ജയ്പുർ: ഇന്ത്യയിൽ നടക്കുന്നത് 'ഹിന്ദു'വും 'ഹിന്ദുത്വവാദി'യും തമ്മിലുള്ള മത്സരമാണെന്നും അധികാരത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഹിന്ദുത്വവാദികളുടെ മുഖമുദ്രയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജസ്ഥാനിൽ നടന്ന കോൺഗ്രസിന്റെ മെഗാറാലിയിലാണ് ബിജെപിക്കെതിരെ രൂക്ഷവിമർശനം രാഹുൽ ഉന്നയിച്ചത്.

'ഹിന്ദുവും ഹിന്ദുത്വവാദിയും വ്യത്യസ്ത അർഥങ്ങളുള്ള വാക്കുകളാണ്. ഞാൻ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. മഹാത്മാ ഗാന്ധി ഒരു ഹിന്ദുവായിരുന്നു. ഗോഡ്സെ ഹിന്ദുത്വവാദിയും. മഹാത്മഗാന്ധി സത്യാന്വേഷണത്തിനായി തന്റെ ജീവിതം ചെലവഴിച്ചു. നാഥുറാം ഗോഡ്സെ മൂന്ന് വെടിയുണ്ടകൾകൊണ്ട് അദ്ദേഹത്തിന്റെ ജീവനെടുത്തു', രാഹുൽ പറഞ്ഞു.

ഹിന്ദുത്വവാദികൾ ജീവിതം മുഴുവൻ അധികാരം തേടിയാണ് ചെലവഴിക്കുന്നത്. അധികാരമല്ലാതെ അവർക്ക് മറ്റൊന്നുമില്ല. അതിനായി അവർ എന്തും ചെയ്യും. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല. ഹിന്ദുത്വവാദികൾ 2014 മുതൽ അധികാരം കൈയാളുകയാണ്. നമുക്ക് ഈ ഹിന്ദുത്വവാദികളെ അധികാരത്തിൽ നിന്ന് പുറത്താക്കി ഹിന്ദുക്കളെ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും രാഹുൽ പറഞ്ഞു.

'ആരാണ് ഹിന്ദു? എല്ലാവരെയും ആശ്ലേഷിക്കുന്ന, ആരെയും ഭയക്കാത്ത, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവൻ ആണ് ഹിന്ദു. എല്ലാവരേയും ഉൾക്കൊള്ളുന്ന എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന സത്യത്തിന്റെ പാതയിലുള്ള ഹിന്ദുക്കളുടെ ഭരണം നമുക്ക് തിരികെ കൊണ്ടുവരണം', റാലിയിൽ രാഹുൽ കൂട്ടിച്ചേർത്തു.

രാഹുലിന് മുമ്പായി സംസാരിച്ച പ്രിയങ്കയും ബിജെപിക്കെതിരെ രൂക്ഷവിമർശനമുയർത്തി. നമ്മുടെ ടൂറിസ്റ്റ് പ്രധാനമന്ത്രി ലോകം മുഴുവൻ കറങ്ങി. നമ്മുടെ കർഷകരെ കാണാൻ പത്ത് കിലോമീറ്റർ അപ്പുറത്തേക്ക് പോയില്ല. ഇത്തരമൊരു സർക്കാരാണ് ഇവിടെയുള്ളതെന്നും അവർ പറഞ്ഞു.

പതിറ്റാണ്ടുകളായി കോൺഗ്രസ് കെട്ടിപ്പടുത്ത രാജ്യത്തെ ഏതാനും വ്യവസായികൾക്കായി വിൽക്കുകയാണ്. കഴിഞ്ഞ ഏഴ് വർഷംകൊണ്ട് ഈ രാജ്യത്ത് നിങ്ങൾ എന്താണ് കൊണ്ടുവന്നതെന്ന് വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.