ന്യൂഡൽഹി: ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് വിട്ടുനൽകിയെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഭീരുവാണെന്നും ചൈനയ്ക്കെതിരായി നിലപാടെടുക്കാൻ അദ്ദേഹം തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്കും വടക്കുമുള്ള പ്രദേശങ്ങളിൽനിന്ന് ഇന്ത്യയും ചൈനയും ബുധനാഴ്ച മുതൽ സൈനികരെ പിൻവലിക്കാൻ തുടങ്ങിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ വിമർശം.

ചൈനീസ് സൈന്യം പാംഗോങ് തടാകത്തിനു വടക്കുള്ള ഫിംഗർ എട്ടിലേക്കും ഇന്ത്യ ഫിംഗർ മൂന്നിലെ ധൻസിങ് ഥാപ പോസ്റ്റിലേക്കും പിന്മാറുമെന്നുമാണ് പ്രതിരോധ മന്ത്രി അറിയിച്ചത്. എന്നാൽ ഫിംഗർ നാല് ഇന്ത്യയുടെ ഭൂപ്രദേശമാണെന്നും അവിടെ നിന്ന് എന്തിന് ഫിംഗർ മൂന്നിലേക്ക് മാറുന്നുവെന്നുമാണ് രാഹുൽ ഗാന്ധി ചോദിക്കുന്നത്.ഇന്ത്യൻ ഭൂപ്രദേശം പ്രധാനമന്ത്രി എന്തിന് ചൈനയ്ക്ക് വിട്ടുനൽകിയെന്ന് ചോദിച്ച രാഹുൽ ഇത് നൂറു ശതമാനവും ഭീരുത്വമാണെന്നും പറഞ്ഞു. 'പ്രധാനമന്ത്രി ഒരു ഭീരുവാണ്. ചൈനയ്ക്കെതിരേ നിൽക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. അതാണ് വസ്തുത. നമ്മുടെ സൈന്യത്തിന്റെ ത്യാഗത്തെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ഇന്ത്യൻ സൈന്യം ചൈനയ്‌ക്കെതിരേ നിലകൊള്ളാൻ തയ്യാറാണ്. വ്യോമസേന തയ്യാറാണ്, നാവികസേന തയ്യാറാണ്. പക്ഷേ നമ്മുടെ പ്രധാനമന്ത്രി തയ്യാറല്ല.' രാഹുൽ പറഞ്ഞു.

ചൈനയുടെ മുന്നിൽ നരേന്ദ്ര മോദി തന്റെ ശിരസ്സ് കുനിച്ചു. നമ്മുടെ ഭൂമി ഫിംഗർ 4 വരെയാണ്. ഫിംഗർ 3 മുതൽ ഫിംഗർ 4 വരെയുള്ള ഇന്ത്യൻ ഭൂമിയാണ് പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനൽകിയത്. മറ്റൊന്ന്, തന്ത്രപരമായ ഡെപ്സാങ് മേഖലയിൽ ചൈന അകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതേ കുറിച്ച് പ്രതിരോധ മന്ത്രി ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. നമ്മുടെ പവിത്രഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനൽകിയിരിക്കുകയാണെന്നുള്ളതാണ് സത്യം. ഇക്കാര്യങ്ങളിൽ വ്യക്തത വേണം.' - രാഹുൽ പറഞ്ഞു.

ഘട്ടംഘട്ടമായുള്ള സൈനികപിന്മാറ്റത്തിനാണ് ഇരുരാജ്യവും ധാരണയിലെത്തിയതെന്നും പ്രതിരോധമന്ത്രി പാർലമെന്റിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.പ്രശ്നം പരിഹരിക്കാൻ ഇന്ത്യ ഉപാധികൾക്കൊന്നിനും വഴങ്ങിയിട്ടില്ല. രാജ്യത്തിന്റെ ഒരിഞ്ചുഭൂമിപോലും ആർക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാംഗോങ് തടാകത്തീരങ്ങളിൽനിന്ന് സൈനികർ സംഘടിതമായ പിന്മാറ്റം തുടങ്ങിയതായി ചൈനീസ് പ്രതിരോധമന്ത്രാലയ വക്താവ് കേണൽ വുഖിയാൻ ബുധനാഴ്ച പറഞ്ഞിരുന്നു. ഇതിനുശേഷമാണ് ഇക്കാര്യത്തിൽ പാർലമെന്റിൽത്തന്നെ ഇന്ത്യയുടെ ഔദ്യോഗികപ്രഖ്യാപനം. ഒമ്പതുമാസമായി ഇന്ത്യ-ചൈന അതിർത്തിയിൽ തുടരുന്ന സംഘർഷത്തിനാണ് ഇതോടെ അയവുവന്നത്.