- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാഹയുടെ പ്രതികരണത്തിൽ ഒട്ടും വേദനയില്ല; പ്രതികരണവുമായി രാഹുൽ ദ്രാവിഡ്; ഞാൻ പറയുന്ന കാര്യങ്ങൾ താരങ്ങൾ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷയുമില്ല; തുറന്ന് പറഞ്ഞത് എന്റെ മാന്യതയെന്നും അവനോട് ബഹുമാനമേയുള്ളുവെന്നും ദ്രാവിഡ്

കൊൽക്കത്ത: ശ്രീലങ്കക്കെതിരായ ടെസ്റ്റ് ടി 2 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീമിൽ സ്ഥാനം ലഭിക്കാത്തതിനെത്തുടർന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ വൃദ്ധിമാൻ സാഹ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.തന്നെ ഒഴിവാക്കില്ലെന്ന് പറഞ്ഞ സൗരവ് ഗാംഗൂലി നിലപാട് മാറ്റിയെന്നും ഇന്ത്യൻ കോച്ച് രാഹുൽദ്രാവിഡ് തന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടുവെന്നുമായിരുന്നു സാഹയുടെ വെളിപ്പെടുത്തൽ.
പരാമർശം വിവാദത്തിലായ സാഹചര്യത്തിൽ വിഷയത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ദ്രാവിഡ്.സാഹയുടെ പരാമർശം തന്നെ വേദനിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ ദ്രാവിഡ് കാര്യങ്ങൾ തുറന്ന് പറഞ്ഞത് തന്റെ മാന്യതയാണെന്നും പ്രതികരിച്ചു. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ മഹത്തരമാണ്. അദ്ദേഹത്തോട് ഏറെ ബഹുമാനമുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി.
'ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി പദ്ധതികളിൽ അദ്ദേഹം ഇല്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. സാഹ എന്നെ പരാമർശിച്ചതിൽ എനിക്ക് ഒട്ടും വേദനയില്ല. ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവകളോട് അങ്ങേയറ്റം ബഹുമാനവും എനിക്കുണ്ട്. പക്ഷേ കാര്യങ്ങൾ സത്യസന്ധമായും വ്യക്തതയോടെയും അദ്ദേഹം ഉൾക്കൊള്ളണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ആ അർത്ഥത്തിലാണ് അദ്ദേഹത്തോട് കാര്യങ്ങൾ തുറന്നു പറഞ്ഞത്. പരിശീലകനെന്ന നിലയിൽ എല്ലാ കളിക്കാരോടും ഇത്തരത്തിൽ തന്നെയാണ് സംസാരിക്കാറുള്ളത്. അതുകൊണ്ടു തന്നെ ആ പറഞ്ഞതിൽ എനിക്ക് വേദനയില്ല. ഞാൻ പറയുന്ന കാര്യങ്ങൾ മുഴുവൻ കളിക്കാർ ഇഷ്ടപ്പെടുമെന്നോ അംഗീകരിക്കുമെന്നോ ഞാൻ പ്രതീക്ഷിക്കുന്നില്ല.'
'താരങ്ങളോട് അപ്രിയമായ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയേണ്ട സന്ദർഭങ്ങളുണ്ടാകും. കേൾക്കുന്ന താരങ്ങൾ ചിലപ്പോൾ യോജിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുന്ന ഘട്ടങ്ങളിലെല്ലാം ഇത്തരം സംഭാഷണങ്ങൾ വേണ്ടി വരും. രോഹിതും ഞാനുമൊക്കെ ഇങ്ങനെ താരങ്ങളോട് സംസാരിക്കാറുണ്ട്. സ്വാഭവികമായും താരങ്ങൾക്ക് വേദനയുണ്ടാകും. അത്തരത്തിൽ തന്നെയാണ് സാഹയോടും സംസാരിച്ചത്. കാര്യങ്ങൾ അദ്ദേഹം വ്യക്തമായി മനസിലാക്കേണ്ടതുണ്ട് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. കാരണം ഞാൻ അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു.'
'ഋഷഭ് പന്താണ് ഇപ്പോൾ ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. പന്തിന് പകരം യുവ തലമുറയിലെ ഒരു വിക്കറ്റ് കീപ്പറെ വയ്ക്കാനാണ് ടീം പദ്ധതി ഇട്ടത്. ഇക്കാര്യമാണ് അദ്ദേഹത്തോട് ഞാൻ സൂചിപ്പിച്ചത്.ഇക്കാര്യം പറയാതെ ഇരിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. പക്ഷേ വിഷയത്തിൽ അദ്ദേഹം വ്യക്തത അർഹിക്കുന്നുണ്ടെന്ന് തോന്നിയതിനാലാണ് സാഹയോട് കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞത്. അതിനർത്ഥം അദ്ദേഹത്തോടുള്ള എന്റെ മനോഭാവം മാറി എന്നല്ല. അദ്ദേഹത്തോട് തികഞ്ഞ ബഹുമാനം മാത്രമാണ് ഉള്ളത്. ഏത് സന്ദർഭത്തിലാണ് ഞാൻ അങ്ങനെ സംസാരിച്ചത് എന്ന് മനസിലാക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്'- ദ്രാവിഡ് വ്യക്തമാക്കി.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിന്റെ നായകനായി രോഹിത് ശർമയെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വെറ്ററൻ താരങ്ങളായ ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഇഷാന്ത് ശർമ, വൃദ്ധിമാൻ സാഹ എന്നിവരെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് തന്റെ നിരാശ മറച്ചു വയ്ക്കാതെ സാഹ കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞത്.


