ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണം കോൺഗ്രസിനെ തന്നെ തിരിഞ്ഞു കുത്തുന്നു. കോൺഗ്രസ് പുറത്തുവിട്ട സഹാറാ ഗ്രൂപ്പിൽ നിന്നും കോഴ വാങ്ങിയവരുടെ കൂട്ടിത്തിൽ മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ പേരും ഉൾപ്പെട്ടതാണ് കോൺഗ്രസിന് തന്നെ തിരിച്ചടിയായത്.

മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഷീല ഒരു കോടി കൈപ്പറ്റിയെന്നാണ് കോൺഗ്രസ് തന്നെ പുറതത്തുവിട്ട പട്ടികയിൽ പറയുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സഹാറ ഗ്രൂപ്പിൽ നിന്നും കോടികൾ കോഴ വാങ്ങിയെന്ന പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് കോൺഗ്രസ് കോഴ വാങ്ങിയവരുടെ പട്ടിക പുറത്തുവിട്ടത്. 2013 സെപ്റ്റംബർ 23ന് സഹാറാ ഗ്രൂപ്പ് ഷീലയ്ക്ക് ഒരു കോടി നൽകിയെന്നാണ് രേഖകളിൽ. 2013 ഡിസംബർ വരെ ഷീല ആയിരുന്നു ഡൽഹി മുഖ്യമന്ത്രി. പണം വാങ്ങിയ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിമാരുടെ വിവരങ്ങളും പട്ടികയിലുണ്ട്.

2013 സെപ്റ്റംബർ 29നും ഒക്ടോബർ ഒന്നിനും മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് അഞ്ച് കോടി വിതം നൽകി. ഭോപ്പാലിൽ വച്ചാണ് പണം കൈമാറിയത്. അന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്നത് ശിവരാജ് സിങ് ചൗഹാനും. ഡൽഹി വച്ച് 2013 ഒക്ടോബർ ഒന്നിന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിക്ക് നാല് കോടി നൽകിയെന്നും പട്ടികയിൽ പറയുന്നു.

2014 ഫെബ്രുവരിയിൽ മൂന്ന് തവണകളിലായി 'ബിജെപി ഓഫീസിലെ' അരുൺ ജെയ്ൻ എന്ന വ്യക്തിക്ക് 15 കോടി നൽകി. ബിജെപി നേതാവ് ഷൈന എൻസിക്ക് അഞ്ച് കോടി കൈപ്പറ്റിയിട്ടുണ്ട്. 2013 സെപ്റ്റംബറിലും 2014 ജനുവരിയിലും നാല് തവണകളായിട്ടാണ് സഹാറാ ഗ്രൂപ്പ് ഷൈനയ്ക്ക് പണം നൽകിയത്.

മോദി ഏഴ് തവണകളിലായി അഞ്ച് കോടി രൂപ വിതവും രണ്ട് തവണകളിലായി രണ്ടര കോടി രൂപയും സഹാറാ ഗ്രൂപ്പിൽ നിന്നും വാങ്ങിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ആദായ നികുതി വകുപ്പിന്റെ കൈവശം ഇതിന്റെ രേഖകളുണ്ട്. രണ്ടര വർഷമായിട്ടും ഇതിൽമേൽ നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ല. 2014 നവംബർ 22ന് സഹാറാ ഗ്രൂപ്പിൽ നടത്തിയ റെയ്ഡിലാണ് കോഴ നൽകിയതിന്റെ രേഖകൾ അധികൃതർക്ക് ലഭിച്ചതെന്നും രാഹുൽ പറഞ്ഞിരുന്നു. എന്നാൽ, രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണത്തെ പരിഹസിച്ചു കൊണ്ടാണ് മോദി മറുപടി നൽകിയിരിക്കുന്നത്.