ഡൽഹി: ഇറാഖിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ട വിഷയത്തിൽ പ്രതിക്കൂട്ടിലായ കേന്ദ്ര സർക്കാർ അതിൽ നിന്നും വഴിതിരിച്ച് വിടാനാണ് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോൺഗ്രസിന് ബന്ധമുണ്ടെന്ന് കേന്ദ്രസർക്കാർ ആരോപിക്കുന്നതെന്ന് രാഹുൽ ഗാന്ധി. സാമൂഹിക മാധ്യമമായ ഫേസ്‌ബുക്കിൽ നിന്ന് വ്യക്തിഗതവിവരങ്ങൾ ചോർത്തുന്ന കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോൺഗ്രസ് ധാരണയുണ്ടാക്കിയെന്ന ആരോപണത്തിൽ മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

ഇറാഖിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിലായിരുന്നു. ഇതിൽ കുടുങ്ങിയ സർക്കാരിന് കോൺഗ്രസിനെതിരെ കഥ മെനയുകയാണ് പോംവഴിയായി തോന്നിയത്. അതാണ് കോൺഗ്രസിനെതിരായ വിവരം ചോർത്തൽ ആരോപണം. കേന്ദ്രസർക്കാർ ഇട്ടു കൊടുത്ത ആ ചൂണ്ടയിൽ മാധ്യമങ്ങൾ കൊത്തുകയും 39 ഇന്ത്യക്കാരുടെ മരണം മറക്കുകയും ചെയ്തെന്നാണ് രാഹുലിന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് രാഹുൽ വിമർശനം ഉയർത്തിയത്.

കേംബ്രിഡ്ജ് അനലിറ്റി വിവാദം കത്തുന്നതിനിടെയാണ് വിവാദം, ഇന്ത്യക്കാരുടെ മരണത്തിൽ ശ്രദ്ധ തിരിക്കാനാണെന്ന ആരോപണവുമായി രാഹുൽ രംഗത്തെത്തിയത്.

രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ

വിഷയം: 39 ഇന്ത്യക്കാർ മരിച്ചു, സർക്കാർ കുടുങ്ങി, കള്ളം പറഞ്ഞതിന് പ്രതിക്കൂട്ടിലായി.
പരിഹാരം: കോൺഗ്രസിനെതിരെ കഥ മെനയുക, അതാണ് വിവരം ചോർത്തൽ.
ഫലം: മാധ്യമങ്ങൾ ആ ചൂണ്ടയിൽ കൊത്തി, 39 ഇന്ത്യക്കാരും റഡാറിൽ നിന്ന് അപ്രത്യക്ഷരായി,
പ്രശ്‌നം പരിഹരിച്ചു.