- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു; മോദിയുടെ കണ്ണീരിന് ജീവൻ രക്ഷിക്കാനാവില്ല; അതിന് ഓക്‌സിജൻ വേണം; ധവളപത്രവുമായി രാഹുൽ
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ച് ധവളപത്രം പുറത്തിറക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ടാം തരംഗം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും മൂന്നാം തരംഗം ഉണ്ടാകുമെന്നിരിക്കെ അതിനെ പ്രതിരോധിക്കാൻ വേണ്ട കരുതലെടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. അതിനായി കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ ധവളപത്രത്തിലുണ്ടെന്നും രാഹുൽ പറഞ്ഞു.
'രണ്ടാം തരംഗത്തിൽ ജീവൻ നഷ്ടമായ 90 ശതമാനം ആളുകളെയും രക്ഷിക്കാമായിരുന്നു. അവർ മരിക്കാനുള്ള പ്രധാന കാരണം ഓക്‌സിജൻ ക്ഷാമമാണ്. പ്രധാനമന്ത്രിയുടെ കണ്ണീരു കൊണ്ട് രാജ്യത്തെ കുടുംബങ്ങളുടെ കണ്ണീര് മായ്ക്കാനാകില്ല. അദ്ദേഹത്തിന്റെ കണ്ണീരിന് ആരെയും രക്ഷിക്കാനാകില്ല, പക്ഷേ ഓക്‌സിജന് അത് സാധിക്കും. എന്നാൽ അദ്ദേഹം അതു കാര്യമായി എടുത്തില്ല. കാരണം അദ്ദേഹത്തിനു പ്രധാനം ബംഗാൾ തിരഞ്ഞെടുപ്പായിരുന്നു' രാഹുൽ ധവളപത്രത്തിൽ ആരോപിച്ചു.
കോവിഡിൽ വരുമാനം നഷ്ടപ്പെട്ടവരെ സഹായിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും രാഹുൽ ആരോപിച്ചു. ഇന്ധന വില വർധനയിൽനിന്ന് നാലു കോടിയോളം രൂപയാണ് സർക്കാരിന് ലഭിക്കുന്നത്. വരുമാനമാർഗം നഷ്ടപ്പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം. മൂന്നാം തരംഗം ഉറപ്പാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
അതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്തണം. എല്ലാവർക്കും വാക്‌സീൻ ലഭ്യമാക്കുകയും ആശുപത്രികളിൽ ആവശ്യമായ കിടക്കകൾ, വെന്റിലേറ്റർ, ഓക്‌സിജൻ എന്നിവ ഉറപ്പാക്കുകയും വേണം. പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നേരിട്ട് പണം എത്തുന്ന തരത്തിൽ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. കോവിഡിലെ യഥാർഥ മരണനിരക്ക് സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് വിമർശനമുയരുന്നുണ്ടെന്നും അതിൽ കൃത്യത ഉണ്ടാവണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്