- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്; 'ആശാനും ശിഷ്യന്മാരും' ഒന്നിക്കുമെന്ന സൂചന നൽകി ബിസിസിഐ ഉന്നതൻ; പരമ്പരയിൽ മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20 മത്സരവും
മുംബൈ: ശ്രീലങ്കയ്ക്കെതിരായ നിശ്ചിത ഓവർ പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇതിഹാസ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കും. ഇക്കാര്യം ബിസിസിഐ ഉന്നതൻ വാർത്താ ഏജൻസിയായ എഎൻഐയോട് സ്ഥിരീകരിച്ചു.
ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡും ബൗളിങ് പരിശീലകൻ ഭരത് അരുണും ടെസ്റ്റ് പരമ്പരയ്ക്കായി വിരാട് കോലിക്കും സംഘത്തിനുമൊപ്പം ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാലാണ് യുവ ടീമിനൊപ്പം ദ്രാവിഡിനെ ലങ്കയിലേക്ക് അയക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും ദ്രാവിഡിനെ പരിശീലക ചുമതലയേൽപ്പിക്കുന്ന കാര്യത്തിൽ ധാരണയായതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
'ഇന്ത്യൻ പരിശീലക സംഘം ഇംഗ്ലണ്ടിലായിരിക്കും. ഇന്ത്യ എ ടീമിലെ മിക്ക താരങ്ങൾക്കൊപ്പവും പ്രവർത്തിച്ചിട്ടുള്ള ദ്രാവിഡിനെ പരിശീലകനായി അയക്കുന്നത് ഗുണകരമാണ്. ദ്രാവിഡിനോട് യുവ താരങ്ങൾക്കുള്ള അടുപ്പം അനുകൂല ഘടകമാണ്' എന്നും ബിസിസിഐ ഉന്നതൻ എഎൻഐയോട് പറഞ്ഞു.
ഇന്ത്യൻ ടെസ്റ്റ് ടീം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനായും തുടർന്നുള്ള അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കായും ഇംഗ്ലണ്ടിലേക്കു പോകുന്നതിനാൽ വ്യത്യസ്തമായ ടീമിനെയാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് അയയ്ക്കുന്നത്.
ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിൽ രാഹുൽ ദ്രാവിഡ് എത്തുന്നത് ഇതാദ്യമല്ല. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ബാറ്റിങ് ഉപദേശകനായി ദ്രാവിഡ് ടീമിനൊപ്പമുണ്ടായിരുന്നു.
ഇന്ത്യൻ യുവതാരങ്ങളുമായി അടുത്ത ബന്ധമാണ് രാഹുൽ ദ്രാവിഡിനുള്ളത്. 2019ൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാകുന്നതിന് മുമ്പ് ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പവും എ ടീമിനൊപ്പവും ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്. 2015ൽ അണ്ടർ 19, എ ടീമുകളുടെ ചുമതലയേറ്റെടുത്ത ദ്രാവിഡാണ് ഇന്ത്യൻ സീനിയർ ടീമിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാണുന്ന മികച്ച ബഞ്ച് നിരയെ സമ്മാനിച്ചത്.
ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥിരം മുഖങ്ങളായ ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് തുടങ്ങിയവരെല്ലാം ഇംഗ്ലണ്ട് പര്യടനത്തിനായി പോകുന്ന സമയത്താണ് മറ്റു താരങ്ങളെ വച്ച് ശ്രീലങ്കൻ പര്യടനം ബിസിസിഐ പ്ലാൻ ചെയ്യുന്നത്.
ജൂലൈ 13നാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനു തുടക്കമാകുകയെന്നാണ് റിപ്പോർട്ട്. ജൂലൈ 27 വരെ നീണ്ടു നിൽക്കുന്ന പര്യടനത്തിൽ ഇന്ത്യ മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാകും കളിക്കുക. ഇപ്പോൾ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ തലവനാണെങ്കിലും മുൻപ് ഇന്ത്യയുടെ ജൂനിയർ ടീമുകളെയും എ ടീമിനെയും പരിശീലിപ്പിച്ച അനുഭവ സമ്പത്ത് ദ്രാവിഡിനുണ്ട്. ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ ഇന്ത്യയുടെ പ്രധാന താരങ്ങളിൽ പലരും ദ്രാവിഡിന്റെ കണ്ടെത്തലുമാണ്.
ദ്രാവിഡിനൊപ്പം സഹായത്തിന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മറ്റു പരിശീലകരുടെയും സേവനം ഉറപ്പാക്കും. ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ ബോളിങ് പരിശീലകനായിരുന്ന പരസ് മാംബ്രെയാകും ബോളിങ് പരിശീലകനെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
ഇപ്പോഴത്തെ നിർദ്ദേശമനുസരിച്ച് ജൂലൈ 13, 16, 19 തീയതികളിലായാണ് ഇന്ത്യ ശ്രീലങ്കയിലെത്തി മൂന്ന് ഏകദിനങ്ങൾ കളിക്കുക. ജൂലൈ 22, 24, 27 തീയതികളിലായി ട്വന്റി20 മത്സരങ്ങളും കളിക്കും. ഇതിനു മുന്നോടിയായി ജൂലൈ അഞ്ചിന് ഇന്ത്യൻ ടീം ശ്രീലങ്കയിലെത്തും വിധമാണ് ഷെഡ്യൂൾ ക്രമീകരിക്കുന്നത്. അവിടെ ഒരാഴ്ച നീളുന്ന ക്വാറന്റീനുണ്ടാകും. ഇതിൽ മൂന്നു ദിവസം കർശനമായ ക്വാറന്റീനും ശേഷിക്കുന്ന നാലു ദിവസം പരിശീലിക്കാൻ സൗകര്യമൊരുക്കിയുള്ള ക്വാറന്റീനുമാണ് ഉദ്ദേശിക്കുന്നത്. പര്യടനം പൂർത്തിയാക്കി ജൂലൈ 28ന് ഇന്ത്യൻ ടീം തിരികെയെത്തും.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽനിന്ന് തഴയപ്പെട്ടവരും ഐപിഎൽ 14ാം സീസണിൽ ശോഭിച്ചവരുമായ താരങ്ങളെ ഉൾപ്പെടുത്തിയാകും ലങ്കൻ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുക. ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാതെ പോയ ശിഖർ ധവാൻ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, നവ്ദീപ് സെയ്‌നി, ഖലീൽ അഹമ്മദ്, യുസ്വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, രാഹുൽ ചാഹർ തുടങ്ങിയവരെല്ലാം ശ്രീലങ്കൻ പര്യടത്തിന് ലഭ്യമാണ്. ഇവർക്കു പുറമെ ഇന്ത്യൻ ടീമിൽ ഇടം പ്രതീക്ഷിക്കുന്ന ദേവ്ദത്ത് പടിക്കൽ ഉൾപ്പെടെയുള്ള പുതുമുഖങ്ങളുമുണ്ട്.
സ്പോർട്സ് ഡെസ്ക്