ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച് വാർത്ത നൽകിയെന്ന പരാതിയിൽ സീ ടിവി ചാനൽ അവതാരകൻ രോഹിത് രഞ്ജന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. രാജസ്ഥാൻ, ഛത്തീസ്‌ഗഡ് പൊലീസ് രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.

വയനാട്ടിൽ തന്റെ എംപി ഓഫിസിൽ അക്രമം നടത്തിയ എസ്എഫ്‌ഐക്കാരോടു ക്ഷമിച്ചുവെന്ന് രാഹുൽ ഗാന്ധി പറയുന്നതിനെ, രാജ്സ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യ ലാലിനെ വെട്ടിക്കൊന്നവരോടു ക്ഷമിച്ചുവെന്ന രീതിയിൽ പ്രചരിപ്പിച്ചെന്നാണ് കേസ്.

ജസ്റ്റിസ് മാരായ ഇന്ദിര ബാനർജി, ജെ.കെ മഹേശ്വരി എന്നിവർ അടങ്ങിയ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് അറസ്റ്റ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഒരേ കുറ്റത്തിന് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളാണെന്ന് രോഹിത് രഞ്ജന് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

ടി.ടി ആന്റണി കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഒരേ കുറ്റത്തിന് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അവ ഒന്നിപ്പിച്ച് ഒറ്റ കേസായി കേൾക്കാമെന്ന് ഉത്തരവിട്ടുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് അറ്റോർണി ജനറൽ മുഖേനെ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ഉത്തർപ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് രോഹിത് രഞ്ജന് എതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് ഒരുമിച്ചാക്കണമെന്ന് ആവശ്യപ്പെട്ടാണ് രോഹിത് രഞ്ജൻ സുപ്രീം കോടതിയെ സമീപിച്ചത്. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രോഹിത് രഞ്ജന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ചത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ രോഹിത്തിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് കടത്തിയത് വലിയ വിവാദം ആയിരുന്നു.