ന്യഡൽഹി: പഞ്ചാബിലെ കോൺഗ്രസിന് രാഹുൽ ഗാന്ധി വീണ്ടും പണി കൊടുത്തു. കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് പറന്നത് കോൺഗ്രസ് നേതാക്കളെ ആകെ വെട്ടിലാക്കുകയാണ്. വ്യക്തിപരമായ കാര്യങ്ങൾക്കാണ് ഇറ്റലി യാത്ര എന്നാണ് വിവരം. ഓമിക്രോൺ ഭീതി നിലനിൽക്കുന്നതിനിടെയാണ് രാഹുലിന്റെ യാത്ര. ദോഹ വഴി രാഹുൽ ഇറ്റലിയിലേക്ക് പോയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്ര. ജനുവരി മൂന്നിന് പഞ്ചാബിലെ മോഗ ജില്ലയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കേണ്ടിയിരുന്ന റാലി ഇറ്റലി യാത്രയെ തുടർന്ന് മാറ്റിവെച്ചേക്കും. ഇത്രയും വ്യക്തിപരമായ എന്തു സാഹചര്യമാണ് രാഹുലിന് ഇറ്റലിയിലുള്ളതെന്നാണ് കോൺഗ്രസുകാരുടേയും ചോദ്യം.

പഞ്ചാബിൽ ഭരണം നിലനിർത്താൻ പെടാപാടു പെടുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയാണ് രാഹുലിന്റെ യാത്ര. ആംആദ്മിയിലേക്ക് അണികൾ ഒഴുകുമെന്നാണ് ഭയം. എന്നാൽ പഞ്ചാബിലെ റാലിക്ക് മുമ്പ് രാഹുൽ മടങ്ങിയെത്തുമെന്ന് കോൺഗ്രസ് നേതാക്കളും പറയുന്നു. മടങ്ങി എത്തിയില്ലെങ്കിൽ ഈ യാത്രയും രാഷ്ട്രീയത്തിൽ അലയൊലികൾ സൃഷ്ടിക്കും.

തീർത്തും വ്യക്തിപരമായ കാരണങ്ങൾക്കാണ് രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്രയെന്ന് വിശദീകരണം. ബിജെപിയും അവരുടെ മാധ്യമ സുഹൃത്തുക്കളും രാഹുൽ ഗാന്ധിയുടെ യാത്രയെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞുപരത്തരുതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല എഎൻഐയോട് പറഞ്ഞു. എന്നാൽ എത്ര ദിവസത്തേക്കാണ് യാത്ര എന്ന് വ്യക്തമല്ല. ഇതെല്ലാം കോൺഗ്രസ് അണികൾക്കിടയിലും ചർച്ചകൾക്ക് ഇടനൽകും. രാഹുലിന്റെ ഇറ്റലി യാത്രകൾ മുമ്പും കോൺഗ്രസിന് തലവേദനയായിരുന്നു. എല്ലാ സംസ്ഥാനത്തും കോൺഗ്രസ് ജീവന്മരണ പോരാട്ടമാണ് നേരിടുന്നത്. അതുകൊണ്ട് തന്നെ ഈ യാത്ര കോൺഗ്രസിന് രാഷ്ട്രീയ പ്രതിസന്ധിയുമാകും.

രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്രയുടെ സമയത്തുതന്നെ പഞ്ചാബിൽ ബിജെപിയുടെ പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ജനുവരി അഞ്ച് മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പഞ്ചാബിൽ ബിജെപിയുടെ റാലി നടക്കുക. രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്ര തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചർച്ചയാക്കാനായിരിക്കും ബിജെപിയുടെ ശ്രമം. ഇത് മറ്റ് സംസ്ഥാനങ്ങളിലും അലയൊലി തീർക്കും. നേരത്തെ പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുമ്പായി രാഹുൽ ഗാന്ധി ഒരു മാസത്തോളം ഇറ്റലി സന്ദർശിച്ചിരുന്നു.

ഇത് നിരവധി കോണുകളിൽ നിന്ന് വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതൊന്നും മുഖവിലയ്ക്ക് എടുക്കാതെയാണ് പാർലമെന്റ് സമ്മേളനത്തിന് ശേഷമുള്ള രാഹുലിന്റെ യാത്ര. പഞ്ചാബിൽ രാഹുൽ ഇതുവരെ ഒരു റാലിയിൽ പോലും പങ്കെടുത്തിരുന്നില്ല. ജനുവരി മൂന്ന് മുതൽ പങ്കെടുക്കാം എന്നാണ് രാഹുൽ അറിയിച്ചിരുന്നത്. ഇത് പ്രകാരമാണ് ജനുവരി മൂന്നിന് പഞ്ചാബിലെ തിരഞ്ഞെടുപ്പ് റാലിയെ രാഹുൽ അഭിസംബോധന ചെയ്യുമെന്ന് നേതൃത്വം തീരുമാനിച്ചത്.

ഇനിയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് ഏറെ നിർണായകമാണെന്നിരിക്കെയാണ് രാഹുൽ പെട്ടന്ന് ഇറ്റലിയിലേക്ക് പോയത്. ഇതിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വലിയ വിമർശനം ഉയരുന്നുണ്ട്. എന്നാൽ, പുതുവത്സരം ആഘോഷിക്കാനാണ് രാഹുൽ ഇറ്റലിയിലേക്ക് പോയതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.