ന്യൂഡൽഹി: കോവിഡ് നേരിടാൻ വിദേശ സഹായം സ്വീകരിക്കുന്ന കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചെയ്യേണ്ട പണി നേരത്തെ എടുത്തിരുന്നെങ്കിൽ സർക്കാരിന് വിദേശ രാജ്യങ്ങളെ സഹായത്തിനായി ആശ്രയിക്കേണ്ടി വരില്ലായിരുന്നു എന്നാണ് രാഹുൽ പറഞ്ഞത്. മഹാമാരിയെ നേരിടുന്നതിൽ പൂർണ്ണപരാജയമാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.

'വിദേശ സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് കേന്ദ്രം കണക്കാക്കുന്നത്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ നേരത്തെ ചെയ്തിരുന്നുവെങ്കിൽ ഇപ്പോൾ ഇങ്ങനെ സഹായത്തിനായി നിലവിളിക്കേണ്ടി വരില്ലായിരുന്നു', രാഹുൽ ട്വിറ്ററിലെഴുതി.

വിദേശത്ത് നിന്ന് സ്വീകരിച്ച തുകയുടെ കണക്ക് പുറത്തുവിടണമെന്ന് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. യാതൊരു സുതാര്യതയുമില്ലാതെയാണ് കേന്ദ്രം ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നു.

അതേസമയം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിന്റെ പാളിച്ചകൾ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര മാധ്യമങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3754 പേർ ഈ സമയത്തിനിടെ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.