- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇത് കർഷകരുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനുള്ള പ്രസ് കോൺഫറൻസാണ്; ഈ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിക്കരുത്' ഉത്തർപ്രദേശ് വിഷയത്തെ കുറിച്ചുള്ള പത്രസമ്മേളനത്തിൽ മറ്റ് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകനെ ഉപദേശിച്ച് രാഹുൽ ഗാന്ധി
ലഖ്നൗ: ലഖിംപൂരിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കാൻ വിളിച്ച പ്രസ് കോൺഫറൻസിൽ മറ്റ് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകനെ തിരുത്തി രാഹുൽഗാന്ധി. ദയവായി വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ശ്രമിക്കരുതെന്ന് രാഹുൽ പിടിഐയുടെ ലേഖകനോട് ആവശ്യപ്പെട്ടു.
'' ദയവ് ചെയ്ത് മനസ്സിലാക്കണം ഇത് കർഷകരുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനുള്ള പ്രസ് കോൺഫറൻസാണ്, യു.പിയിൽ നടന്ന കൊലപാതകത്തെക്കുറിച്ച് സംസാരിക്കാനാണ്. നിങ്ങളതിൽ നിന്ന് ശ്രദ്ധ തിരിക്കരുതെന്നാണ് ഞാൻ നിർദ്ദേശിക്കുന്നത്, ഞാൻ അതിനെക്കുറിച്ച് സംസാരിക്കാനാണ് വന്നത്. കർഷകരെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ ഞാൻ സ്വാഗതം ചെയ്യുന്നു,'' രാഹുൽ മാധ്യമപ്രവർത്തകനോട് പറഞ്ഞു.
പ്രസ് കോൺഫറൻസിൽ ആദ്യ ചോദ്യം ചോദിച്ച പി.ടി.ഐയുടെ ലേഖകനാണ് വിഷയത്തിന് പുറത്തുള്ള ചോദ്യം ചോദിച്ചത്. കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ യുപി സർക്കാർ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് രാഹുൽ മാധ്യമങ്ങളോട് സംസാരിച്ചത്. ലഖിംപൂരിൽ കർഷകർക്ക് നേരെ നടന്നത് സർക്കാർ ആക്രമണമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരെ ജീപ്പ് കയറ്റി കൊല്ലുകയും ആസൂത്രിതമായി കർഷകരെ തകർക്കുകയുമാണ്. കോൺഗ്രസ് സംഘം കർഷകരുടെ കുടുംബത്തെ കാണുമെന്നും മൂന്ന് നേതാക്കളാണ് ലഖിംപൂരിലേക്ക് പോകുന്നതെന്നും രാഹുൽ പറഞ്ഞു.
144 ആണെങ്കിലും മൂന്ന് പേർക്ക് പോകാമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലഖ്നൗവിൽ എത്തിയിട്ടും ലഖിംപൂരിൽ പോകാതിരുന്നതിനെപ്പറ്റിയും രാഹുൽ ചോദിച്ചു.
അതേസമയം, ലഖിംപൂരിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നിരുന്നു. കർഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളിൽ മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആശിഷ് മിശ്ര കർഷകർക്ക് നേരെ വെടിയുതിർത്തതായും എഫ്.ഐ.ആറിൽ പറയുന്നു. കർഷകർക്കെതിരെ നടന്ന ആക്രമണം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
എന്നാൽ, മന്ത്രിയുടെ മകനെതിരെ ഇത്രയധികം തെളിവ് ലഭിച്ചിട്ടും ഇയാളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.കർഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.സമാധാനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കർഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന എസ്യുവിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ