ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പാർലമെന്റിന് പുറത്ത് കോൺഗ്രസ് എംപിമാർ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ട്വിറ്ററിലൂടെയും രാഹുൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.

ഒരാൾ നീരവ് മോദിയും മറ്റൊരാൾ മോദി നീരവ് (നിശ്ശബ്ദനായ മോദി) ആണെന്നും രാഹുൽ ട്വീറ്റ് ചെയ്തു. പാർലമെന്റിന് പുറത്തും ഈ മുദ്രാവാക്യം ഉയർത്തിയായിരുന്നു രാഹുലിന്റെ പ്രതിഷേധം. ബിജെപി രക്ഷാകവചമുണ്ടാകുമെന്ന ഉറപ്പ് എല്ലാ കുറ്റവാളികൾക്കുമുണ്ട്.

അഴിമതിക്കാരോട് ഒരു സഹിഷ്ണുതയം ഇല്ലെന്നാണ് തങ്ങളുടെ നയമെന്ന് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വാചോടാപം നടത്തുന്നയാളാണ് പ്രധാനമന്ത്രി. കോടികൾ തട്ടിയെടുത്ത് നീരവ് മോദി വിദേശത്തേക്ക് കടന്നിട്ടും സർക്കാരിലെ ഉന്നതരെല്ലാം മൗനത്തിലാണ്. ഉന്നത പരിരക്ഷയില്ലാതെ ഇത്രയധികം കോടികളുടെ അഴിമതി നടത്തി രാജ്യം വിടാനാകില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.