ന്യൂഡൽഹി: ബിജെപിയുടെ നുണകളും മുദ്രാവാക്യങ്ങളുമല്ല, വേഗത്തിലും സമ്പൂർണവുമായുള്ള കോവിഡ് വാക്‌സിനേഷനാണു രാജ്യത്തിന് ആവശ്യമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്റെ നിഷ്‌ക്രിയത്വം മൂലമുണ്ടാകുന്ന വാക്സീൻ ക്ഷാമം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂർണവുമായ വാക്സിനേഷനാണ്. അല്ലാതെ മോദി സർക്കാരിന്റെ നിഷ്‌ക്രിയത്വം കൊണ്ട് രൂപപ്പെട്ട വാക്സിൻ ക്ഷാമത്തെ മറയ്ക്കാനുള്ള ബിജെപിയുടെ പതിവുനുണകളും താളാത്മക മുദ്രാവാക്യങ്ങളുമല്ല- രാഹുൽ ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് വ്യാപനത്തിനു സാഹചര്യമൊരുക്കുകയും ജനങ്ങളുടെ ജീവൻ കുരുതി കൊടുക്കുകയും ചെയ്യുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. രണ്ടാം കോവിഡ് തരംഗം നേരിടുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നു പ്രതിപക്ഷം വിമർശിച്ചിരുന്നു.

കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള ഇരട്ടിയാക്കി കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം, ശാസ്ത്രസംഘത്തിന്റെ യോജിപ്പോടെയുള്ളതല്ലെന്ന വാർത്തയുടെ സ്‌ക്രീൻഷോട്ടും രാഹുൽ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ഡോസുകൾ തമ്മിൽ ഇടവേള വർധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ വ്യക്തമാക്കി.