ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ കെപിസിസി നിലപാട് തള്ളി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ വളരെ കരുതലോടെയുള്ള നിലപാടാണ് രാഹുൽ സ്വീകരിച്ചിരിക്കുന്നത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ പോകണമെന്നാണ് തന്റെ നിലപാടെന്ന് രാഹുൽ ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം കൈക്കൊണ്ട നിലപാടിന് വിരുദ്ധമായാണ് രാഹുലിന്റെ അഭിപ്രായം. ഇക്കാര്യത്തിൽ കെപിസിസിയുടെ നിലപാടല്ല തനിക്കെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ എല്ലായിടത്തും പ്രവേശിപ്പിക്കണമെന്നാണ് തന്റെ നിലപാട്.

അതിനെ സ്ത്രീകളടക്കം ധാരാളം പേർ പിന്തുണക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. 'സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിനാൽ തന്നെ സ്ത്രീക്ക് എവിടെയെങ്കിലും പ്രവേശനം വിലക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല'- രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം തന്റെ പാർട്ടിക്ക് ഈ വിഷയത്തിൽ വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളതെന്നും രാഹുൽ വിശദീകരിച്ചു.

കെപിസിസി നിലപാട് കേരളത്തിലെ വൈകാരിക സാഹചര്യം കണക്കിലെടുത്താണെന്നും രാഹുൽ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കൊപ്പം നിലകൊള്ളുകയും നാമജപ ഘോഷയാത്രകൾക്ക് പോകേണ്ടവർക്ക് പോകാമെന്നും വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ നിരന്തരം ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തുവരുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ നിലപാട് ശ്രദ്ധേയമാകുന്നത്.

രാഹുലിന്റെ പരാമർശത്തെ തുടർന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടി ശബരിമല വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാടിനെ ന്യായീകരിച്ച് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തുവന്നു. നെഹ്റുവിന്റെ കാലംമുതൽ കോൺഗ്രസ് പാർട്ടി വിശ്വാസികൾക്കൊപ്പമാണ്. കെപിസിസി നിലപാട് എടുത്തത് ഹൈക്കമാൻഡ് അനുമതിയോടെ ആണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കെപിസിസിയെ തിരുത്തിക്കാൻ രാഹുൽ ഗാന്ധി തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ സംസ്ഥാന കോൺഗ്രസിൽ വിഭിന്നമായ അഭിപ്രായം രേഖപ്പെടുത്തിയത് യുവ എംഎൽഎ വി ടി ബൽറാം മാത്രമായിരുന്നു. വിധിയെ സ്വാഗതം ചെയ്ത രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് നേതാവെന്നും രാഹുൽ ഈശ്വർ അല്ലെന്നും പറഞ്ഞിരുന്നു. മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്ന വേളയിൽ കോൺഗ്രസ് നേതാക്കൾ കൈക്കൊണ്ട നിലപാടിനെ വിമർശിച്ചു കൊണ്ടായിരുന്നു ബൽറാം അഭിപ്രായം പറഞ്ഞത്. ശബരിമല വിഷയത്തിൽ ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടെയും പുരോഗമനവിരുദ്ധ ആശയങ്ങളുടെയും വക്താക്കളാകേണ്ട ചുമതല കോൺഗ്രസിനില്ലെന്ന് വി.ടി. ബൽറാം വ്യക്തമാക്കുകയുണ്ടായി.

രാഹുൽ ഈശ്വരല്ല, രാഹുൽ ഗാന്ധിയാണ് കോൺഗ്രസ്സിന്റെ നേതാവ്. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പഴ്സ് നിർത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്. പ്രാഥമികധാരണയുള്ളവരെ ചർച്ചയ്ക്ക് നിയോഗിക്കുന്നകാര്യം നേരിട്ട് കെപിസിസി. പ്രസിഡന്റിനെ അറിയിച്ചതായും ബെൽറാം വ്യക്തമാക്കി. ശബരിമലവിഷയത്തിൽ സുപ്രീംകോടതിവിധിയെ സ്വാഗതംചെയ്യുന്ന വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിർത്തുന്നു. അതേസമയം, അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസ്സിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നു. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതരകേരളത്തെ വർഗീയമായി നെടുകെപ്പിളർക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനെയും സർക്കാരിനെയും തുറന്നുകാട്ടേണ്ടതുണ്ടെന്നും ബൽറാം അഭിപ്രായപ്പെട്ടിരുന്നു.