ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ച് 5.6 ആയി ചുരുങ്ങുമെന്നും കേന്ദ്രത്തിലുള്ള മന്ത്രിമാരെല്ലാം വെറും പാവകളാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

രാജസ്ഥാനിലെ ജയ്പുർ കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കവെയാണ് രാഹുൽ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. രാജസ്ഥാൻ സർക്കാരിനെതിരെയും പരിഹാസശരങ്ങളാണ് രാഹുൽ എയ്തത്.

ലളിത് മോദി വിവാദത്തിൽപെട്ട വസുന്ധര രാജെ സിന്ധ്യയെ ലക്ഷ്യമിട്ട്, ലണ്ടനിൽനിന്നുള്ള റിമോട്ട് കൺട്രോൾ ഭരണമാണ് രാജസ്ഥാനിലെന്നും രാഹുൽ പരിഹസിച്ചു. കുറ്റവാളിയെ രക്ഷിക്കാനായി ഒപ്പിട്ടു കൊടുക്കുകയാണ് വസുന്ധര രാജെ ചെയ്തത്. അതിലൂടെ രാജ്യത്തെ നിയമങ്ങളാണ് രാജസ്ഥാൻ മുഖ്യമന്ത്രി ലംഘിച്ചിരിക്കുന്നത്. ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രധാനമന്ത്രി മോദി എന്തുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തതെന്നും രാഹുൽ ചോദിച്ചു.

കേന്ദ്രത്തിൽ ഒരാളുടെ ഭരണമാണ് നടക്കുന്നത്. മോദി പറയും മറ്റുള്ളവർ കേൾക്കും. കേവലം പാവകളെ പോലെയാണ് മറ്റുമന്ത്രിമാരെല്ലാം എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഭൂമി ഏറ്റെടുക്കൽ ബില്ലിന്റെ കാര്യത്തിൽ സർക്കാർ വരുത്താൻ പോകുന്ന ഭേദഗതിയെ ശക്തമായി എതിർക്കും. പാർലമെന്റിൽ ബിൽ പാസാക്കിയെടുക്കാൻ സർക്കാരിന് സാധിക്കില്ല. ഇക്കാര്യത്തിൽ ഒരിഞ്ചുപോലും പാർട്ടി പിന്നോട്ടുപോകില്ലെന്നും രാഹുൽ പറഞ്ഞു.