക്ക് ഭീഷണിയുണ്ടെന്നും അവർ ഭയപ്പെട്ടിരുന്നുവെന്നും സിങ് വെളിപ്പെടുത്തുന്നു.
സോണിയയും രാഹുലും തമ്മിൽ നല്ല ബന്ധമാണുള്ളതെങ്കിലും അവർ തമ്മിൽ ജനറേഷൻ ഗ്യാപ്പുണ്ട്. മകനെതിരെ അമ്മയെ സ്വാധീനിക്കാൻ ചില മുതിർന്ന നേതാക്കൾ ശ്രമിച്ചിരുന്നു. സോണിയ വളരെ ജനാധിപത്യപരമായി പെരുമാറുന്നതിനാൽ അവർ മുതിർന്ന നേതാക്കളിൽ നിന്ന് അഭിപ്രായങ്ങൾ തേടാറുണ്ടെന്നും ആ അവസരം ദുരുപയോഗപ്പെടുത്തിയ നേതാക്കൾ രാഹുലിനെതിരെ സോണിയയെ സ്വാധീനിക്കുകയായിരുന്നുവെന്നും ദിഗ്‌വിജയ് സിങ് പറയുന്നു.
രാഷ്ട്രീയവും ഭരണപരവുമായ അധികാരങ്ങൾ സോണിയക്കും മന്മോഹനുമിടയിൽ വിഭജിച്ചതിലൂടെ രണ്ടാം യുപിഎ ഭരണത്തിൽ ഇഴച്ചിലുണ്ടായെന്നും സിങ് പറയുന്നു. ആത്മപരിശോധനയ്‌ക്കെന്ന പേരിൽ ഇപ്പോൾ രാഹുൽ അവധിയെടുത്ത് പോയത് ശരിയായില്ലെന്നും എന്നാൽ ഭൂതകാലത്തിലെ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കാനും ഭാവിയിലെ നയങ്ങൾ ആവിഷ്‌കരിക്കാനും ഇടവേളയെടുക്കാനുള്ള രാഹുലിന്റെ പദ്ധതിയെ താൻ പിന്തുണച്ചിരുന്നുവെന്നും ദിഗ്‌വിജയ് സിങ് വിശദീകരിക്കുന്നു.
രാഹുൽ ഗാന്ധിക്ക് പാർട്ടിയിൽ മുഴുവൻ അധികാരവും നൽകണമെന്ന് മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവ് കമൽനാഥ് ആവശ്യപ്പെട്ടു. പാർട്ടിയിൽ സോണിയാഗാന്ധിയുടെ സാന്നിധ്യം തുടരുന്നത് രണ്ട് അധികാരകേന്ദ്രങ്ങൾ ഉണ്ടാകാൻ വഴിയൊരുക്കുന്നുണ്ടെന്നും ഇതാണ് സംശയത്തിന്റെ ഉറവിടമെന്നും അദ്ദേഹം പറയുന്നു. മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാക്കൾ രാഹുലിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത് രാഹുലിന്റെ വിട്ടുനിൽക്കലിനെപ്പറ്റി അഭ്യൂഹങ്ങൾ ഉയരുന്ന ഈ സമയത്ത് പാർട്ടിയിൽ വൻ സ്വാധീനം ചെലുത്തുമെന്നുറപ്പാണ്.

