- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രവി ശാസ്ത്രിക്ക് പകരക്കാരനെ തേടി ബിസിസിഐ; കണ്ടെത്താൻ 'സമയമെടുക്കും'; ന്യൂസിലന്റിനെ 'തളയ്ക്കാൻ' രാഹുൽ ദ്രാവിഡിന്റെ 'സഹായം തേടും'; ഇടക്കാല പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്
മുംബൈ: മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. നവംബർ- ഡിസംബർ മാസങ്ങളിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന പരമ്പരയിൽ ദ്രാവിഡ് ഇടക്കാല പരിശീലകനായി ചുമതലയേൽക്കുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്.
ട്വന്റി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് പകരക്കാരനെ ബിസിസിഐ തേടുന്നുണ്ട്. എന്നാൽ പുതിയ പരിശീലകനെ കണ്ടെത്താൻ സമയമെടുക്കും. ഇതിനിടെയാണ് ന്യൂസിലൻഡിനെതിരായ പരമ്പര നടക്കുന്നത്. ഈ സാഹചര്യത്തിൽ പരിചയസമ്പന്നനായ ദ്രാവിഡിന് താൽക്കാലിക ചുമതല നൽകാനുള്ള ശ്രമത്തിലാണ് ബിസിസിഐ. മൂന്ന് ട്വന്റി 20യും രണ്ട് ടെസ്റ്റുമടങ്ങുന്നത് ന്യൂസിലൻഡിന്റെ ഇന്ത്യൻ പര്യടനം.
ദ്രാവിഡിനെ ഇന്ത്യയുടെ മുഴുവൻ സമയപരിശീലകനാക്കാൻ ബിസിസിഐയ്ക്ക് താൽപര്യമുണ്ട്. എന്നാൽ ദ്രാവിഡ് ഈ ഓഫർ നേരത്തെ തന്നെ തള്ളിയിരുന്നു. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. ആ സ്ഥാനത്ത് ദ്രാവിഡ് തുടർന്നേക്കും. നേരത്തെ, ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ ദ്രാവിഡ് പരിശീലകന്റെ താൽകാലിക ചുമതലയേറ്റിരുന്നു.
മുഖ്യ പരിശീലകനെ കണ്ടെത്താൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സമയം വേണ്ടിവരും എന്ന നിഗമനത്തിലാണ് ബിസിസിഐ. പരിശീലകനായി ഇതുവരെ പരസ്യം ബിസിസിഐ നൽകിയിട്ടില്ല. അപേക്ഷ ക്ഷണിക്കും മുമ്പ് അനുയോജ്യരായ ആളുകളെ കണ്ടെത്താനാണ് നിലവിലെ ശ്രമം. ചില ഓസ്ട്രേലിയൻ പരിശീലകർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാരനെ കോച്ചായി നിയമിക്കാനാണ് ബിസിസിഐ താൽപര്യപ്പെടുന്നത്. ദ്രാവിഡിന് പുറമെ മറ്റ് ചില ഇന്ത്യൻ മുൻ താരങ്ങളേയും ബിസിസിഐ സമീപിച്ചിട്ടുണ്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല.
അനിൽ കുംബ്ലെയും പരിശീലകനാവാൻ താൽപര്യമില്ലെന്ന തീരുമാനത്തിലാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുൽ ദ്രാവിഡ് ഇപ്പോൾ. ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.
ഇന്ത്യൻ ടീമിന്റെ പരിശീലന സംഘത്തിൽ ടി20 ലോകകപ്പിന് ശേഷം അടിമുടി മാറ്റമാണുണ്ടാവുക. മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്കൊപ്പം ബൗളിങ് കോച്ച് ഭരത് അരുൺ, ഫീൽഡിങ് കോച്ച് ആർ ശ്രീധർ എന്നിവരുടെ കാലാവധിയും ലോകകപ്പോടെ അവസാനിക്കും. ട്രെയ്നർ നിക്ക് വെബ്ബും സ്ഥാനമൊഴിയും.
സ്പോർട്സ് ഡെസ്ക്