- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിയെക്കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി വ്യാപം അഴിമതി കാണുന്നില്ലേ എന്ന് രാഹുൽ ഗാന്ധി; മോദിക്കെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ
ന്യൂഡൽഹി: വിവിധ അഴിമതി വിവാദങ്ങൾക്കു പിന്നാലെ ബിജെപി സർക്കാരിനെ അടിക്കാൻ പുതിയൊരു വടി കൂടി കിട്ടിയ സന്തോഷത്തിലാണ് കോൺഗ്രസ്. മധ്യപ്രദേശിലെ വ്യാപം അഴിമതിയും ദുരൂഹമരണങ്ങളും അന്വേഷിക്കാൻ സിബിഐയെ നിയോഗിച്ച സുപ്രീം കോടതി ഉത്തരവും കോൺഗ്രസിനാണ് മൈലേജ് നൽകിയത്. വ്യാപം അഴിമതിക്കേസിൽ കോൺഗ്രസാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്ത

ന്യൂഡൽഹി: വിവിധ അഴിമതി വിവാദങ്ങൾക്കു പിന്നാലെ ബിജെപി സർക്കാരിനെ അടിക്കാൻ പുതിയൊരു വടി കൂടി കിട്ടിയ സന്തോഷത്തിലാണ് കോൺഗ്രസ്. മധ്യപ്രദേശിലെ വ്യാപം അഴിമതിയും ദുരൂഹമരണങ്ങളും അന്വേഷിക്കാൻ സിബിഐയെ നിയോഗിച്ച സുപ്രീം കോടതി ഉത്തരവും കോൺഗ്രസിനാണ് മൈലേജ് നൽകിയത്.
വ്യാപം അഴിമതിക്കേസിൽ കോൺഗ്രസാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നത്. ആദ്യം ഇൗ ആവശ്യം കേന്ദ്രസർക്കാർ നിഷേധിക്കുകയാണുണ്ടായത്. എന്നാൽ, ഇതിനു പിന്നാലെയാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇതോടെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തു. ഒരിക്കൽ അഴിമതിയെക്കുറിച്ച് വാചാലനായ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിൽ നടന്ന നിയമന കുംഭകോണം കാണുന്നില്ലേയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ചോദിച്ചു. വ്യാപം അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. മുൻപ് പ്രധാനമന്ത്രി പറഞ്ഞത് താൻ അഴിമതി കാണിക്കുകയോ അഴിമതി നടത്താൻ അനുവദിക്കുകയോ ഇല്ലെന്നാണ്. എന്നാൽ, മോദിയുടെ വാക്കുകൾക്കു വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മോദിയുടെ വാക്കുകൾക്ക് അൽപം കൂടി ബലം നൽകേണ്ടതുണ്ടെന്നും രാഹുൽ പറഞ്ഞു.
ബിജെപിക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളിലെല്ലാം അഴിമതി നടമാടുകയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും എന്താണ് നടക്കുന്നത്? അവിടെയുള്ള താങ്കളുടെ സഹപ്രവർത്തകരെ തുടരാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണ്? സാമ്പത്തിക കുറ്റവാളിയായ ലളിത് മോദിയെ തിരികെ ഇന്ത്യയിൽ കൊണ്ടുവരാത്തത് എന്തു കൊണ്ടാണെന്നും രാഹുൽ ചോദിച്ചു. മധ്യപ്രദേശിലെ അഴിമതിയുടെയും ദുരൂഹ മരണങ്ങളുടെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രാജിവയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

