ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിന്റെ ദൗർലഭ്യം ഗുരുതരമായ വിഷയമാണെന്നും മറിച്ച് ഒരു ഉത്സവമല്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഏപ്രിൽ 11 മുതൽ 14 വരെയുള്ള ദിവസങ്ങൾ 'ടീകാ ഉത്സവ്'അഥവാ 'വാക്സിൻ ഉത്സവ'മായി ആചരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ വിമർശിച്ചാണ് രാഹുൽ രംഗത്തുവന്നത്.

വാക്സിൻ ഉത്സവമായി ആചരിക്കുന്ന ദിവസങ്ങളിൽ രാജ്യത്തെ യോഗ്യരായ പരമാവധി പേർക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരുന്നു. നിരവധി സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടയിലും ഇന്ത്യയിൽ നിന്നുള്ള വാക്സിൻ കയറ്റുമതി തുടരുന്നതിനെ രാഹുൽ നിശിതമായി കുറ്റപ്പെടുത്തി.

വാക്സിൻ ലഭ്യതയിലുണ്ടായ കുറവ് കാരണം ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വാക്സിൻ വിതരണകേന്ദ്രങ്ങൾ അടച്ചു പൂട്ടുകയാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം ആരംഭിച്ച ശേഷം രാജ്യത്ത് ഏറ്റവുമധികം വ്യാപനനിരക്ക് പ്രകടമായ ഈ സമയത്ത് മിക്ക വിതരണകേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്സിൻ എത്തിച്ചേരുന്നില്ലെന്നും രാഹുൽ പറഞ്ഞു.

രാജ്യത്തിലെ ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി മറ്റു രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി ന്യായീകരിക്കാവുന്നതല്ല. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം ഒരു ഉത്സവമല്ല, വാക്സിന്റെ ലഭ്യതക്കുറവ് ഗുരുതരമായ കാര്യമാണ്. പക്ഷപാതപരമല്ലാതെ എല്ലാ സംസ്ഥാനങ്ങൾക്കും വാക്സിൻ ലഭ്യമാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്. മഹാമാരിയെ ഒറ്റക്കെട്ടായി പൊരുതി തോൽപിക്കുകയാണ് നാം ചെയ്യേണ്ടത്. രാഹുൽ ട്വീറ്റ് ചെയ്തു.