- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെലിക്യാം അടക്കം എട്ടു ക്യാമറകളാണ് ഉപയോഗിച്ച് ഷൂട്ടിങ്; കിട്ടിയത് ഒരു കണവയും രണ്ടു മത്തിയും; ഏവരേയും ഞെട്ടിച്ച് രാഹുലിന്റെ സ്‌കൂബാ ഡൈവിംഗും; ഓൾ ഇന്ത്യ ഫിഷർമെൻ കോൺഗ്രസ് നേതാവായിട്ടും മക്കളെ ഓർത്ത് കടലിൽ ചാടാത്ത പ്രതാപനും; രാഹുലിന്റെ കടലിനെ അറിയാനുള്ള യാത്ര വൈറൽ ചർച്ചയാകുമ്പോൾ
കൊല്ലം: തമിഴ്‌നാട്ടിൽ വില്ലേജ് പാചകക്കാർക്കൊപ്പം ഭക്ഷണം. യൂ ട്യൂബിൽ ഈ വീഡിയോ വൈറലായത് അതിവേഗമാണ്. കേരളത്തിൽ മത്സ്യ തൊഴിലാളികൾക്കൊപ്പമായി സമാന ഇടപെടൽ. ഹെലിക്യാം അടക്കം എട്ടു ക്യാമറകളാണ് ഉപയോഗിച്ചത്. പുലർച്ചെ 5.30ന് കടലിൽപ്പോയി. സുരക്ഷാ ഉദ്യോഗസ്ഥരും സഹായിയും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 25 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 2 ബോട്ടുകൾ വേറെയും ഉണ്ടായിരുന്നു. മുക്കാൽ മണിക്കൂർ യാത്ര ചെയ്താണ് മീൻ പിടിക്കുന്ന സ്ഥലത്തെത്തിയത്. കടലിനെക്കുറിച്ച് അറിയാനായിരുന്നു രാഹുലിന് താൽപര്യം. അതിനായിരുന്നു വ്‌ളോഗറുമൊത്തുള്ള യാത്ര. മത്സ്യബന്ധനം നടത്തിയ രാഹുൽ ഗാന്ധിക്കൊപ്പം ടി.എൻ. പ്രതാപൻ എംപിയുമുണ്ടായിരുന്നു.
ആഴക്കടലിലെ ആർത്തലയ്ക്കുന്ന തിരമാലകളെ കൂസാതെയുള്ള രാഹുൽ ഗാന്ധിയുടെ കടലിൽച്ചാട്ടം അക്ഷരാർഥത്തിൽ തന്നെ ഞെട്ടിച്ചെന്ന് ടി.എൻ.പ്രതാപൻ. തന്നോടും കടലിലേക്ക് എടുത്തു ചാടാൻ പറഞ്ഞപ്പോൾ കൈകൂപ്പി തൊഴുത്, തന്റെ മക്കളെയോർത്ത് ഒഴിവാക്കിത്തരണം എന്നാണ് ടി.എൻ.പ്രതാപൻ മനോരമയോട് പറഞ്ഞത്. പുലർച്ചെ, രാഹുൽജിയും ഞാനും പ്രിയ കെസിയും, സിആർപിഎഫുകാരുടെ വല്ലാത്ത നിർബന്ധത്തിനു വഴങ്ങി അവരിലെ രണ്ടുപേരെയും കൂട്ടി കടലിലേക്ക് ഇറങ്ങി. നേരത്തേ പറഞ്ഞുവച്ച ബോട്ടുകാരോട്, എന്റെ കൂടെ രാഹുൽജിയുണ്ടാകുമെന്നു ഞാൻ വെളിപ്പെടുത്തിയിരുന്നില്ല. രാഹുൽജിയെ കണ്ടപാടേ അവരുടെ കണ്ണുതള്ളി. ഇത് രാഹുൽജി തന്നെയാണോ എന്നു ശങ്കിച്ച നിൽപായിരുന്നു അവരുടേത്. കാരിയർ വഞ്ചിയിലാണ് മത്സ്യബന്ധന നൗകയിലേക്കു നീങ്ങിയത്.
ഉൾക്കടലിലേക്കുള്ള യാത്രയ്ക്കിടെ രാഹുൽജി തൊഴിലാളികളുമായി ചങ്ങാത്തത്തിലായി. അവരിലൊരാളായി അവരുടെയും കുടുംബത്തിന്റെയും ക്ഷേമം അറിയുകയാണ് അദ്ദേഹം. ചുറ്റിലും ഇരുൾ തന്നെയാണ്. അകലെ മറ്റു നൗകകളുടെ വെളിച്ചങ്ങൾ കണ്ണു ചിമ്മുന്നതു കാണാം. ഉൾക്കടലിൽ എത്തിയപ്പോൾ വലയടിക്കാൻ തുടങ്ങി. വല കെട്ടാൻ വേണ്ടി തൊഴിലാളിസുഹൃത്തുക്കളിൽ ഒരാൾ കടലിലേക്കു ചാടി. അയാളെന്തിനാണ് കടലിൽ ചാടിയതെന്നു രാഹുൽജി ചോദിച്ചു. വലകെട്ടാൻ ഇങ്ങനെ ഇറങ്ങുന്നത് ഒരു രീതിയാണെന്ന് അദ്ദേഹത്തോട് ഞങ്ങൾ വിശദീകരിച്ചു. എങ്കിൽ ആ സുഹൃത്തിനെ സഹായിക്കാൻ ഞാനും ചാടുന്നു എന്നുപറഞ്ഞ് രാഹുൽജി കടലിലേക്ക് ഊളിയിട്ടു ചാടി.
ഞാനും കെസിയും രാഹുൽജിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അന്ധാളിച്ചു നിൽക്കെ, രാഹുൽജി നേരത്തേ ചാടിയ സുഹൃത്തിന്റെ അടുത്തെത്തി. 'നിങ്ങൾ പേടിക്കേണ്ട, രാഹുൽജി സ്‌കൂബാ ഡൈവിങ്ങിലൊക്കെ നല്ല പരിശീലനം ഉള്ള ആളാണ്..', രാഹുൽജിയുടെ പഴ്സനൽ അസിസ്റ്റന്റ് അലങ്കാർ ആണതു പറഞ്ഞത്. രാഹുൽജി ചാടിയതു കണ്ട് ഒന്നുരണ്ടു മത്സ്യത്തൊഴിലാളി സുഹൃത്തുക്കൾ കൂടി കടലിലിറങ്ങി. കെസിയോടു ചാടാൻ പറഞ്ഞപ്പോൾ വിസമ്മതിച്ചു. രാഹുൽജി പിന്നെ നോക്കിയത് എന്നെ. ഞാൻ ഇല്ലെന്നു കൈകൂപ്പി. 'അതെന്താ? ഓൾ ഇന്ത്യ ഫിഷർമെൻ കോൺഗ്രസ് നേതാവൊക്കെയായിട്ട്..?' രാഹുൽജി വിടാൻ ഭാവമില്ല. 'എന്റെ മക്കൾ നന്നേ ചെറുതാണ്. ഇത് ഉൾക്കടലാണ്; എനിക്ക് ആയിക്കോളണം എന്നില്ല...' ഇതുകേട്ട രാഹുൽജി ചിരിച്ചു.
വലയടിച്ചു കഴിഞ്ഞ് ഞങ്ങൾ എല്ലാവരും കൂടി വല കയറ്റാൻ തുടങ്ങി. ഒരു കണവയും രണ്ടു മത്തിയും അല്ലാതെ മറ്റൊന്നും ഞങ്ങൾക്കു കിട്ടിയില്ല. രാഹുൽജിക്കു വലിയ സങ്കടമായി. ഇങ്ങനെ ഓരോ തവണയും പ്രതീക്ഷയോടെ കടലിലെത്തിയിട്ട് നിരാശരായി മടങ്ങേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളെ ഓർത്താണ് രാഹുൽജിയുടെ വിഷമം. തൊഴിലാളിസുഹൃത്തുക്കൾ കയ്യിൽ കരുതിയിരുന്ന മീൻ പാചകം ചെയ്തു. ബ്രെഡും നല്ല രുചികരമായ മീൻകറിയും. ഒരു മീൻ ഭക്ഷണത്തിനു പാകമായി വരുമ്പോഴേക്കും എത്രമേൽ കഷ്ടതകളും ത്യാഗങ്ങളും അതിന്റെ പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളുടേതായി കഴിഞ്ഞുപോയിട്ടുണ്ടാകുമെന്ന് മനസ്സിലായതായി അദ്ദേഹം അതിശയം കൊണ്ടു. മടക്കയാത്രയിലും അദ്ദേഹം തൊഴിലാളിസുഹൃത്തുക്കളോട് കുശലം പറഞ്ഞിരിക്കുകയായിരുന്നു. ബോട്ടിൽനിന്ന് കാരിയർ വള്ളത്തിലേക്കു ഞങ്ങൾ മാറിക്കയറി. ഇനി കരയിലേക്ക്. കരയോടടുത്തപ്പോൾ രാഹുൽജി വള്ളത്തിൽനിന്ന് ചാടിയിറങ്ങി-ഇങ്ങനെയാണ് ആ യാത്രയെ പ്രതാപൻ ഓർത്തെടുക്കുന്നത്.
രാഹുൽ ഗാന്ധിക്കൊപ്പം മീൻപിടുത്ത ബോട്ടിൽ കടലിൽ പോകാൻ റെഡിയാണോ എന്നു ചോദിച്ചത് നാലു ദിവസം മുമ്പാണ്. പതിവായി കടലിൽ പോയി മീൻപിടിത്തം ഷൂട്ട് ചെയ്യുന്ന വ്‌ലോഗർ എന്ന നിലയിലാണ് അവസരം കിട്ടിയത്. ബുധനാഴ്ച പുലർച്ചെ കൊല്ലത്ത് വാടി കടപ്പുറത്ത് എത്താനായിരുന്നു നിർദ്ദേശം. ഹെലിക്യാം അടക്കം എട്ടു ക്യാമറകളാണ് ഉപയോഗിച്ചത്. പുലർച്ചെ 5.30ന് കടലിൽപ്പോയി. സുരക്ഷാ ഉദ്യോഗസ്ഥരും സഹായിയും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 25 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 2 ബോട്ടുകൾ വേറെയും ഉണ്ടായിരുന്നു. മുക്കാൽ മണിക്കൂർ യാത്ര ചെയ്താണ് മീൻ പിടിക്കുന്ന സ്ഥലത്തെത്തിയത്. കടലിനെക്കുറിച്ച് അറിയാനായിരുന്നു രാഹുലിന് താൽപര്യം-വ്‌ളോഗർ സെബിനും പറയുന്നു.
ആഴം, ചാകരയുടെ ലക്ഷണം, മീനിന്റെ ലഭ്യത, വില, തൊഴിലാളികളുടെ വരുമാനം എന്നിവയെല്ലാം അന്വേഷിച്ചു. നീന്തൽ അറിയുമോ എന്നു സെബിൻ ചോദിച്ചപ്പോൾ നന്നായി അറിയാമെന്നായിരുന്നു രാഹുലിന്റെ മറുപടി. ആഴക്കടൽ ഭാഗത്ത് മൂന്നു ബോട്ടുകളും എത്തി. മീൻ പിടിക്കുന്ന തൊഴിലാളികൾ കടലിലേക്കു ചാടി നീന്തിത്തുടങ്ങി. ഇത് എന്തിനാണെന്നു രാഹുലിന്റെ സംശയം. മദർ ബോട്ടിനു ചുറ്റുമായിരുന്നു വല വിരിച്ചിരിക്കുന്നത്. ഈ ബോട്ടിന്റെ അടിയിൽ മാത്രം വല വലിക്കാൻ കഴിയില്ല. ഇതുവഴി മത്സ്യങ്ങൾ ചാടിപ്പോകും. ചാടിപ്പോകാതെ മത്സ്യങ്ങളെ ഇളക്കി വലയിൽ കുടുക്കാൻ വേണ്ടിയാണെന്നു പറഞ്ഞതോടെ താനും വെള്ളത്തിലേക്ക് ചാടിയാൽ കുഴപ്പമുണ്ടോ എന്നായി ചോദ്യം.
തുടർന്ന് രാഹുലും സുരക്ഷാ ഉദ്യോഗസ്ഥനും കടലിൽച്ചാടി. കൂടെ ചില തൊഴിലാളികളും ഇറങ്ങി. മുക്കാൽ മണിക്കൂർ കൊണ്ടാണ് വല വലിച്ചത്. പിടിച്ച മീൻ തന്നെ വെട്ടി കറിവച്ചു. ചൂടു മീൻകറിയും ബ്രഡ്ഡും എല്ലാവരും കഴിച്ചു-വ്‌ളോഗർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ