ന്നലെ കൊച്ചിയിൽ കിസ് ഓഫ് ലവ് പ്രവർത്തകർ സംഘടിപ്പിച്ച ചുംബനകൂട്ടായ്മയിൽ പങ്കെടുക്കാൻ യുവതീയുവാക്കൾ എത്തിയപ്പോൾ പ്രതിഷേധവുമായി എസ്ഡിപിഐയും ശിവസേനയും ബജ്രംഗ്ദൾ പ്രവർത്തകരും കെഎസ് യുവും എത്തുകയുണ്ടായി. ഇവർ കിസ് ഓഫ് ലവ് പ്രവർത്തകർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

ഇത് കൂടാതെ ചാനൽ ചർച്ചകളിൽ ചുംബന സമരക്കാർക്കെതരെ രംഗത്തെത്തിയത് രാഹുൽ ഈശ്വർ ആയിരുന്നു. കിസ് ഓഫ് ലവ് സദാചാരത്തിന് വിരുദ്ധമാണെന്നും കേരള സംസ്‌ക്കാരത്തിന് വിരുദ്ധമാണെന്നും രാഹുൽ വാദിച്ചു.

കൈരളി പീപ്പിൾ ചാനലിൽ ചർച്ചക്കെത്തിയ രാഹുൽ ഈശ്വർ ചുംബന സമരത്തിൽ പങ്കെടുക്കാൻ എത്തിയവരെ രൂക്ഷമായി വിമർശിച്ചു. ഇവർ അരാജകവാദികളാണെന്നും ഇനി പരസ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുല്ലോ എന്നുമായിരുന്നു രാഹുലിന്റെ ചോദ്യം. ഇത് തടയാനെത്തിയവരെ ന്യായീകരിക്കുന്ന വിധത്തിലാണ് രാഹുൽ പ്രതികരിച്ചത്. അതേസമയം ചുംബന സമരത്തിനെതിരെ രംഗത്തെത്തിയ രാഹുൽ ഈശ്വറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

സൂര്യാ ടിവിയിലെ മലയാളി ഹൗസിൽ പങ്കെടുത്ത വേളയിൽ രാഹുലിന്റെ പെരുമാറ്റം ലോകം മുഴുവൻ കണ്ടതാണ്. ഇങ്ങനെയുള്ള ആളെങ്ങനെ പെട്ടന്ന് സദാചാര വാദിയായി മാറിയെന്നാണ് ഫേസ്‌ബുക്കിലുണ്ടായ പോസ്റ്റുകൾ. ഇതോടെ മലയാളി ഹൗസിൽ രാഹുൽ സഹ മത്സരാർത്ഥികളെ കെട്ടിപ്പിടിച്ചു നിൽകുന്ന ചിത്രങ്ങളും പ്രവഹിക്കുകയായിരുന്നു. ചിത്രങ്ങളിൽ അന്ന് സദാചാരത്തിന് ജലദോഷമായിരുന്നോ എന്നാണ് ചോദ്യമാണ് ഉന്നയിച്ചത്.

രാഹുൽ ഈശ്വർ മലയാളി ഹൗസിൽ പങ്കെടുത്ത വേളയിൽ ഇതിനെതിരെ എതിർപ്പുമായി രംഗത്തെത്തിയത് തോക്ക് സ്വാമി ആയിരുന്നു. ഇക്കാര്യവും ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടെ ചുംബനസമരം നടക്കുകയായിരുന്ന ഇന്നലെ സോഷ്യൽ മീഡിയയിൽ വൻ പിന്തുണയാണ് ലഭിച്ചത്. പലരും പരസ്പ്പരം ചുംബിക്കുന്ന ചിത്രങ്ങൾ ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്ത് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുണ്ടായി.