തൃശൂർ: കേരള സന്ദർശനത്തിന്റെ രണ്ടാം ദിവസം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കായി തനത് കേരള ഭക്ഷണത്തിന്റെ രുചിയുമായി മത്സ്യത്തൊഴിലാളികൾ. ചാവക്കാട്ട് മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് രാഹുൽ ഗാന്ധി കപ്പയും മീനും കഴിക്കുന്ന ചിത്രം കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത്.

ഇരുവർക്കുമൊപ്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും മത്സ്യത്തൊഴിലാളി ഭവനത്തിൽ നിന്ന് ഭക്ഷണം കഴിക്കാനെത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനായി ചാവക്കാട്ടെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി ഒരു വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചത്.

ഒപ്പമുണ്ടായിരുന്ന കെപിസിസി പ്രസിഡന്റിനും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമൊക്കെ ഭക്ഷണം പങ്കുവച്ചു കഴിക്കുന്ന രാഹുലിന്റെ വിവിധ ചിത്രങ്ങൾ സുധീരൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനപ്രതിനിധികൾക്കൊപ്പം ആവലാതികൾ കേൾക്കുന്ന രാഹുലിന്റെ ചിത്രവും ഇതിനൊപ്പമുണ്ട്.

ചാവക്കാട്ട് നടക്കുന്ന മത്സ്യത്തൊഴിലാളി സംഗമത്തിൽ പങ്കെടുക്കാനാണ് കോൺഗ്രസ് ഉപാധ്യക്ഷൻ തൃശൂരിലെത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തശേഷം കോഴിക്കോട് നിന്നാണ് രാഹുൽ തൃശൂരിലെത്തിയത്. ഇന്നു രാവിലെ ഒമ്പതോടെയാണ് രാഹുൽ ചാവക്കാട്ടെത്തിയത്. കാർമാർഗമാണ് രാഹുൽ ഇവിടെ എത്തിയത്.

തുടർന്നാണ് ചാവക്കാട് ഫിഷർമെൻ കോളനി അദ്ദേഹം സന്ദർശിച്ചത്. അവിടെ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു. കടപ്പുറത്തെത്തിയ രാഹുലിനെ സേവാദൾ പ്രവർത്തകർ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. പ്രത്യേകം തയ്യാറാക്കിയ നെഹ്രു മണ്ഡപത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തുകയും ചെയ്തു.

കോൺഗ്രസ് ഉപാദ്ധ്യക്ഷൻ ശ്രീ. രാഹുൽ ഗാന്ധി ചാവക്കാട്ട് മത്സ്യത്തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചയും മത്സ്യത്തൊഴിലാളി ഭവനത്തിൽ അവരോടൊപ്പം ഭക്ഷണവും#RahulGandhi #RGVisitKerala

Posted by VM Sudheeran on Wednesday, 27 May 2015