- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുപറഞ്ഞു രാഹുൽ അമുൽ ബേബിയാണെന്ന്; കേദാർനാഥിലേക്ക് 16 കിലോമീറ്റർ നടക്കാൻ ഉറച്ച് രാഹുൽ; ആദ്യ ദിനം പിന്നിട്ടത് പത്ത് കിലോമീറ്റർ
ന്യൂഡൽഹി: കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ടും കൽപിച്ചുള്ള പോരാട്ടത്തിലാണ്. കോൺഗ്രസ്സിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന വലിയ ലക്ഷ്യമാണ് രാഹുലിന് മുന്നിലുള്ളത്. രണ്ടുമാസത്തെ അജ്ഞാത വാസത്തിനുശേഷം തിരിച്ചെത്തിയ രാഹുൽ, വർധിത വീര്യത്തോടെ ജനങ്ങളിലേക്ക് ഇറങ്ങിയതും ഈ ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ടാണ്. തന്നെ അമൂൽ ബേബി

ന്യൂഡൽഹി: കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ടും കൽപിച്ചുള്ള പോരാട്ടത്തിലാണ്. കോൺഗ്രസ്സിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന വലിയ ലക്ഷ്യമാണ് രാഹുലിന് മുന്നിലുള്ളത്. രണ്ടുമാസത്തെ അജ്ഞാത വാസത്തിനുശേഷം തിരിച്ചെത്തിയ രാഹുൽ, വർധിത വീര്യത്തോടെ ജനങ്ങളിലേക്ക് ഇറങ്ങിയതും ഈ ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ടാണ്. തന്നെ അമൂൽ ബേബിയെന്നുവരെ വിളിച്ച് അപഹസിച്ചവർക്ക് മുന്നിൽ പ്രസരിപ്പോടെ ജനങ്ങളെ നയിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ഇതിന്റെ ആദ്യ പടിയെന്നോണം രാഹുൽ ഹിമാലയ യാത്രയ്ക്ക് തുടക്കമിട്ടു. ഗൗരീകുണ്ഡിൽനിന്നും കേദാർനാഥിലേക്കാണ് ട്രക്കിങ്. ആദ്യദിനം കാൽനടയായി പത്തുകിലോമീറ്ററോളം താണ്ടിയ രാഹുലും സംഘവും ഇന്ന് ശേഷിച്ച ഏഴ് കിലോമീറ്ററും പിന്നിട്ട് കേദാർനാഥിലെത്തും. വ്യാഴാഴ്ച ലിഞ്ചോളിയിലാണ് രാഹുലും സംഘവും രാത്രിതാമസിച്ചത്.
കേദാർനാഥ് ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കുന്നതിനാണ് രാഹുൽ കാൽനടയായി ക്ഷേത്രത്തിലെത്തിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, എഐസിസി ജനറൽ സെക്രട്ടറി അംബികാ സോണി എന്നിവരും രാഹുലിന്റെ സംഘത്തിലുണ്ട്. വ്യാഴാഴ്ച ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിലെത്തിയ രാഹുലും സംഘവും അവിടെനിന്ന് ഗൗരൂകുണ്ഡിലേക്ക് ഹെലിക്കോപ്ടറിലാണ് സഞ്ചരിച്ചത്.
2013-ലുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ കേദാർനാഥിലും ഉത്തരാഖണ്ഡിലെ മറ്റുഭാഗങ്ങളിലും സർക്കാർ കൈക്കൊണ്ട പുനരുദ്ധാരണ നടപടികൾ രാഹുൽ വിലയിരുത്തുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. തീർത്ഥാടകർക്കായി സീസണിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തും.
ന്യൂനപക്ഷ പ്രീണനമാണ് കോൺഗ്രസ്സിന്റെ തോൽവിക്ക് കാരണമായതെന്ന വാദം പാർട്ടിക്കുള്ളിൽത്തന്നെ ശക്തമാണ്. കോൺഗ്രസ്സിനെതിരായ ഈ വാദത്തെ ഖണ്ഡിക്കാനാണ് രാഹുലിന്റെ തിടുക്കത്തിലുള്ള കേദാർ നാഥ് സന്ദർശനമെന്നും വിലയിരുത്തപ്പെടുന്നു. എല്ലാവരുടെയും നേതാവ് എന്ന തലത്തിലേക്ക് മാറാനുള്ള നീക്കവും ഇതിന് പിന്നിലുണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്.

