ന്യൂഡൽഹി: കോൺഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കൻ രാഹുൽ ഗാന്ധി പുതുതന്ത്രങ്ങൾ മെനയുകയാണ്. തന്നെയും കോൺഗ്രസിനെയും ബിജെപിയും മോദിയും ചേർന്ന് അപഹസിച്ചതന്റെ അതേവഴിയിൽ തന്നെ തിരിച്ചടിച്ചുകൊണ്ടാണ് രാഹുൽ കോൺഗ്രസിന് വീണ്ടും ഊർജ്ജം നൽകാൻ ശ്രമിക്കുന്നത്. നരേന്ദ്ര മോദിസർക്കാർ രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ സർക്കാറിന്റെ വാഗ്ദാന ലംഘനങ്ങളുടെ ലിസ്റ്റ് തന്നെ എടുത്ത് ബിജെപിക്കെതിരെ ആഞ്ഞടിക്കാനാണ് രാഹുലിന്റെ ശ്രമം. പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന് നൽകിയില്ലെങ്കിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ മതേതര പാർട്ടികളെ അണനിറത്തി മോദിക്കെതിരെ യുദ്ധം ചെയ്യാനാണ് രാഹുൽ ഒരുങ്ങുന്നത്. ഇതിന് അദ്ദേഹം സ്വീകരിക്കുന്നത് ഒരു ആം ആദ്മി ലൈൻ തന്നെയാണ്.

ഭൂമി ഏറ്റെടുക്കൽ ഭേദഗതിബില്ലിൽ കടുംപിടിത്തംനടത്തി കേന്ദ്രസർക്കാർ തുറന്നുകൊടുത്ത രാഷ്ട്രീയപോർമുഖം പരമാവധി ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ്സും പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ശ്രമിക്കുന്നത്. വിദേശത്തെ അജ്ഞാതവാസത്തിനുശേഷം തിരിച്ചെത്തിയ രാഹുൽ പാർലമെന്റിന് അകത്തും പുറത്തും സജീവമാവുകയാണ്. കർഷകർ ദുരിതമനുഭവിക്കുന്ന പഞ്ചാബിലെ ധാന്യസംഭരണകേന്ദ്രങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയ രാഹുൽഗാന്ധി കർഷകപ്രശ്‌നത്തിൽ ബുധനാഴ്ച വീണ്ടും ലോക്‌സഭയിൽ കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ചു. പഞ്ചാബിലേക്ക് തീവണ്ടിയിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ സഞ്ചരിച്ച രാഹുൽ ഇനി കാർഷിക പ്രതിസന്ധി നിലനിൽക്കുന്ന മേഖലകളിൽ പദയാത്രയ്ക്ക് ഒരുങ്ങുകയാണ്.

കിസാൻ പദയാത്ര എന്ന് പേരിട്ടിട്ടുള്ള ഈ യാത്രയിൽ ദിവസവും 15 മുതൽ 18 കിലോമീറ്റർവരെ കാൽനടയായി സഞ്ചരിച്ച് ഗ്രാമങ്ങൾ സന്ദർശിക്കാനാണ് ഉദ്ദേശ്യം വിദർഭയിലോ തെലങ്കാനയിലോ ആയിരിക്കും തുടക്കം. മുമ്പ് ആദിവാസികളുടെ ഭൂമിപ്രശ്‌നത്തിൽ രാഹുൽ ഇടപെട്ട ഒഡിഷയിലെ നിയാമഗിരിയും അദ്ദേഹം സന്ദർശിക്കും. മെയിൽ നടക്കുന്ന എ.ഐ.സി.സി. പ്രത്യേക സമ്മേളനത്തിൽ പാർട്ടി അധ്യക്ഷസ്ഥാനം രാഹുൽഗാന്ധി ഏറ്റെടുക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ആക്രമിക്കുക എന്ന തന്ത്രം തന്നെയാണ് രാഹുൽ പയറ്റുന്നത്. സോഷ്യൽ മീഡിയയിലൂടെ ഊതിവീർപ്പിക്കപ്പെട്ട വ്യക്തിത്വമാണ് മോദിയെന്നും കോർപ്പറേറ്റുകളുടെ സ്വന്തം ആളാണെന്നും ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് രാഹുൽ ഉദ്ദേശിക്കുന്നത്. രാജ്യത്തെ പാവപ്പെട്ടവരേയും കർഷകരേയും അവരുടെ ദുരിതത്തിൽ നരേന്ദ്ര മോദി ഗവൺമെന്റ് സഹായിക്കുന്നില്ലെന്നാണ് ഇന്നലെ രാഹുൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ആരോപിച്ചത്. രണ്ടാഴ്ചയ്ക്കിടെ രാഹുൽ ലോക്‌സഭയിൽ നടത്തുന്ന മൂന്നാമത്തെ പ്രസംഗമാണിത്.

അടുത്ത തവണ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുുമ്പോൾ അദ്ദേഹത്തെ പഞ്ചാബ് സന്ദർശിക്കാനും അവിടുത്തെ സ്ഥിതിഗതികൾ സ്വയം കണ്ട് മനസിലാക്കാനും അനുവദിക്കണമെന്ന് രാഹുൽ പറഞ്ഞു. കൊടുങ്കാറ്റിൽപ്പെട്ട് വിളകൾ നഷ്ടപ്പെട്ട കർഷകർ കരയുമ്പോൾ ഗവൺമെന്റ് യാതൊന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം പഞ്ചാബിലെ അരിമാർക്കറ്റുകളിൽ രാഹുൽ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യയിലെ കർഷകർ ഈ രാജ്യത്തല്ലേ കൃഷി ചെയ്യുന്നതെന്നും ഇത് 'മെയിക്ക് ഇൻ ഇന്ത്യ' അല്ലേയെന്നും രാഹുൽ ചോദിച്ചു. മോദിയുടെ മെയ്‌ക്ക് ഇൻ ഇന്ത്യ കാമ്പയിനെ ഉദ്ദ്യേശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മോദി ഗവൺമെന്റിന്റെ നയങ്ങൾ ധനികരായ വ്യവസായ പ്രമുഖരെ ഉദ്യേശിച്ചുള്ളതാണെന്നും പാവപ്പെട്ടവർക്ക് വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.