മാതൃഭൂമി ന്യൂസിലെ മിശ്രവിവാഹത്തിന് എന്തു സാധ്യത എന്ന ചർച്ചയിൽ ജാതിയിൽ മുറുക്കിപ്പിടിച്ച് ഉരുണ്ട് കളിക്കുന്ന രാഹുൽ ഈശ്വറിനെ പൊളിച്ചടുക്കി ഡോക്ടർ സി രവിചന്ദ്രനും ഡോക്ടർ വർാ ബഷീറും. ഇന്നലെ നടന്ന അകംപുറം ചർച്ചയിലാണ് രാഹുൽ ഈശ്വറിനെ ഇരുവരും ചേർന്ന് പൊളിച്ചടുക്കിയത്.

മിശ്രവിവാഹം പ്രോത്സാഹിപ്പിക്കണമെന്ന് കേരള ഹൈക്കോടതി നടത്തിയ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ജാതിയുടെയും മതത്തിന്റെയും വേലിക്കെടുകൾ തകർത്ത് ഒരു പൊതുസമൂഹത്തെ വാർത്തെടുക്കുന്നതിനെ കുറിച്ചാണ് ചർച്ച ചെയ്തത്. എന്നാൽ ജാതിമത അതീതമായ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് വാക്കാൽ പറഞ്ഞ് അടുത്ത നിമിഷം തന്നെ ജാതിയെ മുറുക്കി പിടിക്കുന്ന രാഹുൽ ഈശ്വറിന്റെ സംസാരം ആരെയും ചിരിപ്പിക്കുന്നത് തന്നെയായിരുന്നു.

തുടക്കത്തിൽ തന്നെ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് തനിക്ക് താത്പര്യമുള്ള കാര്യങ്ങൾ സമർത്ഥിക്കാനാണ് ചർച്ചയിൽ രാഹുൽ ഈശ്വർ ശ്രമിക്കുന്നത്. എന്നാൽ പരിപാടിയുടെ അവതാരകയായ ശ്രീകലയും ചർച്ചയിൽ പങ്കെടുത്ത കേരള യൂണിവേഴ്‌സിറ്റി അദ്ധ്യാപകൻ ഡോക്ടർ സി രവി ചന്ദ്രനും പൊതുപ്രവർത്തക വർഷ ബഷീറും ചേർന്ന് ചർച്ച വളരെ ഭംഗിയായി തന്നെ മുന്നോട്ട് കൊണ്ടു പോയി. ചർച്ചയിൽ ഉടനീളം രാഹുൽ ഈശ്വർ ശുദ്ധ അബദ്ധങ്ങളാണ് വിളിച്ചു പറഞ്ഞതെല്ലാം.

സ്‌പെഷ്യൽ മാര്യേജ് ആക്ടും മിശ്രവിവാഹിതർ ഇന്ത്യയിൽ നേരിടുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്ത് നല്ല രീതിയിൽ തന്നെ ചർച്ച മുന്നേറുമ്പോളാണ് ജാതിയെ മുറിക്കി പിടിച്ച് രാഹുൽ ഈശ്വർ ചർച്ചയെ വഴിതിരിക്കുന്നത്. ഇടയ്ക്ക് മഹാത്മഗാന്ധിയെയും ചർച്ചയിൽ പിടിച്ചിട്ടു. എന്നാൽ സി രവി ചന്ദ്രൻ രാഹുലിന്റെ ഈ നിലപാടിനെ നിശിതമായി വിമർശിക്കുകയും ചെയ്തു. ഏതു ചർച്ച നടത്തിയാലും ഗാന്ധിജിയേയും വിവേകാനന്ദനെയും പിടിച്ചിടുന്ന രീതി മാറ്റണമെന്നും രാഹുലിനെ കളിയാക്കി കൊണ്ട് തന്നെ സി രവിചന്ദ്രൻ പറഞ്ഞു.

ജാതിയും സമുദായവും റിയാലിറ്റിയാണ്. ജാതീയത വേണ്ട എന്നും രാഹുൽ ഈശ്വർ പറയുന്നു. ജാതി രാഹുൽ ഈശ്വറിന്റെ ചർച്ചയിൽ ഉടനീളം നിറഞ്ഞു നിന്നു. ഉപ്പാകാം പക്ഷേ ഉപ്പ് രസമാകാൻ പാടില്ല എന്നു പറയുന്നത് പോലെയാണ് രാഹുലിന്റെ നിലപാടെന്ന് സി രവിചന്ദ്രനും മറുപടി കൊടുത്തു. അതേസമയം മകന്റെ ജാതിക്കോളത്തിൽ എന്ത് പൂരിപ്പിക്കും എന്ന് രാഹുലിനോട് ചോദിക്കുമ്പോൾ രാഹുൽ ഒന്ന് പതറുന്നതും പറഞ്ഞത് മാറ്റി പറഞ്ഞ് ഉരുണ്ട് കളിക്കുന്നതും ചർച്ചയിൽ പങ്കെടുത്തവർക്ക് തന്നെ ചിരി ഉളവാക്കുന്നതായിരുന്നു.